• Wed. Sep 23rd, 2026

24×7 Live News

Apdin News

ആകെ രണ്ടുമൂന്ന് സീന്‍ മാത്രമുള്ള കഥാപാത്രം അത്ര വലിയ സംഭവമാണെന്ന് അറിയുന്നത് നിങ്ങളൊക്കെ പറയുമ്പോഴാണ്; തുറന്നുപറഞ്ഞ് ഉര്‍വശി

Byadmin

Sep 23, 2026


കൊച്ചി: ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടിമാരിലൊരാളായ ഉര്‍വശി മലയാള സിനിമയില്‍ നാലര പതിറ്റാണ്ടിലേറെയായി നിറഞ്ഞുനില്‍ക്കുന്നു.

ബാലതാരമായി കരിയറാരംഭിച്ച്, ഇന്നും ഓരോ ചിത്രത്തിലും വിസ്മയിപ്പിക്കുന്ന താരം തനിക്ക് ലഭിക്കുന്ന ഏത് വേഷവും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കി മാറ്റാറുണ്ട്. ഏറ്റവും പുതിയ ചിത്രമായ ‘ആശ’യിലും ഗംഭീര പ്രകടനമാണ് ഉര്‍വശി കാഴ്ചവച്ചിരിക്കുന്നത്.

താരത്തിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍ ചിത്രമായ ‘യോദ്ധാവി’ലെ ദമയന്തി. സംഗീത് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വളരെ ചെറിയ വേഷത്തില്‍ മാത്രമാണ് ഉര്‍വശി എത്തിയതെങ്കിലും, ആ ചുരുങ്ങിയ സീനുകളിലൂടെ വലിയൊരു ഇംപാക്ടാണ് താരം സൃഷ്ടിച്ചത്.

എന്നാല്‍ ആ കഥാപാത്രം ഇത്രയേറെ ചര്‍ച്ചയാകുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് തുറന്നുപറയുകയാണ് ഉര്‍വശി. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ഉര്‍വശിയുടെ വാക്കുകൾ:

‘അന്നത്തെ മീഡിയാസൊക്കെ പറഞ്ഞത് സൂപ്പര്‍സ്റ്റാറായി നില്‍ക്കുന്ന ഉര്‍വശി സിനിമയോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണ് രണ്ട് സീനുകള്‍ മാത്രമുള്ള റോള്‍ ചെയ്തത് എന്നായിരുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ പോലും ദമയന്തിക്ക് വലിയ പ്രാധാന്യം കൊടുത്തിട്ടില്ലായിരുന്നു.

ഇപ്പോള്‍ നിങ്ങളുടെ തലമുറയാണ് ആ കഥാപാത്രത്തെ കൂടുതല്‍ ചര്‍ച്ചയാക്കുന്നത്. നിങ്ങളൊക്കെ പറയുമ്പോഴാണ് ആ കഥാപാത്രം അത്ര വലിയ സംഭവമാണെന്ന് ഞാന്‍ അറിയുന്നത് തന്നെ.’

ചിത്രത്തില്‍ നായകനും വില്ലനും തമ്മിലുള്ള സംഘര്‍ഷമാണ് പ്രധാനമെന്നും, ഇതിനിടയില്‍ വന്നുപോകുന്ന ആ കഥാപാത്രത്തില്‍ താന്‍ വലിയ പ്രതീക്ഷകളൊന്നും വെച്ചിരുന്നില്ലെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ ഒരു ഘട്ടത്തില്‍ കഥാപാത്രങ്ങള്‍ നേപ്പാളിലേക്ക് പോയപ്പോള്‍ തന്റെ റോള്‍ അവസാനിച്ചുവെന്നും താരം പറഞ്ഞു. ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ യഥാർത്ഥ ആഴവും പ്രാധാന്യവും ഈയിടെയാണ് താൻ തിരിച്ചറിഞ്ഞതെന്നും, ‘ലാല്‍ സലാമി’ലെ അന്നമ്മ എന്ന കഥാപാത്രം ചെയ്യുമ്പോഴും അതിന്റെ ആഴം തനിക്ക് അത്ര കണ്ട് മനസ്സിലായിരുന്നില്ലെന്നും ഉര്‍വശി അഭിമുഖത്തില്‍ വ്യക്തമാക്കി.

career







By admin