പാറശ്ശാല: തിരുവിതാംകൂര്‍ രാജഭരണകാലത്ത് തീരദേശത്ത് പൂവാര്‍ മുതല്‍ തമിഴ്‌നാട്ടിലെ മണ്ടയ്‌ക്കാട് വരെ ഗതാഗതത്തിനായി നിര്‍മിച്ച അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍ എന്ന എവിഎം കനാല്‍ അവഗണന മൂലം നാശത്തിലേയ്‌ക്ക്. തലസ്ഥാനത്തെ പാര്‍വ്വതി പുത്തനാര്‍ മുതല്‍ ജലപാത ഗതാഗതത്തിനായി തെക്ക് കന്യാകുമാരി യുമായി ബന്ധിപ്പിക്കുന്നതിനായി 1860 ലാണ് കനാല്‍ നിര്‍മിച്ചത്.തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ സ്വര്‍ണ തൂമ്പ കൊണ്ടാണു നിര്‍മാണം തുടങ്ങിയത്. രാജാവിന്റെയും കുലദൈവമായ അനന്തപത്മനാഭന്റെയും ബ്രിട്ടീഷ് രാജ്ഞിയുടേയും പേരു ചേര്‍ത്താണ് കനാലിന് ‘അനന്തവിക്ടോറിയ മാര്‍ത്താണ്ഡം കനാല്‍’ എന്നു നാമകരണം ചെയ്തത്.
തുടക്കത്തില്‍ കുളച്ചലിനും പൂവാറിനുമിടയിലുള്ള കനാലായാണ് ജലപാത പൂര്‍ത്തിയായത്. കന്യാകുമാരിയിലെ മണക്കുടിയില്‍ നിന്നും ഉപ്പും, നാഞ്ചിനാട്ടില്‍ നിന്നും അരിയും മറ്റു സാധനങ്ങളും തിരുവതാംകൂറിലേയ്‌ക്കെത്തിക്കുന്നതിനായിരുന്നു കനാലിന്റെ നിര്‍മാണത്തിന്റെ പ്രധാന ലക്ഷ്യം. പൊഴിയൂര്‍ വഴി തമിഴ്‌നാട്ടിലെ കൊല്ലങ്കോട്, നീരോടി, മാര്‍ത്താണ്ഡംതുറ,വള്ളവിള ,ഇരവി പുത്തന്‍തുറ, തേങ്ങാപ്പട്ടണം, കുളച്ചല്‍, കൊട്ടില്‍പാട്, മണ്ടയ്‌ക്കാട് പുത്തൂര്‍ എന്നിവിടങ്ങള്‍ക്കൂടിയാണ് 15 മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ച കനാല്‍ കടന്നുപോകുന്നത്. ദേശീയ ജലപാതയുടെ ഭാഗമായ എവിഎം കനാലിനോട് ചേര്‍ന്ന് പൂവാറില്‍, വ്യാപകമായ കൈയേറ്റമുണ്ട് . നിരവധി സ്വകാര്യ റിസോര്‍ട്ടുകളും ഹോട്ടലുടമകളും കനാല്‍ കൈയേറ്റം നടത്തിയിട്ടുണ്ടെന്ന് അധികൃതര്‍ തന്നെ പറയുമ്പോഴും കനാല്‍ കയ്യേറ്റംതിരിച്ചുപിടിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടില്ല.
തമിഴ്‌നാട് ഭാഗത്തെ കനാല്‍ മുന്‍ മുഖ്യമന്ത്രി ജയലളിത പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതിയിട്ടിരു ന്നെങ്കിലും അനിശ്ചിതത്വത്തിലായി. നിലവിലെ സര്‍ക്കാര്‍ കനാല്‍ പുനരുജ്ജീ വിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ ഭാഗത്തെ കനാല്‍ നവീകരണം ആരംഭിച്ചുവെങ്കിലും പകുതിയില്‍ മുടങ്ങിയതോടെ കനാലിന്റെ ഭാഗങ്ങള്‍ പായല്‍മൂടി. രണ്ടു വര്‍ഷം മുന്‍പ് പാറശ്ശാല ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് കനാല്‍ നവീകരണം ആരംഭിച്ചത്.അരക്കോടി രൂപ വകയിരുത്തി കനാല്‍ നവീകരണത്തിനു തുടക്കം കുറിച്ചെങ്കിലും ലക്ഷ്യം പൂര്‍ത്തീകരിക്കാ നായില്ല.പലയിടത്തും കനാലിന്റെ വീതി അഞ്ചു മീറ്ററില്‍ താഴെയാണ്.
മൂന്നുഘട്ടമായിട്ടാണ് വികസന പദ്ധതികള്‍ വിഭാവനം ചെയ്തിരുന്നത്. ഒന്നാം ഘട്ടത്തില്‍ പായല്‍ മാറ്റലും രണ്ടാം ഘട്ടത്തില്‍ പാര്‍ശ്വഭിത്തി നിര്‍മ്മാണവും മൂന്നാം ഘട്ടത്തില്‍ ബോട്ട് സര്‍വ്വീസും സൗന്ദര്യവല്‍ക്കരണവും നടപ്പിലാക്കുമെ ന്നായിയിരുന്നു പ്രഖ്യാപനം. ആദ്യ ഘട്ടത്തില്‍ മാറ്റിയ പായല്‍ കനാലില്‍ വീണ്ടും നിറ ഞ്ഞിട്ടും കരാറുകാര്‍ക്ക് പണം കൈമാറി. പായല്‍ നീക്കുന്നതിന്നും പടിക്കെട്ട് ,പാര്‍ശ്വഭിത്തി എന്നിവ നിര്‍മിക്കുന്നതിനും നാല്പത് ലക്ഷത്തോളം രൂപ വകയിരുത്തി. എന്നാല്‍ പാര്‍ശ്വഭിത്തി നിര്‍മാണം തുടങ്ങിയില്ല. ഒഴുക്ക് നിലച്ച് മാലിന്യ നിക്ഷേപം പലയിടത്തും നടന്നിട്ടും നൂറ്റാണ്ട് പിന്നിട്ട ജലപാത നവീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല