വാഷിങ്ടൺ: വെള്ളിയാഴ്ച പുലർച്ചെ ടെക്സസ് ഹിൽ കൺട്രിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 43 ആയി ഉയർന്നതായി റിപ്പോർട്ട്. കാണാതായ വിദ്യാർഥിനികൾ ഉൾപ്പെടെ 27 പേരെ കാണാതായി. മരിച്ചവരിൽ 28 മുതിർന്നവരും 15 കുട്ടികളും ഉൾപ്പെടുന്നുവെന്ന് അധികൃതർ പറഞ്ഞു. ഗ്വാഡലൂപ്പ് നദിക്കരയിലുള്ള വേനൽക്കാല ക്യാമ്പിലെ 27 പെൺകുട്ടികളും കാണാതായവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ അധികൃതർ റിപ്പോർട്ട് ചെയ്തിരുന്നു.
ക്യാമ്പിലുള്ളവരിൽ ചിലർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സഹായത്തിനായി എത്താൻ കഴിയുന്നില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സാൻ അന്റോണിയോയിൽ നിന്ന് 70 മൈൽ വടക്ക് സ്ഥിതി ചെയ്യുന്ന ഹിൽ കൺട്രി മേഖലയിലെ നിരവധി കൗണ്ടികളെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു. ഇതുവരെ 850-ലധികം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പലരെയും ഹെലികോപ്റ്ററുകളുടെ സഹായത്തോടെയാണ് പുറത്തെത്തിച്ചത്.