മട്ടാഞ്ചേരി: ആഗോള നിലവാരത്തില്‍ കപ്പല്‍ നിര്‍മാണ ക്ലസ്റ്റര്‍ പദ്ധതിയില്‍ കൊച്ചി തുറമുഖവും. രാജ്യത്ത് അഞ്ചു കേന്ദ്രങ്ങളിലാണ് ഏട്ട് കപ്പല്‍ നിര്‍മാണ ക്ലസ്റ്ററുകള്‍ ആരംഭിക്കുന്നത്. രണ്ടു ലക്ഷം കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുക. ഗ്രീന്‍ഫീല്‍ഡ് സെക്ടറുകളില്‍ അഞ്ചും ബ്രൗണ്‍ ഫീല്‍ഡ് സെക്ടറുകളില്‍ മുന്നും ഉള്‍പ്പെടുത്തിയാണ് കൊച്ചി ക്ലസ്റ്റര്‍ ഒരുക്കുക.
ഗുജറാത്ത്, ഒഡീഷ, മഹാരാഷ്‌ട്ര, ആന്ധ്ര, കേരളം എന്നിവിടങ്ങളിലാണ് ക്ലസ്റ്ററുകള്‍. കൊച്ചി തുറമുഖം കേന്ദ്രീകരിച്ചാണ് കപ്പല്‍ നിര്‍മാണ ക്ലസ്റ്റര്‍ തയ്യാറാക്കുന്നത്. 700- 1000 ഏക്കര്‍ വരെ സ്ഥലമാണ് ക്ലസ്റ്ററിനായി ഏറ്റെടുക്കുന്നത്. ആഗോള പങ്കാളിത്തമുള്ള പദ്ധതിയില്‍ കൊറിയ, ജപ്പാന്‍, സ്‌കാന്‍ഡനേവിയ എന്നിവയാണ് കൊച്ചി കപ്പല്‍ നിര്‍മാണ ക്ലസ്റ്ററുമായി സഹകരിക്കുക. 25,000 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ ചെലവഴിക്കുന്നത്.
നേരിട്ട് 25,000 തൊഴിലവസരങ്ങളും പരോക്ഷമായി അര ലക്ഷത്തോളം തൊഴിലവസരങ്ങളുമാണുണ്ടാകുക. റെയില്‍, റോഡ്, കടല്‍ തീരബന്ധങ്ങളൊരുക്കുന്ന മേഖലകളാണ് ക്ലസ്റ്ററുകള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. സ്ഥല നിര്‍ണയങ്ങള്‍ പുര്‍ത്തിയായതായി കേന്ദ്ര ഷിപ്പിങ് വൃത്തങ്ങള്‍ ചുണ്ടിക്കാട്ടി. സമുദ്ര വികസന ഫണ്ട് ഇനത്തിലാണ് ക്ലസ്റ്റര്‍ നിര്‍മാണ തുക കേന്ദ്ര ബജറ്റില്‍ വിലയിരുത്തുക. ആഗോള കപ്പല്‍ നിര്‍മാണമേഖലയില്‍ ഒന്നാം നിരയിലേയ്‌ക്കുള്ള മുന്നേറ്റം ലക്ഷ്യമാക്കിയാണ് ക്ലസ്റ്ററുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ആഗോളതലത്തില്‍ 2030ല്‍ പത്താം സ്ഥാനത്തും 2047ല്‍ ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയ്‌ക്കൊപ്പം ഭാരതം അഞ്ചാം സ്ഥാനത്തുമെത്തുകയാണ് ലക്ഷ്യമിടുന്നത്.