• Thu. Oct 29th, 2026

24×7 Live News

Apdin News

ചെറുപ്പക്കാരിലെ മസ്തിഷ്കാഘാതം: വില്ലൻ സർവിക്കൽ ആർട്ടറി ഡിസെക്ഷനോ.?

Byadmin

Oct 29, 2026


ചെറുപ്പക്കാരിൽ സ്ട്രോക്കിന് (മസ്തിഷ്കാഘാതം) ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമാണ് സർവിക്കൽ ആർട്ടറി ഡിസെക്ഷൻ (Cervical Artery Dissection). കഴുത്തിലൂടെ തലച്ചോറിലേക്ക് ശുദ്ധരക്തം എത്തിക്കുന്ന കരോട്ടിഡ് ധമനികൾ, വെർട്ടിബ്രൽ ധമനികൾ എന്നീ പ്രധാന രക്തധമനികളുടെ ഉള്ളിലെ നേർത്ത പാളിയിൽ ഉണ്ടാകുന്ന സൂക്ഷ്മ കീറലാണ് ഈ അപകടകരമായ അവസ്ഥയ്ക്ക് വഴിതുറക്കുന്നത്.

എങ്ങനെയാണ് ആർട്ടറി ഡിസെക്ഷൻ ഉണ്ടാകുന്നത്?

നമ്മൾ ദൈനംദിന ജീവിതത്തിൽ അറിയാതെ ചെയ്യുന്ന ചില കാര്യങ്ങൾ പോലും സർവിക്കൽ ആർട്ടറി ഡിസെക്ഷന് കാരണമാകാറുണ്ട്. ഭാരമേറിയ വസ്തുക്കൾ പെട്ടെന്ന് കഠിനമായ ബലം കൊടുത്ത് പൊക്കിയെടുക്കുക,വ്യായാമത്തിനിടയിലോ, അപകടങ്ങളിലോ കഴുത്ത് പെട്ടെന്ന് വെട്ടിക്കുകയോ അമിതമായി തിരിക്കുകയോ ചെയ്യുന്നതും കൂടാതെ, വിട്ടുമാറാതെ തുടർച്ചയായി ചുമയ്ക്കുക, അല്ലെങ്കിൽ അമിത ശക്തിയിൽ തുമ്മുക തുടങ്ങിയ സന്ദർഭങ്ങളിൽ കഴുത്തിലെ രക്തധമനികളിൽ വലിയ സമ്മർദ്ദം ഉണ്ടാകുന്നതും
ഇതിലേക്ക് നയിക്കാം. ഇത്തരം പെട്ടെന്നുള്ള ആയാസവും ഉയർന്ന സമ്മർദ്ദവും കാരണം കഴുത്തിലെ പ്രധാന രക്തധമനിയുടെ നേർത്ത ആന്തരിക പാളിയിൽ വളരെ ചെറിയൊരു കീറൽ രൂപപ്പെടുകയാണ് ചെയ്യുന്നത്.

രക്തം കട്ടപിടിക്കുന്ന പ്രക്രിയയും സ്ട്രോക്കും

ആന്തരിക പാളിയിൽ കീറൽ ഉണ്ടാകുമ്പോൾ, രക്തധമനിയുടെ പാളികൾക്കിടയിലേക്ക് രക്തം തള്ളിക്കയറുകയും അവിടെ തങ്ങിനിൽക്കുകയും ചെയ്യുന്നു. ഇത് രക്തധമനിക്കുള്ളിൽ പുതിയൊരു രക്തക്കട്ട രൂപപ്പെടാൻ കാരണമാകുന്നു. ഇങ്ങനെ ഉണ്ടാകുന്ന രക്തക്കട്ട തലച്ചോറിലേക്കുള്ള രക്തയോട്ടത്തെ നേരിട്ട് തടസ്സപ്പെടുത്തുകയോ അഥവാ തലച്ചോറിലെ നേർത്ത രക്തധമനികളിൽ ചെന്ന് അടയുകയോ ചെയ്യുന്നു. ഈ അവസ്ഥ സ്ട്രോക്കിലേക്ക് നയിക്കുന്നു.

അവഗണിക്കരുതാത്ത ലക്ഷണങ്ങൾ

സ്ട്രോക്ക് ഉണ്ടാകുന്നതിന് മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ മുമ്പ് ചില പ്രധാന ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്:

കഴുത്തിന്റെ വശങ്ങളിലോ പുറകിലോ അനുഭവപ്പെടുന്ന അസാധാരണവും വിട്ടുമാറാത്തതുമായ വേദന.

തലയുടെ ഒരു വശത്തോ പിൻഭാഗത്തോ പെട്ടെന്നുണ്ടാകുന്ന അസഹനീയമായ തലവേദന.

കണ്പോള താഴേക്ക് തൂങ്ങുക (Horner’s syndrome).

പ്രതിരോധവും അടിയന്തര ചികിത്സയും

കഴുത്തിന് പെട്ടെന്ന് അമിത സമ്മർദ്ദം നൽകുന്ന പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കുക. സ്ട്രോക്കിൻ്റെ ലക്ഷണങ്ങളോടൊപ്പം പെട്ടെന്നുണ്ടാകുന്ന കഠിനമായ കഴുത്തുവേദനയും, തലവേദനയോ അനുഭവപ്പെട്ടാൽ ഇത് സർവിക്കൽ ആർട്ടറി ഡിസെക്ഷൻ എന്ന രോഗാവസ്ഥ ആവനുള്ള സാധ്യതയുണ്ട്. അതിനാൽ
ഒട്ടും സമയം കളയാതെ ഒരു ന്യൂറോളജിസ്റ്റിന്റെ സേവനം തേടേണ്ടതാണ്. കൃത്യസമയത്തുള്ള രോഗനിർണ്ണയവും രക്തം കട്ടപിടിക്കുന്നത് തടയാനുള്ള ചികിത്സയും വലിയൊരു ആഘാതത്തിൽ നിന്ന് പൂർണ്ണ രക്ഷ നൽകും.

തയ്യാറാക്കിയത്;
ഡോ. പോൾ ജോണി
സീനിയർ സ്പെഷ്യലിസ്റ്റ് – ന്യൂറോളജി.
ആസ്റ്റർ മിംസ് കോഴിക്കോട്







By admin