സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
അറിവും വിനയവും കൊണ്ട് ആരെയും കീഴടക്കുന്ന മഹാനായ മാതൃകാ പണ്ഡിതനായിരുന്നു ഇന്നലെ വിടപറഞ്ഞ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുഖ്യ കാര്യദര്‍ശി ശൈഖുല്‍ ജാമിഅ: ഉസ്താദ് കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെന്ന മഹാവൃക്ഷത്തിന്റെ അമരത്തിരുന്നപ്പോഴും ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുവായി ജീവിച്ചപ്പോഴും ജീവിതത്തില്‍ പുലര്‍ത്തിപ്പോന്ന വിനയവും അസാധാരണമായ പക്വതയും അദ്ദേഹത്തെ പലരില്‍ നിന്നും വ്യത്യസ്തനാക്കി. സമസ്തയെന്ന ആദര്‍ശ പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറിയായി സേവനം ചെയ്ത ഉസ്താദ്, പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സംഘടനയുടെ നയനിലപാടുകള്‍ക്ക് കരുത്തും കാവലുമായി നിലകൊണ്ടു. ശതാബ്ദി പിന്നിട്ട സമസ്തയുടെ ചരിത്രത്തില്‍ നമ്മുടെ മാര്‍ഗദര്‍ശികളായ പള്ളി വീട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍, പറവണ്ണ കെ.പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവരുടെ പിന്‍ഗാമിയായിട്ടാണ് അദ്ദേഹം സമസ്ത ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെടുന്നത്.
വ്യക്തിപരമായി ദീര്‍ഘകാലത്തെ ബന്ധം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. സംഘടനാ രംഗത്ത് സജീവമായതോടെ അദ്ദേഹവുമായി കൂടുതല്‍ അടുത്തിടപഴകാന്‍ എനിക്ക് അവസരം ലഭിച്ചു. കൂടിയാലോചനകളിലും ചര്‍ച്ചകളിലും അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിലപ്പെട്ട ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ദീര്‍ഘകാലത്തെ അനുഭവങ്ങളുടെയും പരിചയങ്ങളുടെയും പിന്‍ബലമുണ്ടായിരുന്നു. ശംസുല്‍ ഉലമാ, കോട്ടുമല ഉസ്താദ് തുടങ്ങിയ മഹാന്മാരോടൊപ്പം പ്രവര്‍ത്തിക്കുകയും അവര്‍ക്ക് സേവനം ചെയ്യുകയും ചെയ്യാന്‍ തൗഫീഖ് ലഭിച്ച അദ്ദേഹത്തിന് അവരുടെ സംഘടനാ തീരുമാനങ്ങളെ കുറിച്ചും നയ നിലപാടുകളെ കുറിച്ചും പറയാന്‍ എന്നും വലിയ ആവേശമായിരുന്നു.
കിതാബുകളില്‍ വലിയ അവഗാഹം നേടിയ അദ്ദേഹം സ്വപ്രയത്‌നത്തിലൂടെ തന്റെ വൈജ്ഞാനിക വ്യക്തിത്വത്തെ വികസിപ്പിച്ചു. കിതാബുകളുടെ സാങ്കേതിക പരിജ്ഞാനത്തോടൊപ്പം അറബി ഭാഷയിലും സാഹിത്യത്തിലും ഇംഗ്ലീഷ് പോലെയുള്ള ഇതര ഭാഷകളിലും വ്യുല്‍പത്തി നേടി. അതിനാല്‍ തന്നെ നിരവധി പൊതു ഉത്തരവാദിത്തങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഇതര ഭാഷകളിലുള്ള അദ്ദേഹത്തിന്റെ പ്രാപ്ത്തി അദ്ദേഹത്തിന് പൊതു സ്വീകാര്യത നേടിക്കൊടുത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രസിഡന്റായി നിയോഗിക്കപ്പെട്ടതു മുതല്‍ ഉസ്താദ് ആലിക്കുട്ടി മുസ്‌ലിയാര്‍ നല്‍കിയ പിന്തുണയും സഹായവും വളരെ വലുതായിരുന്നു. സമസ്തയുടെ കേന്ദ്ര മുശാവറ ഏതെങ്കിലുമൊരു വിഷയത്തില്‍ നയപരമായ ഒരു തീരുമാനം കൈകൊള്ളുമ്പോള്‍ അദ്ദേഹം സ്വീകരിച്ചിരുന്ന കീഴ് വഴക്കങ്ങളും സമീപനങ്ങളും എന്നും ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും. സമസ്തയുടെ പാരമ്പര്യത്തിലൂന്നി പുതിയ കാലത്തെ ഉള്‍കൊള്ളുന്ന സമീപനം അദ്ദേഹം എല്ലാ കാലത്തും സ്വീകരിച്ചു.
വലിയൊരു പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തിരിക്കുന്ന തലക്കനമോ പ്രൗഢിയോ അദ്ദേഹം ആരോടും കാണിച്ചില്ല. സങ്കീര്‍ണമായ വിഷയങ്ങളുള്ളപ്പോഴെല്ലാം അവതാനതയോടെ കാര്യങ്ങള്‍ കേള്‍ക്കാനും അഭിപ്രായം രേഖപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഐതിഹാസികമായ നൂറാം വാര്‍ഷികം കാസര്‍കോട് കുണിയയില്‍ മാസങ്ങള്‍ക്ക് മുമ്പ് നടന്നപ്പോള്‍ ഏറെ അവശനായിട്ടും നഗരിയില്‍ വരാനും പതാക ഉയര്‍ത്തുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനും അദ്ദേഹം തയാറായി. നൂറാം വാര്‍ഷിക പ്രചരണത്തിന്റെ ഭാഗമായി കന്യാകുമാരിയില്‍ നിന്ന് മംഗലാപുരത്തേക്ക് നടന്ന സമസ്ത ശതാബ്ദി സന്ദേശ യാത്രയുടെ പതാക കൈമാറ്റത്തിന് സ്വാഗത സംഘം ശൈഖുല്‍ ജാമിഅ: ആലിക്കുട്ടി മുസ്‌ലിയാരെ തിരഞ്ഞെടുത്തത് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ അംഗീകാരമായിരുന്നു.
പ്രസ്ഥാനത്തോടും പ്രസ്ഥാന ബന്ധുക്കളോടും അദ്ദേഹം കാണിച്ച വാത്സല്യവും സ്‌നേഹവും അതിരറ്റതായിരുന്നു. പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളജിനെ അദ്ദേഹം ജീവന് തുല്യം സ്‌നേഹിച്ചു. സ്ഥാപനത്തിന്റെ ഉയര്‍ച്ചക്കും വളര്‍ച്ചക്കും അദ്ദേഹം എന്നും സേവന സന്നദ്ധനായിരുന്നു. ജാമിഅഃയുടെ പ്രൗഢിയും പാരമ്പര്യവും നിലനിര്‍ത്താന്‍ അദ്ദേഹം എപ്പോഴും മുന്നില്‍ നിന്നു. സമസ്ത കേന്ദ്ര മുശാവറ, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, സമസ്ത ഫത് വാ കമ്മിറ്റി തുടങ്ങിയ വിവിധ വേദികളില്‍ അദ്ദേഹവുമായി ഒന്നിച്ചിരിക്കാനും സഹപ്രവര്‍ത്തനം നടത്താനും സാധിച്ചു. കൂടാതെ കാസര്‍കോട് ഖാസി എന്ന നിലയില്‍ അവിടെ വെച്ചും ഉസ്താദുമായി ദീര്‍ഘകാലം ബന്ധപ്പെടാനും വിവിധ വിഷയങ്ങളില്‍ ഇടപെടാനും കഴിഞ്ഞു. അപ്പോഴെല്ലാം അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലിയിലും വിനയത്തോടെയും മാത്രമേ സംവദിക്കാറുള്ളൂ.
ശംസുല്‍ ഉലമായുടെ ശിഷ്യനെന്ന നിലയില്‍ അദ്ദേഹം എപ്പോഴും അഭിമാനം കൊണ്ടു. ശൈഖുനയുടെ ശിഷ്യന്മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന പ്രബോധന പ്രവര്‍ത്തനങ്ങളെ കുറിച്ച് അദ്ദേഹം എല്ലാ വേദികളിലും വാചാലനായി. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എടുത്ത തീരുമാനങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ടായിരുന്നു. അത് നടപ്പാക്കുവാനും പുതിയ പദ്ധതികളും പരിപാടികളുമായി സംഘടന എന്നും ചലനാത്മകമാവണമെന്നും അദ്ദേഹം ആഗ്രഹിച്ചു. ഉസ്താദിന്റെ വഫാത്തോടെ സമസ്തയുടെ പൈതൃകവും പാരമ്പര്യവും നെഞ്ചേറ്റിയ ഒരു ജീവിതം കൂടി വിടപറഞ്ഞിരിക്കുകയാണ്. പണ്ഡിതന്റെ മരണം ലോകത്തിന്റെ മരണമാണെന്ന വചനം അന്വര്‍ഥമാവുന്ന രൂപത്തിലാണ് ഒരോ മഹാ ജീവിതങ്ങളും അസ്തമിക്കുന്നത്. അവരുടെ കാല്‍പാടുകള്‍ പിന്തുടര്‍ന്ന് തലമുറകള്‍ക്ക് ദീനീ ചൈതന്യം കൈമാറേണ്ടവരാണ് നാമെല്ലാം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഇസ്സത്ത് നിലനിര്‍ത്താന്‍ നമ്മുടെ മുന്‍ഗാമികള്‍ സഹിച്ച ത്യാഗവും സേവനവും എന്നും ഓര്‍മിക്കുന്നതോടൊപ്പം ഉസ്താദിന്റെ പാരത്രിക ജീവിതം അല്ലാഹു സമ്പന്നമാക്കട്ടെ…