വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം. 23 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. 23 പെണ്‍കുട്ടികളെ കാണാതായി. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് സൂചന. പുലര്‍ച്ചെ നാലുമണിക്കാണ് വെള്ളപൊക്കമുണ്ടായത്.
ഗ്വാഡലൂപ്പ് നദിയില്‍ ഇടിമിന്നലും പേമാരിയും കാരണം വെള്ളപ്പൊക്കമുണ്ടായി. വേനല്‍ക്കാല ക്യാമ്പിലെ 20 ലധികം പെണ്‍കുട്ടികളെ കാണാതായതായി അധികൃതര്‍ അറിയിച്ചു. 300 മില്ലി ലിറ്ററോളം കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് വെള്ളപൊക്ക ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചു.
എന്നാല്‍ പുലര്‍ച്ചെ വെള്ളപൊക്കം ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ മുന്നറിയിപ്പും ലഭിച്ചില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പെട്ടെന്നുള്ള അതിതീവ്രമായ വെള്ളപൊക്കമായതിനാല്‍ ആളുകളെ ഒഴിപ്പിക്കാനുള്ള മുന്നറിയിപ്പുകള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് കെര്‍വിലെ സിറ്റി മാനേജര്‍ പറഞ്ഞു.
ഇതുവരെ ആറുമുതല്‍ പത്തുവരെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ ഡാന്‍ പാട്രിക് വ്യക്തമാക്കി. 700 കുട്ടികള്‍ ഉണ്ടായിരുന്ന സമ്മര്‍ ക്യാമ്പില്‍ നിന്ന് 23 പെണ്‍കുട്ടികളെ കാണാതായതായാണ് വിവരം.
സെന്‍ട്രല്‍ കെര്‍ കൗണ്ടിയില്‍ രാത്രിയില്‍ കുറഞ്ഞത് 250 മില്ലിമീറ്റര്‍ മഴ പെയ്തു. ഇതാണ് ഗ്വാഡലൂപ്പ് നദിയില്‍ വെള്ളപ്പൊക്കത്തിന് കാരണമായത്. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി തീവ്രമായ ശ്രമം അധികൃതര്‍ നടത്തുന്നുണ്ട്.