തിരുവനന്തപുരം: വിതുരയില്‍ ഗുരുതരാവസ്‌ഥയിലായ ആദിവാസി യുവാവിനെ കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. യഥാസമയം, ആശുപത്രിയില്‍ എത്താനാകാതെ ആദിവാസി യുവാവിനു ദാരുണാന്ത്യം.
വിതുര മണലി സ്വദേശി ബിനു ആണ് മരിച്ചത്. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ആത്മഹത്യക്ക് ശ്രമിച്ചു ഗുരുതരാവസ്‌ഥയിലായ ബിനുവിനെ വിതുര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. രോഗിയെ കൊണ്ടുപോയ ആംബുലന്‍സ് കാലപ്പഴക്കം ചെന്നതാണെന്നും ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞതാണെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിന്റെ പ്രതിഷേധം നടത്തിയത്. 20 മിനിറ്റോളം ആംബുലന്‍സ് തടഞ്ഞുനിര്‍ത്തിയായിരുന്നു പ്രതിഷേധം. രോഗിയുടെ അവസ്‌ഥ അറിഞ്ഞിട്ടും പ്രതിഷേധക്കാര്‍ ആശുപത്രി അധികൃതരോട് തട്ടിക്കയറിയെന്നു പരാതി. പ്രതിഷേധം കഴിഞ്ഞ ശേഷം ബിനുവിനെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എന്നാല്‍ 5 മിനിറ്റ് മാത്രമാണ് ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ചതെന്നും പിന്നീട് മെഡിക്കല്‍ ഓഫീസര്‍ പുറത്തുവന്നു പറഞ്ഞപ്പോള്‍ തന്നെ രോഗിയെ കയറ്റി ആംബുലന്‍സ് പറഞ്ഞുവിട്ടെന്നും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി വ്യക്‌തമാക്കി. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയ് എം.എല്‍.എ. ആവശ്യപ്പെട്ടു.
നിയമനടപടി സ്വീകരിക്കും: മന്ത്രി ഒ.ആര്‍. കേളു
തിരുവനന്തപുരം: ആംബുലന്‍സ് തടഞ്ഞതിനെത്തുടര്‍ന്ന് വിതുരയിലെ ആദിവാസി യുവാവ് ബിനു മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പട്ടികവര്‍ഗ വികസന മന്ത്രി ഒ.ആര്‍. കേളു പറഞ്ഞു.
യഥാസമയം മെഡിക്കല്‍ കോളജില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കാത്തതിനെത്തുടര്‍ന്നാണ് ആദിവാസി യുവാവ് മരിച്ചത്. ചികിത്സ ലഭ്യമാക്കുന്നതിന് തടസം സൃഷ്‌ടിച്ചവര്‍ക്കെതിരേ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കും.- മന്ത്രി ഒ.ആര്‍. കേളു പ്രസ്‌താവിച്ചു.