• Thu. Oct 29th, 2026

24×7 Live News

Apdin News

അരാജകത്വത്തിനെതിരെ ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ബിജെപി; എസ്.ഐ.ആര്‍ ബോധവല്‍ക്കരണ പദയാത്രകളും ജനസമ്പര്‍ക്ക പരിപാടികളും നവംബറില്‍

Byadmin

Oct 29, 2026


തിരുവനന്തപുരം: വോട്ടര്‍ പട്ടികയുടെ പ്രത്യേക പരിഷ്‌കരണവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നടത്തുന്ന കുപ്രചാരണങ്ങളെ തുറന്നുകാട്ടാനും ജനാധിപത്യ പ്രക്രിയയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ബിജെപി കേരളത്തില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍ എംഎല്‍എ പറഞ്ഞു. നവംബര്‍ ആറിനകം തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ വലിയ പദയാത്രകളും യുവാക്കളെ പങ്കെടുപ്പിച്ചുള്ള പരിപാടികളും സംഘടിപ്പിക്കും. അടുത്ത ഒരു മാസക്കാലം സംസ്ഥാനത്തുടനീളം വിവിധ പ്രചാരണ പരിപാടികളിലൂടെ എസ് ഐ ആറുമായി ബന്ധപ്പെട്ട വസ്തുതകള്‍ ജനങ്ങളിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അരാജകത്വത്തിനെതിരെ ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായാണ് ബിജെപി പ്രചാരണ രംഗത്തിറങ്ങുന്നത്. തിരഞ്ഞെടുപ്പ് പരാജയങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു.

2014 മുതല്‍ തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകളില്‍ പരാജയങ്ങള്‍ നേരിടുന്ന കോണ്‍ഗ്രസ്, തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ കുറ്റപ്പെടുത്തി രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി.

എസ് ഐ ആര്‍ രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന നടപടിയാണെന്ന തരത്തില്‍ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് നടക്കുന്നത്. 1952 മുതല്‍ വിവിധ ഘട്ടങ്ങളില്‍ വോട്ടര്‍ പട്ടികാ പരിഷ്‌കരണങ്ങള്‍ നടന്നിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ തെറ്റുകളുണ്ടെങ്കില്‍ അവ തിരുത്താന്‍ നിയമപരമായ നടപടിക്രമങ്ങളുമുണ്ട്. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിനു പിന്നാലെ പരാതികള്‍ സമര്‍പ്പിക്കാനും അവ പരിശോധിച്ച് പരിഹരിക്കാനും അവസരമുണ്ടെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.

കരട് പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിനും തെറ്റായി ഉള്‍പ്പെട്ട പേരുകള്‍ സംബന്ധിച്ച് പരാതി നല്‍കുന്നതിനും അവസരമുണ്ട്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് (ബി എല്‍ ഒ) ഇത്തരം പരാതികള്‍ അറിയിക്കാം. പരാതികള്‍ പരിശോധിച്ച ശേഷമാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. അതിനാല്‍, പരിഷ്‌കരണ നടപടികളെക്കുറിച്ച് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നതിനുപകരം വസ്തുതകള്‍ മനസിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ തിരുത്തുന്നതും മരണപ്പെട്ടവരുടെയും താമസം മാറിയവരുടെയും പേരുകള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാണ്. വോട്ടര്‍മാരുടെ എണ്ണത്തില്‍ മണ്ഡലങ്ങള്‍ തമ്മിലുള്ള വലിയ അന്തരം കുറയ്‌ക്കുന്നതും ജനപ്രതിനിധികള്‍ക്ക് ഏകദേശം തുല്യമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ എസ് ഐ ആര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു കോടിയോളം വോട്ടര്‍മാരുടെ എണ്ണമാണ് കുറഞ്ഞത്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരും സര്‍ക്കാരിന് കീഴിലെ ഉദ്യോഗസ്ഥരുമാണ് എസ് ഐ ആര്‍ നടപ്പാക്കിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നേരിട്ടെത്തിയല്ല കേരളത്തിലും കര്‍ണാടകത്തിലും എസ്ഐആര്‍ നടപ്പാക്കി വോട്ടര്‍ പട്ടിക പരിഷ്‌കരിച്ചത്. അതാത് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥന്മാരും ബി എല്‍ ഒമാരും ചേര്‍ന്നാണ്. രാജ്യത്ത് 13 കോടി പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി എന്നത് കള്ളമാണ്. അതില്‍ മൂന്നു കോടി പേര് മരിച്ചു പോയവരാണ്. ഒരു കോടി ഇരട്ട വോട്ടര്‍മാരെയും നീക്കം ചെയ്തു. 5 കോടി പേര്‍ സ്ഥലം മാറി പോയവരാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വക്താവായിട്ടല്ല ബിജെപി സംസാരിക്കുന്നതെന്നും കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളിലെ വൈരുധ്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ചേര്‍ക്കുന്നതും ഒഴിവാക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും ബൂത്ത് തല സംവിധാനങ്ങളും വഴിയാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിനായി പാര്‍ലമെന്റ് നിയമം വഴി പുതിയ സംവിധാനം കൊണ്ടുവന്നത് സുപ്രീംകോടതി നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമ്പോള്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും വിമര്‍ശിക്കുകയും വിജയിക്കുമ്പോള്‍ അതേ സംവിധാനങ്ങളെ അംഗീകരിക്കുകയും ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേതെന്ന് മുരളീധരന്‍ ആരോപിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ്, സംസ്ഥാന ഉപാധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, സംസ്ഥാന സോഷ്യല്‍ മീഡിയ കണ്‍വീനര്‍ അഭിജിത്ത് രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

 

By admin