കോട്ടയം: സി.പി.എം. നേതാവ് ഇ.പി. ജയരാജന്‍ എഴുതിയതെന്നു പറയപ്പെടുന്ന വിവാദ ആത്മകഥയുടെ ഒരു ഭാഗം പുറത്തുവന്നതില്‍ ഗൂഢാലോചനയുണ്ടെന്ന ഇ.പി. ജയരാജന്റെയും സി.പി.എം. നേതാക്കളുടെയും വാദം പൊളിയുന്നു. പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഗൂഢാലോചനാ വകുപ്പ് ചുമത്തിയിട്ടില്ല. ഈസ്റ്റ് പോലീസാണ് കേസന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. കേസില്‍ ഡി.സി. ബുക്‌സ് മുന്‍ എഡിറ്റര്‍ എ.വി. ശ്രീകുമാറിനെ മാത്രം പ്രതി ചേര്‍ത്താണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
വ്യാജ രേഖ ചമയ്ക്കല്‍, ഐടി ആക്ട് അടക്കമുള്ളവ ചുമത്തിയാണ് കുറ്റപത്രം. കേസെടുത്ത് ആറുമാസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പുസ്തകത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇ.പിയുടെ പരാതി. ഇ.പിയുടെ പരാതിയില്‍ കോട്ടയം എസ്.പി. നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോര്‍ന്നത് ഡി.സി. ബുക്‌സില്‍നിന്നാണെന്നു കണ്ടെത്തിയത്. ഡി.സി. ബുക്‌സിന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന എ.വി. ശ്രീകുമാര്‍ ആത്മകഥാഭാഗങ്ങള്‍ ചോര്‍ത്തിയെന്നാണ് ഡി.ജി.പിക്ക് നല്‍കിയ പോലീസ് റിപ്പോര്‍ട്ട്. അന്വേഷണ സംഘം കോട്ടയം സി.ജെ.എം. കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഇ.പി. ജയരാജന്‍ എഴുതിയതെന്ന് ഡി.സി. ബുക്‌സ് അവകാശപ്പെട്ട ‘കട്ടന്‍ ചായയും പരിപ്പുവടയും’ എന്ന പുസ്തകം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. പാര്‍ട്ടി തന്നെ കേള്‍ക്കാന്‍ തയാറായില്ലെന്നും രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും ആത്മകഥയില്‍ പറയുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. പാലക്കാട്് ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന സരിനെതിരേയും വിമര്‍ശനമുള്ളതായി പ്രചരിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവന്ന പുസ്തകവിവാദം സി.പി.എമ്മിനു കടുത്ത തലവേദനയാണുണ്ടാക്കിയത്.
വിവാദമായതോടെ പുസ്തകത്തെ തള്ളിപ്പറഞ്ഞാണ് ഇ.പി.രംഗത്ത് വന്നത്. ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും പൂര്‍ത്തിയായിട്ടില്ലെന്നും പുസ്തകം പ്രസിദ്ധീകരിക്കാനോ പ്രിന്റ് ചെയ്യാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു ഇ.പിയുടെ വിശദീകരണം.
ഇ.പിയുടെ വിവാദ പുസ്തക വിഷയം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റും വിളിച്ചുചേര്‍ത്തിരുന്നു. ആത്മകഥയില്‍ പുറത്തുവന്ന ഭാഗങ്ങള്‍ ഇ.പി. കൈയൊഴിഞ്ഞെങ്കിലും സി.പി.എം. നേതൃത്വം വിഷയത്തെ ഗൗരവമായാണ് വിലയിരുത്തിയത്. തുടക്കത്തില്‍ കേസുമായി മുന്നോട്ട് പോകാന്‍ ഇ.പി. ജയരാജനോ സി.പി.എം. നേതൃത്വമോ വലിയ താല്‍പര്യം കാണിച്ചിരുന്നില്ല. പിന്നീട് വിമര്‍ശനങ്ങള്‍ ശക്തമായതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.