• Sun. Aug 16th, 2026

24×7 Live News

Apdin News

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Byadmin

Aug 16, 2026



മേരിക്കന്‍ യാത്രകള്‍ പലപ്പോഴും പ്രവാസി സമൂഹവുമായുള്ള കൂടിക്കാഴ്ചകളിലും സൗഹൃദസംഗമങ്ങളിലും ഒതുങ്ങാറുണ്ട്. എന്നാല്‍ തിരുവനന്തപുരം മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ഇത്തവണത്തെ അമേരിക്കന്‍ സന്ദര്‍ശനം അതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. തിരുവനന്തപുരത്തിന്റെ ഭാവി നഗരവികസനത്തിന് ഉപയോഗിക്കാവുന്ന ആശയങ്ങളും സാങ്കേതികവിദ്യകളും പങ്കാളിത്ത സാധ്യതകളും തേടിയുള്ള ഒരു പഠനയാത്ര എന്ന നിലയിലാണ് നഗരപിതാവ് ഈ സന്ദര്‍ശനത്തെ കാണുന്നത്.

അമേരിക്കയിലെ വിവിധ നഗരങ്ങളിലെ മേയര്‍മാര്‍, നഗരഭരണാധികാരികള്‍, സാങ്കേതിക വിദഗ്ധര്‍, ആരോഗ്യരംഗത്തെ പ്രമുഖര്‍, ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍, പ്രവാസി സമൂഹം എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളില്‍ നിന്ന് നിരവധി പുതിയ ആശയങ്ങളാണ് ഉയര്‍ന്നുവന്നത്. മിസോറി സിറ്റിയുമായി സിസ്റ്റര്‍ സിറ്റി ബന്ധം, ഹാരിസ് കൗണ്ടിയുമായി സാങ്കേതിക സഹകരണം, സ്റ്റാഫോര്‍ഡുമായി നഗരഭരണ ഐ.ടി. മേഖലകളിലെ പങ്കാളിത്തം, നഗരത്തിലെ വസ്തുനികുതി കുടിശ്ശിക പിരിവിന് എഐ ഉപയോഗിച്ചുള്ള പൈലറ്റ് പദ്ധതി, ആധുനിക മാലിന്യസംസ്‌കരണ മാതൃകകള്‍, പ്രതിരോധ കാര്‍ഡിയോളജി- ഓങ്കോളജി മേഖലകളിലെ പുതിയ ആരോഗ്യസംരംഭങ്ങള്‍, ഇന്ത്യന്‍ എംബസിയുമായി സാംസ്‌കാരിക വിനിമയം ഇങ്ങനെ പല സാധ്യതകളാണ് യാത്രയില്‍ ചര്‍ച്ചയായത്.

എന്നാല്‍ ഇവയെല്ലാം പ്രഖ്യാപനങ്ങളായി മാത്രം അവശേഷിക്കരുതെന്നാണ് മേയര്‍ പറയുന്നത്. ”എത്ര പേരെ കണ്ടു എന്നതല്ല, ആ കൂടിക്കാഴ്ചകളില്‍ നിന്ന് തിരുവനന്തപുരത്തിന് എന്ത് ലഭിച്ചു എന്നതാണ് പ്രധാനപ്പെട്ടത്” എന്നതാണ് നിലപാട്. അതുകൊണ്ടുതന്നെ അമേരിക്കയില്‍ നടന്ന ഓരോ പ്രധാന ചര്‍ച്ചയ്‌ക്കും തുടര്‍നടപടി ഉറപ്പാക്കാനും, പദ്ധതികള്‍ക്ക് സമയപരിധി നിശ്ചയിക്കാനും, ഉത്തരവാദിത്തങ്ങള്‍ വീതിക്കാനും മേയര്‍ ലക്ഷ്യമിടുന്നു.

അമേരിക്കന്‍ അനുഭവങ്ങളെ അതേപടി തിരുവനന്തപുരത്ത് പകര്‍ത്തുകയല്ല, നമ്മുടെ നഗരത്തിന്റെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ മികച്ച മാതൃകകള്‍ കണ്ടെത്തി പ്രായോഗികമാക്കുക എന്നതാണ് ലക്ഷ്യം. 30, 60, 90 ദിവസങ്ങളിലായി വ്യക്തമായ പ്രവര്‍ത്തനപദ്ധതി തയ്യാറാക്കി, ആശയങ്ങളെ പൈലറ്റ് പദ്ധതികളിലേക്കും അവിടെനിന്ന് നഗരത്തില്‍ കാണാവുന്ന മാറ്റങ്ങളിലേക്കും കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മേയര്‍.

”അമേരിക്കന്‍ സന്ദര്‍ശനം അവിടെ അവസാനിച്ചിട്ടില്ല. അതിന്റെ യഥാര്‍ത്ഥ തുടക്കം ഇനി തിരുവനന്തപുരത്താണ്” എന്ന വാക്കുകളിലാണ് വി.വി. രാജേഷ് തന്റെ അമേരിക്കന്‍ യാത്രയുടെ തുടര്‍ലക്ഷ്യം വ്യക്തമാക്കുന്നത്.

തിരുവനന്തപുരം മേയര്‍ വി.വി രാജേഷ് സ്റ്റാഫോര്‍ഡ് മേയര്‍ കെന്‍ മാത്യുവിനൊപ്പം

അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം എന്താണ് ഇനി ചെയ്യാന്‍ പോകുന്നത്?

= അമേരിക്കന്‍ സന്ദര്‍ശനം വളരെ പ്രയോജനകരമായിരുന്നു. പല നഗരങ്ങളിലെ മേയര്‍മാരെയും ഭരണാധികാരികളെയും സാങ്കേതിക വിദഗ്ധരെയും ആരോഗ്യരംഗത്തെ പ്രമുഖരെയും കാണാനും ആശയങ്ങള്‍ പങ്കുവയ്‌ക്കാനും കഴിഞ്ഞു. പക്ഷേ, ഇത്തരം സന്ദര്‍ശനങ്ങളുടെ വിജയം എത്ര പേരെ കണ്ടു എന്നതിലല്ല. അവിടെ നടന്ന ചര്‍ച്ചകളില്‍ നിന്ന് നമ്മുടെ നഗരത്തിന് എന്ത് പ്രയോജനം ഉണ്ടാക്കാന്‍ കഴിയുന്നു എന്നതിലാണ്.

അതുകൊണ്ട് അവിടെ നടത്തിയ ഓരോ പ്രധാന ചര്‍ച്ചയും ഇനി ഒരു തുടര്‍നടപടിയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ആരാണ് അത് ചെയ്യേണ്ടത്, എന്താണ് ചെയ്യേണ്ടത്, എപ്പോഴേക്കാണ് ചെയ്യേണ്ടത് എന്നൊക്കെ വ്യക്തമായി നിശ്ചയിക്കും.

മിസോറി സിറ്റിയുമായുള്ള ബന്ധത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ടല്ലോ?

= തീര്‍ച്ചയായും. മിസോറി സിറ്റി മേയര്‍ റോബിന്‍ ഏലക്കാട്ടുമായി നടത്തിയ ചര്‍ച്ച വളരെ സൗഹൃദപരവും കാര്യമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. തിരുവനന്തപുരം മിസോറി സിറ്റി സിസ്റ്റര്‍ സിറ്റി ബന്ധം സ്ഥാപിക്കാനുള്ള സാധ്യത ഞങ്ങള്‍ ഗൗരവമായി പരിഗണിക്കുന്നുണ്ട്.

ഇത് വെറുമൊരു പേരിലുള്ള ബന്ധമാകരുത്. നഗരഭരണം, ഐ.ടി., അക, പൊതുജനാരോഗ്യം, മാലിന്യസംസ്‌കരണം, സാംസ്‌കാരിക വിനിമയം, യുവജനവിദ്യാഭ്യാസ മേഖലകള്‍ തുടങ്ങി പ്രായോഗികമായി സഹകരിക്കാന്‍ കഴിയുന്ന മേഖലകള്‍ കണ്ടെത്തണം. ഇരു നഗരങ്ങളിലെയും പ്രതിനിധി സംഘങ്ങളുടെ പരസ്പര സന്ദര്‍ശനവും അതിന്റെ ഭാഗമാകാം.

സിസ്റ്റര്‍ സിറ്റി ബന്ധം എങ്ങനെ യാഥാര്‍ഥ്യമാക്കും?

= ആദ്യം ഇരു നഗരങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തമ്മില്‍ ബന്ധപ്പെടണം. ഒരു ഫോക്കല്‍ പോയിന്റിനെ വീതം നിശ്ചയിച്ച് കാര്യങ്ങള്‍ ഏകോപിപ്പിക്കും. എന്തൊക്കെ മേഖലകളിലാണ് ആദ്യം സഹകരിക്കേണ്ടതെന്ന് തീരുമാനിക്കും. അതിന്റെ അടിസ്ഥാനത്തില്‍ ഒരു ചെറിയ പ്രവര്‍ത്തനരേഖ തയ്യാറാക്കും.

തുടര്‍ന്ന് ആവശ്യമായ ഭരണപരവും നിയമപരവുമായ നടപടികള്‍ പൂര്‍ത്തിയാക്കും. കൗണ്‍സില്‍ തലത്തിലുള്ള അംഗീകാരം ആവശ്യമാണെങ്കില്‍ അതും നേടും. ഒടുവില്‍ ധാരണാപത്രത്തില്‍ എത്തുക മാത്രമല്ല, അതിനൊപ്പം ആദ്യഘട്ടത്തില്‍ തന്നെ രണ്ടോ മൂന്നോ പദ്ധതികള്‍ തുടങ്ങാനാണ് എന്റെ ആഗ്രഹം.

അമേരിക്കന്‍ നഗരങ്ങളുമായുള്ള സഹകരണത്തില്‍ എഐക്ക് വലിയ പ്രാധാന്യമുണ്ടോ?

= തീര്‍ച്ചയായും. ഇപ്പോള്‍ നഗരഭരണത്തില്‍ എഐ എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. പൗരന്മാരുടെ പരാതികള്‍ വേഗത്തില്‍ കൈകാര്യം ചെയ്യുന്നത് മുതല്‍ വിവിധ സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നത് വരെ എഐ ഉപയോഗിക്കാം.

എന്നാല്‍ വലിയൊരു പദ്ധതി പ്രഖ്യാപിച്ച് തുടങ്ങുന്നതിനു പകരം ആദ്യം ചെറിയൊരു പൈലറ്റ് ചെയ്യുകയാണ് നല്ലത്. അത് വിജയിച്ചാല്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാം. മിസോറി സിറ്റിയുമായും ഹാരിസ് കൗണ്ടിയുമായും ഇത്തരം സാധ്യതകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.

വസ്തുനികുതി കുടിശ്ശിക പിരിവില്‍ അക ഉപയോഗിക്കാനുള്ള പദ്ധതിയും ചര്‍ച്ച ചെയ്തിരുന്നല്ലോ?

= അതെ. നഗരത്തിന് വളരെ പ്രായോഗികമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു മേഖലയാണിത്. കുടിശ്ശികയുള്ള കേസുകള്‍ തിരിച്ചറിയാനും, അവയുടെ മുന്‍ഗണന നിശ്ചയിക്കാനും ഉദ്യോഗസ്ഥര്‍ക്ക് സഹായകരമായ ഒരു അക അധിഷ്ഠിത സംവിധാനം പരീക്ഷിക്കാനാണ് ആലോചിക്കുന്നത്.

ആദ്യഘട്ടത്തില്‍ യഥാര്‍ത്ഥ ഡാറ്റ മുഴുവന്‍ ഉപയോഗിക്കില്ല. അംഗീകരിച്ച സാമ്പിള്‍ ഡാറ്റയോ സിന്തറ്റിക് ഡാറ്റയോ ഉപയോഗിച്ച് ഒരു പ്രോട്ടോടൈപ്പ് തയ്യാറാക്കും. ഏത് കേസുകള്‍ക്ക് ആദ്യം ശ്രദ്ധ നല്‍കണം, എവിടെയാണ് വിവരങ്ങളുടെ കുറവ്, ഏത് കേസുകള്‍ക്ക് കൂടുതല്‍ പരിശോധന ആവശ്യമുണ്ട് തുടങ്ങിയ കാര്യങ്ങളില്‍ ഈ സംവിധാനം സഹായിക്കണം.

അവസാന തീരുമാനം എടുക്കുന്നത് ഉദ്യോഗസ്ഥര്‍ തന്നെയായിരിക്കും. എഐ ഒരു സഹായക സംവിധാനമായിരിക്കും; നിയമപരമായ നടപടികള്‍ മനുഷ്യരുടെ നിയന്ത്രണത്തില്‍ തന്നെ തുടരും.

ഹാരിസ് കൗണ്ടിയുമായുള്ള ചര്‍ച്ചയില്‍ എന്താണ് പ്രധാനമായി ഉയര്‍ന്നത്?

= ഹാരിസ് കൗണ്ടിക്ക് നഗരഭരണത്തിലും സാങ്കേതികവിദ്യയിലും വലിയ അനുഭവമുണ്ട്. ഡിജിറ്റല്‍ ഗവണ്‍മെന്റ്, എഐ, GIS, സൈബര്‍ സുരക്ഷ, അടിയന്തര മാനേജ്‌മെന്റ്, പൊതുജനാരോഗ്യം, മാലിന്യസംസ്‌കരണം തുടങ്ങിയ പല മേഖലകളിലും പരസ്പരം പഠിക്കാന്‍ കഴിയും.

പക്ഷേ എല്ലാം ഒരുമിച്ച് ചെയ്യാന്‍ ശ്രമിക്കേണ്ടതില്ല. ആദ്യം ഒന്നോ രണ്ടോ മേഖലകള്‍ തിരഞ്ഞെടുത്ത് ഒരു പ്രായോഗിക പദ്ധതി തുടങ്ങുകയാണ് ഉചിതം. അതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി വീണ്ടും ഓണ്‍ലൈന്‍ ചര്‍ച്ച നടത്തും.

സ്റ്റാഫോര്‍ഡ് സിറ്റിയുമായുള്ള സഹകരണത്തിന്റെ സാധ്യത എങ്ങനെ കാണുന്നു?

= സ്റ്റാഫോര്‍ഡുമായും നല്ല സാധ്യതകളാണ് കാണുന്നത്. പ്രത്യേകിച്ച് ഐടിയിലും നഗരഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പരസ്പരം പഠിക്കാന്‍ കഴിയും. അവരുടെ സിറ്റി കൗണ്‍സിലിന് മുന്നില്‍ വയ്‌ക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു ചെറിയ നിര്‍ദേശം തയ്യാറാക്കും.

ആദ്യഘട്ടത്തില്‍ വലിയ സാമ്പത്തിക ബാധ്യതയില്ലാത്ത ഒരു പൈലറ്റ് പദ്ധതി ആരംഭിച്ചാല്‍ അതിന്റെ ഫലം കണ്ടശേഷം അടുത്ത ഘട്ടത്തിലേക്ക് പോകാം.

മാലിന്യസംസ്‌കരണ മേഖലയിലെ അമേരിക്കന്‍ അനുഭവം തിരുവനന്തപുരത്തിന് എങ്ങനെ ഉപയോഗപ്പെടുത്താം?

= മാലിന്യസംസ്‌കരണം തിരുവനന്തപുരം നേരിടുന്ന പ്രധാന വിഷയങ്ങളിലൊന്നാണ്. അമേരിക്കയില്‍ കണ്ട സംവിധാനങ്ങളില്‍ നിന്ന് നമ്മുടെ സാഹചര്യത്തിന് അനുയോജ്യമായ കാര്യങ്ങള്‍ പഠിക്കുകയാണ് ലക്ഷ്യം.

പ്ലാന്റിന്റെ ശേഷി, ഭൂമിയുടെ ആവശ്യം, മാലിന്യത്തിന്റെ സ്വഭാവം, സംസ്‌കരണ സാങ്കേതികവിദ്യ, ചെലവ്, പുനരുപയോഗ സാധ്യതകള്‍, ദുര്‍ഗന്ധവും മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങളും എങ്ങനെ നിയന്ത്രിക്കുന്നു തുടങ്ങിയ കാര്യങ്ങളില്‍ വിദഗ്ധരുമായി സംസാരിക്കും.

ആദ്യം ഒരു ഓണ്‍ലൈന്‍ സാങ്കേതിക ചര്‍ച്ച നടത്തും. അതിനുശേഷം തിരുവനന്തപുരത്തിന് യോജിച്ച രണ്ടോ മൂന്നോ സാധ്യതകള്‍ പരിശോധിച്ച് മുന്നോട്ടുപോകാം.

ആരോഗ്യരംഗത്തും ഒരു വലിയ ആശയം മുന്നോട്ടുവയ്‌ക്കുന്നുണ്ടല്ലോ?

= അതെ. പ്രതിരോധ കാര്‍ഡിയോളജി, ഓങ്കോളജി എന്നീ മേഖലകളില്‍ തിരുവനന്തപുരത്ത് എന്ത് ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ട്.

ഇത് ഒരു ആശുപത്രി തുടങ്ങുക എന്നതില്‍ മാത്രം ഒതുങ്ങുന്ന ആശയമല്ല. രോഗം വന്നശേഷം ചികിത്സിക്കുന്നതിനൊപ്പം രോഗപ്രതിരോധത്തിനും നേരത്തെയുള്ള രോഗനിര്‍ണയത്തിനും പ്രാധാന്യം നല്‍കുന്ന ഒരു മാതൃകയെക്കുറിച്ചാണ് ആലോചിക്കുന്നത്.

ആരോഗ്യരംഗത്തെ വിദഗ്ധര്‍, ഡോക്ടര്‍മാര്‍, ആശുപത്രി ഭരണകൂടം, പൊതുജനാരോഗ്യ വിദഗ്ധര്‍, ആസൂത്രണധനകാര്യ മേഖലകളിലെ ആളുകള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ഒരു ചെറിയ സംഘം രൂപീകരിക്കണം. ആദ്യം വിദഗ്ധരില്‍ നിന്ന് ഒരു പ്രാഥമിക ആശയരേഖ വാങ്ങി അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ചര്‍ച്ച നടത്തും.

ഡോ. എം.വി. പിള്ളയുമായുള്ള ബന്ധത്തിന് എന്താണ് തുടര്‍ച്ച?

= ഡോ. എം.വി. പിള്ളയുമായി നടത്തിയ കൂടിക്കാഴ്ചകള്‍ വളരെ വിലപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ അനുഭവവും അമേരിക്കയിലെ സ്ഥാപനങ്ങളുമായുള്ള ബന്ധങ്ങളും തിരുവനന്തപുരത്തിന് പ്രയോജനപ്പെടുത്താന്‍ കഴിയണം.
അടുത്തതായി ഏത് സ്ഥാപനങ്ങളുമായി ബന്ധപ്പെടണം, ഏത് കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം, ആരോഗ്യഅക്കാദമിക് മേഖലയില്‍ എന്ത് മാതൃക സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശം തേടും.

ഇന്ത്യന്‍ എംബസിയുമായുള്ള സാംസ്‌കാരിക സഹകരണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകും?

= വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിയുമായി നടത്തിയ ചര്‍ച്ചയില്‍ സാംസ്‌കാരിക വിനിമയത്തിന് നല്ല സാധ്യതകളുണ്ടെന്ന് മനസ്സിലായി. തിരുവനന്തപുരത്തിന്റെ കലയും സംസ്‌കാരവും അമേരിക്കയില്‍ കൂടുതല്‍ പരിചയപ്പെടുത്തുന്നതിനും അമേരിക്കന്‍ നഗരങ്ങളുമായി സാംസ്‌കാരിക ബന്ധം ശക്തമാക്കുന്നതിനും ഇത് ഉപയോഗിക്കാം.

കഥകളി, കളരിപ്പയറ്റ് പോലുള്ള കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍, സാംസ്‌കാരിക വാരങ്ങള്‍, പൈതൃകമ്യൂസിയം സഹകരണം, യുവജനവിദ്യാഭ്യാസ പരിപാടികള്‍ തുടങ്ങിയവയെക്കുറിച്ച് ആലോചിക്കാം. ഇതിന് അനുയോജ്യമായ സ്ഥാപനങ്ങളുമായി ബന്ധപ്പെടാന്‍ എംബസിയുടെ മാര്‍ഗനിര്‍ദേശവും തേടും.

ഇത്രയധികം പദ്ധതികള്‍ ഒരേസമയം മുന്നോട്ടുകൊണ്ടുപോകുന്നത് എളുപ്പമല്ലല്ലോ. അതിനായി എന്താണ് സംവിധാനം?

= അതാണ് ഇപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അമേരിക്കയില്‍ പോയി തിരികെ വന്നിട്ട് എല്ലാം പഴയപോലെ ആയാല്‍ ഈ സന്ദര്‍ശനത്തിന് വലിയ അര്‍ത്ഥമുണ്ടാകില്ല. അതുകൊണ്ട് ഒരു ചെറിയ എക്‌സിക്യൂഷന്‍ ടീം രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഏകദേശം 5 മുതല്‍ 8 വരെ പേരടങ്ങുന്ന സംഘമായിരിക്കും ഇത്. കത്തുകള്‍ തയ്യാറാക്കല്‍, അമേരിക്കന്‍ സ്ഥാപനങ്ങളുമായി തുടര്‍ബന്ധം, ഡോക്യുമെന്റേഷന്‍, സാങ്കേതിക ഏകോപനം, ഡാറ്റ ശേഖരണം, ഓരോ പദ്ധതിയുടെയും പുരോഗതി പരിശോധിക്കല്‍ തുടങ്ങിയ ചുമതലകള്‍ വ്യക്തമായി നല്‍കും. ഓരോ കാര്യത്തിനും ഒരാള്‍ക്ക് വ്യക്തമായ ഉത്തരവാദിത്തം ഉണ്ടായിരിക്കണം.

തുടര്‍ നടപടികളായി എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്?

= ആദ്യം അമേരിക്കയില്‍ കണ്ടുമുട്ടിയ എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക കത്തുകള്‍ അയയ്‌ക്കും. മിസോറി സിറ്റി സിസ്റ്റര്‍ സിറ്റി ബന്ധത്തിന്റെ പ്രവര്‍ത്തനരേഖ തയ്യാറാക്കും. സ്റ്റാഫോര്‍ഡിനുള്ള നിര്‍ദേശത്തിന്റെ രൂപരേഖയും ഹാരിസ് കൗണ്ടിയുമായുള്ള സഹകരണരേഖയും തയ്യാറാക്കും.

എഐ അധിഷ്ഠിത വസ്തുനികുതി പ്രോട്ടോടൈപ്പിനുള്ള തുടര്‍നടപടി ആരംഭിക്കും. മാലിന്യസംസ്‌കരണ, ആരോഗ്യ മേഖലകളിലെ വിദഗ്ധരുമായി ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ക്ക് തീയതി നിശ്ചയിക്കും. ഇന്ത്യന്‍ എംബസിയുമായുള്ള സാംസ്‌കാരിക സഹകരണത്തിനുള്ള ആശയരേഖയും തയ്യാറാക്കും. ആദ്യ 30 ദിവസത്തിനുള്ളില്‍ ബന്ധങ്ങള്‍ പ്രവര്‍ത്തനതലത്തിലേക്ക് കൊണ്ടുവരണം. 60 ദിവസത്തിനുള്ളില്‍ പദ്ധതികളുടെ രൂപരേഖകളും പൈലറ്റ് പദ്ധതികളും തയ്യാറാകണം. 90 ദിവസത്തിനുള്ളില്‍ ഏത് പദ്ധതികളാണ് മുന്നോട്ടുകൊണ്ടുപോകേണ്ടത്, ഏതാണ് പ്രായോഗികമല്ലാത്തത് എന്നതില്‍ വ്യക്തമായ തീരുമാനം ഉണ്ടാകണം.

അവസാനം, അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഫലം ഒരു റിപ്പോര്‍ട്ടായി മാത്രം മാറരുത്. തിരുവനന്തപുരത്ത് കാണാന്‍ കഴിയുന്ന മാറ്റങ്ങളായി അത് മാറണം.

അപ്പോള്‍ അമേരിക്കന്‍ സന്ദര്‍ശനത്തെ എങ്ങനെ വിലയിരുത്തുന്നു?

= എനിക്ക് തോന്നുന്നത് ഈ സന്ദര്‍ശനം ഒരു തുടക്കമാണ്. നിരവധി നല്ല ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. പക്ഷേ ബന്ധങ്ങള്‍ ഉണ്ടാക്കിയതുകൊണ്ട് മാത്രം കാര്യമില്ല. അതില്‍ നിന്ന് പദ്ധതികള്‍ ഉണ്ടാകണം, പദ്ധതികളില്‍ നിന്ന് ഫലം ഉണ്ടാകണം. എത്ര യോഗങ്ങള്‍ നടത്തി എന്നതല്ല നമ്മള്‍ നോക്കേണ്ടത്. തിരുവനന്തപുരത്തിന് എന്ത് ലഭിച്ചു എന്നതാണ്. അതുകൊണ്ട് ഇനി മുഴുവന്‍ ശ്രദ്ധയും ‘meeting to outcome’ എന്ന രീതിയിലായിരിക്കും.

അമേരിക്കന്‍ സന്ദര്‍ശനം അവിടെ അവസാനിച്ചിട്ടില്ല. അതിന്റെ യഥാര്‍ത്ഥ തുടക്കം ഇനി തിരുവനന്തപുരത്താണ്.

By admin