ന്യൂഡൽഹി: അമർനാഥ് യാത്രയ്‌ക്ക് സുരക്ഷ ഒരുക്കാൻ ‘ഓപ്പറേഷൻ ശിവ 2025’ ആരംഭിച്ച് ഇന്ത്യൻ സൈന്യം . ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്ന് പാകിസ്ഥാൻ പിന്തുണയുള്ള ഭീകരർ ഉയർത്തുന്ന ഭീഷണികൾ വർദ്ധിച്ച സാഹചര്യത്തിൽ ഈ വർഷത്തെ ഓപ്പറേഷന് കൂടുതൽ പ്രാധാന്യം സൈന്യം നൽകുന്നുണ്ട്.
സിവിൽ അഡ്മിനിസ്ട്രേഷനുമായും കേന്ദ്ര സായുധ പോലീസ് സേനകളുമായും ഏകോപിപ്പിച്ച് നടത്തുന്ന ഈ ഓപ്പറേഷൻ, യാത്രയുടെ വടക്കൻ, തെക്കൻ റൂട്ടുകളിൽ ശക്തമായ സുരക്ഷാസന്നാഹങ്ങളും ഒരുക്കുന്നു. ഡ്രോൺ ഭീഷണികൾ നിർവീര്യമാക്കാനുള്ള സാങ്കേതിക വിദഗ്ധരും ഇതിന്റെ ഭാഗമാണ്.സമഗ്രമായ സാങ്കേതിക ഉപകരണങ്ങളുടെ പിന്തുണയോടെ 8,500-ലധികം സൈനികരെ ഭക്തർക്ക്ക് സുരക്ഷയ്‌ക്കായി വിന്യസിച്ചിട്ടുണ്ട്.തീവ്രവാദ വിരുദ്ധ ഗ്രിഡ്, പ്രതിരോധ സുരക്ഷാ വിന്യാസങ്ങൾ, ഇടനാഴി സംരക്ഷണ തന്ത്രങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
ഡ്രോൺ ഭീഷണികളെ നിർവീര്യമാക്കുന്നതിന് 50-ലധികം സി-യുഎഎസുകളും ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങളും ഉൾക്കൊള്ളുന്ന ഏരിയൽ സിസ്റ്റം (സി-യുഎഎസ്) ഗ്രിഡ് ഒരുക്കിയിട്ടുണ്ട്. ജമ്മുവിനും വിശുദ്ധ അമർനാഥ് ഗുഹയ്‌ക്കും ഇടയിലുള്ള യാത്രാ വാഹനവ്യൂഹങ്ങളുടെ ചലനം ട്രാക്ക് ചെയ്യുന്നതിന് ഉയർന്ന റെസല്യൂഷനുള്ള പാൻ-ടിൽറ്റ്-സൂം ക്യാമറകളും ലൈവ് ഡ്രോൺ ഫീഡുകളും ഉൾപ്പെടെയുള്ള നൂതന നിരീക്ഷണ ഉപകരണങ്ങൾ, മെഡിക്കൽ, കമ്മ്യൂണിക്കേഷൻ ടീമുകൾ എന്നിവയും നിലവിലുണ്ട്.
പാലം നിർമ്മാണം, ട്രാക്ക് വീതി കൂട്ടൽ, ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ എന്നിവ ഏറ്റെടുക്കുന്നതിന് എഞ്ചിനീയർ ടാസ്‌ക് ഫോഴ്‌സുകളെയും വിന്യസിച്ചു .150-ലധികം ഡോക്ടർമാരും മെഡിക്കൽ ജീവനക്കാരും, രണ്ട് അഡ്വാൻസ് ഡ്രസ്സിംഗ് സ്റ്റേഷനുകൾ, ഒമ്പത് മെഡിക്കൽ എയ്ഡ് പോസ്റ്റുകൾ, 100 കിടക്കകളുള്ള ഒരു ആശുപത്രി, 2,00,000 ലിറ്റർ ഓക്സിജൻ സംഭരിച്ചിരിക്കുന്ന 26 ഓക്സിജൻ ബൂത്തുകൾ എന്നിവയും സജ്ജീകരിച്ചു.
തടസ്സമില്ലാത്ത ആശയവിനിമയത്തിനായി സാങ്കേതിക പിന്തുണയ്‌ക്കായി ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എഞ്ചിനീയർമാരുടെ ഡിറ്റാച്ച്മെന്റുകൾ, ഭീഷണി നിർവീര്യമാക്കുന്നതിനുള്ള ബോംബ് കണ്ടെത്തൽ, നിർമാർജന സ്ക്വാഡുകൾ എന്നിവയും വിന്യസിച്ചിട്ടുണ്ട്.
ക്വിക്ക് റിയാക്ഷൻ ടീമുകൾ (ക്യുആർടി), ടെന്റ് സിറ്റികൾ, വാട്ടർ പോയിന്റുകൾ, ബുൾഡോസറുകൾ, എക്‌സ്‌കവേറ്ററുകൾ തുടങ്ങിയ അവശ്യ പ്ലാന്റ് ഉപകരണങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.