• Thu. Oct 29th, 2026

24×7 Live News

Apdin News

അമിത വേഗത്തില്‍ ഓടിച്ച കാറിടിച്ച് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട കേസ്: ജഡ്ജി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Byadmin

Oct 29, 2026


കൊച്ചി : മകന്‍ അമിത വേഗത്തില്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകട ഉടമയായ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അഡീഷണല്‍ ജഡ്ജി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്.

ബുധനാഴ്ച പൊലീസ് ക്ലബില്‍ വച്ച് രണ്ടര മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു.വ്യാഴാഴ്ചയും ചോദ്യം ചെയ്യും. ജഡ്ജിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടും ജുവനൈല്‍ കോടതി, ജഡ്ജിയുടെ 17 കാരനായ മകന് ജാമ്യം നല്‍കിയ നടപടി റദ്ദാക്കാന്‍ പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. ജഡ്ജിയുടെ ആലുവയിലെ ഫ്‌ലാറ്റില്‍ കഴിഞ്ഞ ദിവസം രാത്രിയും ബുധനാഴ്ചയും പരിശോധന നടത്തിയിരുന്നു.

അപകടമുണ്ടായി മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട സംഭവം നടന്ന് ആദ്യ ഘട്ടത്തില്‍ 17കാരനെ രക്ഷപ്പെടുത്താനാണ് പൊലീസ് ശ്രമിച്ചത്.ജഡ്ജി പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ മകനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്‌ക്കുകയായിരുന്നു. മരിച്ച ജയബാലകൃഷ്ണന്റെ മക്കളും ബന്ധുക്കളും ബി ജെ പി അടക്കം സംഘടനകളും പ്രതിഷേധിച്ചതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ട് വിഷയത്തില്‍ ഇടപെട്ടപ്പോഴാണ് ജഡ്ജിക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായത്.

തുടര്‍ന്ന് ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ, സി ഐ അടക്കം നാല് പൊലീസുകാരെ സസ്പന്‍ഡ് ചെയ്തു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിനെയും മാറ്റി. എന്നാല്‍ ജഡ്ജിക്കെതിരെ നടപടി ഉണ്ടാകണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി തീരുമാനം വൈകുകയാണ്.

By admin