പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
അറിവിന്‍ മധുരം കിനിയുന്ന വാക്കുകളും അലിവിന്റെ കുളിര്‍തെന്നല്‍ സ്പര്‍ശവും സമ്മേളിച്ച ഒരു യുഗപുരുഷനായിരുന്നു പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. ഇസ്‌ലാമിന്റെയും സമസ്തയുടെയും ധന്യപാത ജീവിതവഴിയായി സ്വീകരിച്ച പണ്ഡിത ശ്രേഷ്ഠന്‍. ഒരു വിളക്കുമാടമായി ജ്വലിച്ചുനിന്ന് വിശ്വാസികള്‍ക്ക് അറിവിന്റെ ശോഭതെളിയിച്ച സൂഫീവര്യന്‍. മൗനമായിരിക്കുമ്പോഴും അദ്ദേഹത്തിന്റെ ചുണ്ടുകള്‍ സദാ ചലിച്ചുകൊണ്ടേയിരിക്കും. അല്ലാഹുവിന്റെ മഹദ് വചനങ്ങള്‍ ഉരുവിട്ട് സദാസമയവും സൃഷ്ടാവില്‍ അലിഞ്ഞുചേര്‍ന്നുള്ള ജീവിതം.
ഇസ്‌ലാമിന്റെ ധാര്‍മിക പാതയും സമസ്തയുടെ പാരമ്പര്യവും പൈതൃകവും മുറുകെപിടിച്ചാണ് അദ്ദേഹം ജീവിതകാലം മുഴുവന്‍ കഴിച്ചുകൂട്ടിയത്. ഇഹത്തിലെ നേട്ടങ്ങള്‍ക്കുവേണ്ടിയായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളൊന്നും, എല്ലാം പരലോക വിജയത്തിനായി മാത്രം. കൗമാര കാലം മുതല്‍ക്കുതന്നെ സമുദായ നേതൃത്വത്തിലെത്തിയയാളായിരുന്നു മഹാനവര്‍കള്‍. 1968ല്‍ ജാമിഅയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം മീനാര്‍കുഴിയില്‍ ദര്‍സ് ആരംഭിക്കുമ്പോള്‍ വളറെ ചെറുപ്പമായിരുന്നു അദ്ദേഹം. 16 വയസില്‍ തന്നെ ഖത്തീബായി, 20 വയസ് കഴിഞ്ഞുപോകും മുമ്പ് ഖാസിയായി പൊതുരംഗത്ത് സജീവമായ പണ്ഡിതനാണദ്ദേഹം. 1979 ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ മുദരിസായി നിയമിതനായി. 2003 ല്‍ പ്രിന്‍സിപ്പലായി തിരഞ്ഞെടുക്കപ്പെട്ടു. 2013 ല്‍ കാസര്‍കോട് ഖാസിയായി നിയമിക്കപ്പെട്ടു. 1986 ലാണ് സമസ്ത കേന്ദ്ര മുശാവറയില്‍ അംഗമായത്. 2010ല്‍ സമസ്ത സെക്രട്ടറിയായി.
2016ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആറാമത്തെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷന്‍ പ്രസിഡന്റ്, സുന്നി അഫ്കാര്‍ വാരിക ചീഫ് എഡിറ്റര്‍ പദവി വഹിച്ചു. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍ മാനുമായിരുന്നു. ആള്‍ ഇന്ത്യ പേഴ്‌സണല്‍ ലോ ബോര്‍ഡ്, മുസ്‌ലിം വേള്‍ഡ് ലീഗ് ഫിഖ്ഹ് കൗണ്‍സില്‍ എന്നീ സമിതികളില്‍ പ്രത്യേക ക്ഷണിതാവായിരുന്നു. ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
പിന്നിട്ട ജീവിതം മുഴുവന്‍ സമുദായത്തിന്റെ നേതൃനിരയില്‍ തന്നെ അദ്ദേഹമുണ്ടായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും ലോകത്തിലെ തന്നെ പ്രശസ്ത ഇസ്്‌ലാമിക കലാലയമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും ചുക്കാന്‍ പിടിച്ചു. സമസ്തക്കായി ജീവിതം മുഴുവന്‍ ഓടി നടന്നു. ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചു. അനാരോഗ്യം കാരണം കിടപ്പിലാവുന്നതുവരെ അദ്ദേഹം സമുദായത്തിനായി ഓടിനടന്നു. ജാമിഅഃയിലെ അധ്യാപകനായും പ്രിന്‍സിപ്പാളായും പ്രവര്‍ത്തിച്ച അദ്ദേഹം, നിരവധി പണ്ഡിതരെ സമൂഹത്തിന് സംഭാവന ചെയ്തു. ഉസ്താദുമാരുടെ ഉസ്താദായിരുന്ന ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നും സമുദായത്തിന്റെ ആധികാരിക നേതൃത്വമായിരുന്നു.
വിയോഗം വരെ ഉമ്മുല്‍ മദാരിസിന്റെ രക്ഷകര്‍തൃസ്ഥാനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അവസാനം നടന്ന വാര്‍ഷിക, സനദ് ദാന സമ്മേളനത്തിലും അദ്ദേഹം സജീവമായി പങ്കെടുത്തു. സന്തതസഹചാരികളുടെയും ഊന്നുവടിയുടെയും സഹായത്തോടെയാണ് അന്നദ്ദേഹം വേദിയിലെത്തിയത്. എനിക്ക് ഓര്‍മവെച്ച കാലം മുതല്‍ ഞങ്ങളുടെ കുടുംബത്തിന്റെ കൂടെ അദ്ദേഹമുണ്ടായിരുന്നു. പാണക്കാട് കുടുംബവുമായുണ്ടായിരുന്ന ആഴത്തിലുള്ള ബന്ധം ഞങ്ങളുടെ പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ കാലം മുതല്‍ക്ക് തുടങ്ങിയതായിരുന്നു. പിന്നീട് മുഹമ്മദലി ശിഹാബ് തങ്ങളുമായും ഉമറലി ശിഹാബ് തങ്ങളുമായും ഹൈദരലി ശിഹാബ് തങ്ങളുമായും ഞങ്ങളെല്ലാവരുമായുമെല്ലാം ആ ബന്ധം തുടര്‍ന്നു. പാണക്കാട്ടെ വീട് അദ്ദേഹത്തിന് സ്വന്തം വീട് പോലെ പ്രിയപ്പെട്ടതായിരുന്നു. ഞങ്ങള്‍ക്കദ്ദേഹം വലിയ അത്താണിയും ബലവുമായിരുന്നു.
ഇടക്കിടെ അവിടെ വരും, ദീര്‍ഘനേരമിരിക്കും. മുന്‍പിലെ വഴിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലെല്ലാം തറവാട്ടില്‍ സന്ദര്‍ശനം നടത്തും. പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന പൂര്‍വികരുടെ ഖബറിടം സന്ദര്‍ശിക്കും. പട്ടിക്കാട് ജാമിഅഃ കമ്മിറ്റിയില്‍ അംഗമായത് മുതല്‍ അദ്ദേഹവുമായി കൂടുതല്‍ അടുത്തിടപഴകാന്‍ അവസരം ലഭിച്ചിരുന്നു. സമ്മേളനത്തിന്റെ കാര്യങ്ങളിലും മറ്റും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. അടുത്തിടപഴകിയപ്പോഴെല്ലാം പുഞ്ചിരിയും സംയമനവും നിറഞ്ഞസ്‌നേഹവുമല്ലാതെ മറ്റൊന്നും ആ മുഖത്ത് നിഴലിച്ച് കണ്ടിട്ടില്ല. വലിപ്പചെറുപ്പമില്ലാതെ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന പ്രകൃതം. അറിവുകൊണ്ടും അലിവ്‌കൊണ്ടും മനുഷ്യരെ ചേര്‍ത്തുനിര്‍ത്തുന്ന വ്യക്തിത്വം. വിയോഗ വാര്‍ത്തയറിയുമ്പോള്‍ മനസിലേക്കോടിയെത്തിയത് അനേകം ഓര്‍മകളാണ്. നഷ്ടപ്പെട്ടത് ഒരു കൂടപ്പിറപ്പിനെ പോലെ സ്‌നേഹിച്ചിരുന്ന ഒരാളെയാണ്. അതെ, ഒടുവില്‍ അല്ലാഹു നിശ്ചയിച്ചതെല്ലാം പൂര്‍ത്തിയാക്കി ആ പണ്ഡിതന്‍ തിരുസന്നിധിയിലേക്ക് യാത്രയായിരിക്കുന്നു. മഹാനവര്‍കളുടെ പരലോക ജീവിതം അല്ലാഹു റാഹത്തിലാക്കട്ടെ. നമ്മെയും അവരെയും സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടട്ടെ.