ന്യൂദല്‍ഹി: വ്യാപാരികളുടെ അഭ്യര്‍ത്ഥന അവഗണിച്ച് ദല്‍ഹിയില്‍ സമരത്തിന് പോകുന്ന രാഹുല്‍ ഗാന്ധിയെ ഉത്തരം മുട്ടിച്ച് വ്യാപാരികള്‍. കോണ്‍ഗ്രസിന്റെ റാലി വ്യാപാരം വർധിപ്പിക്കുമെന്നും കൂടുതല്‍ ഉപഭോക്താക്കളെ എത്തിക്കുമെന്നും രാഹുല്‍ ഗാന്ധിക്ക് തെളിയിക്കാനായാല്‍ എതിർപ്പ് പിൻവലിച്ച് പരിപാടിയെ സ്വാഗതം ചെയ്യാമെന്നാണ് സംഘടനയുടെ നിലപാട്.
മറിച്ച്, റാലി വ്യാപാരത്തെ ബാധിക്കുമെന്ന് ബോധ്യപ്പെടുത്താനായാല്‍ ദീപാവലിക്ക് ശേഷം പരിപാടി നടത്തണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു. ഇത് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയൂും പ്രതിസന്ധിയിലാക്കി.
നവംബർ ഒന്നിന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ റാലിക്കെതിരായ എതിർപ്പ് പിൻവലിക്കാൻ പുതിയ നിർദേശവുമായി വ്യാപാര സംഘടനയായ ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സിടിഐ). രംഗത്ത് വന്നത്. രാംലീല മൈതാനത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള 20 പ്രധാന വിപണികളിലെ പ്രതിനിധികളുമായി 20 മിനിറ്റ് കൂടിക്കാഴ്ച നടത്തണമെന്നാവശ്യപ്പെട്ട് സിടിഐ ചെയർമാൻ ബ്രിജേഷ് ഗോയല്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു.
പത്ത് ലക്ഷം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന റാലി വ്യാപാരത്തിന് ഗുണകരമാകുന്നത് എങ്ങനെയെന്ന് വിശദീകരിക്കണമെന്നാണ് ആവശ്യം. വ്യാപാരികള്‍ പറയുന്ന ആശങ്കകള്‍ ബോധ്യപ്പെട്ടാല്‍ പൊതുതാല്‍പര്യം കണക്കിലെടുത്ത് റാലി മാറ്റിവയ്‌ക്കണമെന്നും കത്തില്‍ പറയുന്നു. “പോരാട്ടമല്ല, ചർച്ചയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്” എന്ന നിലപാടും സംഘടന വ്യക്തമാക്കി.
ദീപാവലി വ്യാപാരകാലത്ത് ഉപഭോക്താക്കളുടെ വരവും വില്‍പ്പനയും കുറയുമെന്നാണ് വ്യാപാരികളുടെ ആശങ്ക. ചാന്ദ്‌നി ചൗക്ക്, സദർ ബസാർ, ഖാരി ബൗലി, ഭാഗീരഥ് പാലസ്, കരോള്‍ ബാഗ്, ദരിയാഗഞ്ച്, കാശ്മീരി ഗേറ്റ്, പഹാർഗഞ്ച്, ഗഫാർ മാർക്കറ്റ്, ജാമാ മസ്ജിദ്-മീനാ ബസാർ തുടങ്ങി 20 വിപണികളെയാണ് റാലി ബാധിച്ചേക്കാവുന്ന പ്രദേശങ്ങളായി സംഘടന ചൂണ്ടിക്കാട്ടുന്നത്. സുഗന്ധവ്യഞ്ജനങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍, ആഭരണങ്ങള്‍, ഇലക്‌ട്രോണിക്സ്, വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍, വാഹനഭാഗങ്ങള്‍, ഫർണിച്ചർ എന്നിവയുടെ വ്യാപാരം നടക്കുന്ന പ്രധാന കേന്ദ്രങ്ങളാണിവ. റാലി നടത്താനുള്ള തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന സൂചന രാഹുല്‍ ഗാന്ധി നേരത്തേ നല്‍കിയിരുന്നു. വ്യാപാരികളുടെ ആശങ്കകള്‍ താൻ കേട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കിയാല്‍ പ്രതിഷേധം 30 സെക്കൻഡിനുള്ളില്‍ അവസാനിക്കുമെന്നും അദ്ദേഹം സമൂഹമാധ്യമ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപാരസംഘടന നേരിട്ട് ചർച്ചയ്‌ക്ക് തയ്യാറാണെന്ന് അറിയിച്ചത്.