കൊച്ചി: എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസ് വിധിയില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. കേസിലെ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത് ആശ്വാസകരമാണെങ്കിലും, ഗൂഢാലോചനയില്‍ പങ്കുള്ള പ്രധാന നേതാക്കള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാതെ പോയത് ഗൗരവമായി പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സാക്ഷികള്‍ക്ക് നേരെ ഭീഷണി ഉണ്ടായി. ഇനി രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകരുത്. അപ്പീല്‍ പോകും. ആദ്യത്തെ അന്വേഷണം കുറ്റമറ്റത് ആയിരുന്നില്ല. അത് കൊണ്ടാണ് സിബിഐ അന്വേഷണം കോടതിയില്‍ പോയി നേടിയെടുത്തത്. 13 പ്രതികളെ ശിക്ഷിച്ചു. ഡിവൈഎഫ്‌ഐ നേതാക്കളും സിപിഎം നേതാക്കളുടെ മക്കളും ആണ് പ്രതികള്‍. കോടതി വിധിയിലൂടെ സിപിഎം ബന്ധം വ്യക്തമായെന്നും പിഎംഎ സലാം വ്യക്തമാക്കി.
അതേസമയം, അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കൊച്ചിയിലെ സിബിഐ കോടതിയാണ് വിധി പറഞ്ഞത്. കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പേരില്‍ ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രന്‍, ഒന്‍പതാം പ്രതി മനോഹരന്‍, പത്താം പ്രതി എം.വി. ദിനേശന്‍ എന്നിവരും ഉള്‍പ്പെടുന്നു. 12-ാം പ്രതി ബിജുമോന്‍, 14-ാം പ്രതി ഇ.പി. രാധാകൃഷ്ണന്‍, 15-ാം പ്രതി ഷിജിന്‍ മോഹന്‍, 16-ാം പ്രതി കെ.വി. സജിത്ത് എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
25-ാം പ്രതി വി.വി. മോഹനന്‍, 26-ാം പ്രതി പുരുഷോത്തമന്‍, 27-ാം പ്രതി പി.കെ. അജിത് കുമാര്‍, 28-ാം പ്രതി പി.പി. സുരേശന്‍ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവര്‍.
2012 ഫെബ്രുവരി 20നാണ് കണ്ണൂര്‍ കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിന് സമീപം ഷുക്കൂര്‍ കൊല്ലപ്പെട്ടത്. അന്നത്തെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും അന്നത്തെ കല്യാശ്ശേരി എംഎല്‍എ ടി.വി. രാജേഷും സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.
ആസൂത്രിത കൊലപാതകമാണ് എന്നുള്ളതില്‍ ഒരു സംശയവുമില്ലെന്ന് പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. പൈശാചികമായ കൊലപാതകം ആണ് നടന്നത്. കോടതി എത്രമാത്രം കണ്ടെത്തി എന്നത് വിധിയുടെ പൂര്‍ണ്ണരൂപം വന്നതിനു ശേഷം മാത്രമേ അറിയാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.