ഹൈദരാബാദ് അല്ലു അര്‍ജുന്‍ എന്ന സൂപ്പര്‍ സ്റ്റാറിനെക്കുറിച്ച് സ്വന്തം മുത്തച്ഛന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വലിയ ആശങ്കയായിരുന്നുവെന്ന വിവരം വെളിപ്പെടുത്തി താരം. തന്റെ ഭാവിയെക്കുറിച്ച് ഏറ്റവും കൂടുതല്‍ ആശങ്കപ്പെട്ടിരുന്നത് മുത്തശ്ശനും ഇതിഹാസ തെലുങ്ക് നടനുമായ അല്ലു രാമലിംഗയ്യ ആയിരുന്നുവെന്നും അല്ലു അര്‍ജുന്‍.
ഈയിടെ തന്റെ മുത്തച്ഛന്റെ മരണവും അദ്ദേഹത്തിന്റെ വില്‍പത്രവും അല്ലു അര്‍ജുന്‍ ഒരു വേദിയില്‍ ഓര്‍മ്മിച്ചത് സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗം സൃഷ്ടിച്ചു. മുത്തശ്ശന്റെ മരണശേഷം അദ്ദേഹത്തിന്റെ വില്‍പത്രം കണ്ട് അല്ലു അര്‍ജുന്‍ ഞെട്ടിപ്പോയത്രെ. കുടുംബത്തിലെ എട്ട് പേരക്കുട്ടികളില്‍ അല്ലു അർജുന്റെ പേരില്‍ മാത്രമായി മുത്തശ്ശൻ 10 ലക്ഷം രൂപയുടെ ഒരു ഇൻഷുറൻസ് പോളിസി എടുത്തിരുന്നു. എന്തുകൊണ്ടാണ് തനിക്ക് മാത്രം ഇത്തരമൊരു പരിഗണന ലഭിച്ചതെന്ന് പരിശോധിച്ചപ്പോഴാണ് ആ രസകരമായ സത്യം പുറത്തുവന്നതെന്നും അല്ലു അര്‍ജുന്‍ വിവരിച്ചു.
അല്ലു അർജുൻ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് മുത്തശ്ശൻ ആ പോളിസി എടുത്തത്. “എന്റെ മുത്തശ്ശൻ നാലാം ക്ലാസ്സില്‍ വെച്ച് തന്നെ എന്നെ വിലയിരുത്തിയിരുന്നു,” അല്ലു അർജുൻ തമാശയോടെ ഓർത്തെടുത്തു. “എന്റെ എട്ട് പേരക്കുട്ടികളില്‍ വെച്ച് ജീവിതത്തില്‍ ഒരു പ്രയോജനവുമില്ലാതെ പോകുന്നത് ഇവനായിരിക്കും, ഇവനൊരു ‘വേസ്റ്റ് ഫെല്ലോ’ ആയി മാറും. ഞാൻ മരിച്ചുപോയാല്‍ ഇവന്റെ കാര്യം എന്താകുമെന്ന് ഒരു പിടിയുമില്ല. അതുകൊണ്ട് ഇവന് 18 വയസ്സ് തികയുമ്പോള്‍ ഈ 10 ലക്ഷം രൂപ ഉപയോഗിച്ച് എങ്ങനെയെങ്കിലും ജീവിച്ചുപോകട്ടെ എന്ന ചിന്തയിലാണ് അദ്ദേഹം ആ പണം എനിക്കായി മാറ്റിവെച്ചത്.”
കുട്ടിക്കാലത്ത് അല്ലുവിന്റെ വികൃതിയും പഠനത്തിലുള്ള താല്‍പര്യക്കുറവും കണ്ട് മുത്തച്ഛന്‍ ഭയന്നിരുന്നു. അതേ സമയം മുത്തച്ഛന്റെ വാത്സല്യവും കരുതലുമായിരുന്നു ആ പോളിസിയിലുള്ള നിക്ഷേപം.
ഇന്ന് കോടികള്‍ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ താരമാണ് അല്ലു അര്‍ജുന്‍ എന്ന് ആ മുത്തച്ഛനുണ്ടോ അറിയുന്നു.