തുടർന്ന് ദക്ഷിണദിലേക്ക് സഞ്ചരിക്കുന്നതിനിടയിൽ, രാമനും ലക്ഷ്മണനും ഭയാനകമായ രൂപത്തിൽ അടുത്തുവരുന്ന ഒരു കബന്ധനെ, കണ്ടുമുട്ടി. തലയില്ലാത്ത, കൈകാലുകൾ മാത്രമുള്ള ഭീകര സത്ത്വം! കബന്ധൻ അവരെ ആക്രമിക്കാനടുത്തപ്പോൾ അവർ സ്വപ്രതിരോധത്തിനായി പെട്ടെന്നവന്റെ അവന്റെ നീണ്ട കൈകൾ മുറിച്ചുകളഞ്ഞു. വേദനയിൽ, കബന്ധൻ അവർ ആരാണെന്ന് ചോദിച്ചു. രാമൻ അവരുടെ ചരിതം പറഞ്ഞപ്പോൾ, കബന്ധൻ തന്റെ കഥയും വെളിപ്പെടുത്തി. ഒരിക്കൽ ഒരു ദിവ്യഗന്ധർവ്വനായിരുന്ന കബന്ധൻ സ്വന്തം സൗന്ദര്യത്തിൽ അഹങ്കരിച്ച് ഋഷി അഷ്ടാവക്രന്റെ വൈരൂപ്യത്തെ കളിയാക്കി മുനിയുടെ ശാപം വാങ്ങി. അങ്ങിനെയാണീ വിചിത്രമൃഗരൂപത്തിലേക്ക് മാറിയത്. രാക്ഷസരൂപിയായി കലഹിച്ചു കഴിഞ്ഞിരുന്ന അവൻ
ഒരിക്കൽ ഇന്ദ്രനുമായുള്ള യുദ്ധത്തിൽ തോറ്റപ്പോഴാണ് അവന്റെ തല ഉടലിനുള്ളിലേയ്‌ക്ക് അടിച്ചടക്കപ്പെട്ട് കബന്ധനായത്. ഋഷി പ്രവചിച്ചതുപോലെ രാമന്റെ ആഗമനം അവനെ ശാപത്തിൽ നിന്ന് മോചിപ്പിച്ചു.
കബന്ധന്റെ അഭ്യർത്ഥന പാലിച്ച്, രാമൻ തന്നെ അവന്റെ ശവം സംസ്കരിച്ചു. ചിതയിൽ നിന്ന് കബന്ധന്റെ രൂപത്തിന് പകരം അവന്റെ അലൗകികപ്രഭയോടെയുള്ള ഗന്ധർവ്വരൂപം ഉയർന്നുവന്ന് രാമന് മുന്നിൽ നമസ്കരിച്ച്, ശ്രീരാമനെ വിരാട്പുരുഷനായി, എല്ലാ നിലനില്പുകളുടേയും നിതാന്ത സാക്ഷിയായിക്കണ്ട് സ്തുതിചെയ്തു. സ്വർഗ്ഗത്തിലേക്ക് ഉയർന്നുപോകുതിന് മുമ്പ്, ഗന്ധർവ്വൻ രാമനോട് മാതംഗമുനിയുടെ ആശ്രമം സന്ദർശിക്കാൻ നിർദ്ദേശിച്ചു. അവിടെയാണ് അതീവഭക്തയായ ശബരി രാമന്റെ വരവിനായി ഏറെ നാളായി കാത്തിരിക്കുന്നത്.
ശബരീമോക്ഷം
രാമവും ലക്ഷ്മണനും ശബരിയുടെ ആശ്രമത്തിലേക്ക് പുറപ്പെട്ടു. അവിടെ, രാമഭക്തയായ ശബരി, കണ്ണീർ ചൊരിഞ്ഞ്, അതീവസന്തോഷത്തോടെ ഫലമൂലാദികൾ കൊണ്ടുവന്ന് അവരെ സ്വാഗതം ചെയ്തു സൽക്കരിച്ചു. കാട്ടുജാതിക്കാരിയായിരുന്നിട്ടും വനത്തിൽ തപസ്സുചെയ്യുന്ന ഋഷിമാരെ സേവിക്കാൻ അവൾ ജീവിതം മുഴുവനും ചിലവഴിച്ചുവന്നു. അവളുടെ ഭക്തിയിൽ സന്തുഷ്ടരായ ഋഷിമാർ, ശ്രീരാമനെ നേരിട്ട് കാണുവാനിടയാകുമ്പോൾ അവളുടെ ജീവിതലക്ഷ്യം പൂർത്തിയാകുമെന്ന് അനുഗ്രഹിച്ച് ഉറപ്പ് നല്കിയിരുന്നു. ഇപ്പോൾ, രാമന്റെ ദിവ്യസാന്നിദ്ധ്യത്തിൽ അവൾ ഏറെ ആഹ്ലാദിച്ചു. ഭക്തിയില്ലെങ്കിൽ ഒരുവന്റെ ഉന്നതകുലജന്മമോ, പണ്ഡിത്യമോ, ആചാരങ്ങളോ ഒന്നും തന്നെ ഭഗവദ് പ്രസാദം ലഭിക്കാൻ ഉത്തകുകയില്ലതന്നെ.
ശബരിയുടെ ഭക്തിയിലും വിനയത്തിലും സന്തുഷ്ടനായ രാമൻ, കരുണയോടെ അവളുമായി സത്സംഗം ചെയ്തു. “ഞാൻ ഭക്തരുടെ ഇടയിൽ ജാതിയോ ലിംഗമോ വേർതിരിച്ചറിയുന്നില്ല. ഏകാഗ്രമായ സ്നേഹവും ഭക്തിയും മാത്രമാണ് അവരെ എന്റെയടുക്കൽ കൊണ്ടുവരുന്നത്. ഭക്തിമാർഗ്ഗം മോക്ഷത്തിലേക്കുള്ള ഏറ്റവും ഉന്നതമായ പാതയാണ്.” ഭക്തി വളർത്താനായി രാമൻ ഒൻപത് വഴികൾ ശബരിക്ക് വിവരിച്ചു കൊടുത്തു. സത്സംഗം തേടുക, ഭഗവദ് കഥകളും അപദാനങ്ങളും കേൾക്കുകയും ആലപിക്കുകയും ചെയ്യുക, ഭഗവാന്റെ മഹിമകളെപ്പറ്റി സദാ ധ്യാനിക്കുക, ഭഗവദുപദേശങ്ങൾ പിന്തുടരുക, ആചാരങ്ങൾ ആത്മാർത്ഥമായി പാലിക്കുക, ധാർമ്മികജീവിതം നയിക്കുക, ഭഗവാന്റെ നാമം ധ്യാനിക്കുകയും ജപിക്കുകയും ചെയ്യുക, എല്ലാ ജീവികളോടും കരുണയോടെ പെരുമാറുക, എല്ലാ ജീവാത്മാക്കളിലും അവരിലെ ദിവ്യതയെക്കണ്ട് എല്ലാവരെയും തുല്യരായി കാണുക, എന്നിവയാണീ ഒൻപതു മാർഗ്ഗങ്ങൾ. ഈ പാതകൾ എല്ലാവർക്കും ഒരുപോലെ സ്വീകരിക്കാവുന്നതാണ്.
ജീവസാഫല്യം നേടി സംതൃപ്തയായ ശബരി, താൻ ദിവ്യദൃഷ്ടിയിലൂടെ കണ്ടതായ കാര്യങ്ങൾ വെളിപ്പെടുത്തി. “സീതാദേവി ലങ്കയിലാണുള്ളത്. രാമഭക്തിയിൽ ഉറച്ചു ദുഃഖിതയായി അവിടെയിരിക്കുന്നു. പമ്പാ നദിക്കരയിലെ ഋഷ്യമൂകപർവ്വതത്തിൽ നിവസിക്കുന്ന മർക്കടരാജാവ് സുഗ്രീവനെ കണ്ടുപിടിച്ച് അയാളുടെ സഹായം തേടിയാൽ ദേവിയെ കണ്ടെത്തുവാൻ കഴിയും. സുഗ്രീവനെ കണ്ട് അവനുമായി ഒരു സഖ്യം ഉണ്ടാക്കിയാൽ അവൻ അങ്ങയുടെ പരിശ്രമത്തിന് ഏറെ സഹായകരമാകും.” ജീവിതത്തിന്റെ ലക്ഷ്യം പൂർത്തിയാക്കിയ ശബരി, തന്റെ ഭൗതിക ശരീരം ഉപേക്ഷിച്ച് പരംപൊരുളിൽ ലയിക്കുവാൻ തന്നെ അനുവദിക്കണമെന്ന് രാമനോട് അഭ്യർത്ഥിച്ചു. രാമന്റെ ആശീർവാദത്തോടെ, അവൾ തന്റെ മർത്ത്യശരീരം ഉപേക്ഷിച്ച് മോക്ഷം നേടി.
അങ്ങനെ, കരുണാമയനായ രാമൻ ജടായു പോലുള്ള ശക്തരെയും, കബന്ധനെയും ശബരിയേയും പോലുള്ള അധഃസ്ഥിതരെയും, മോചിപ്പിച്ചത്തിലൂടെ ഭക്തിമാത്രമാണ് നിത്യസ്വാതന്ത്ര്യത്തിനു നിദാനം എന്ന് നമ്മെ പഠിപ്പിക്കുന്നു. മൃഗമായാലും പക്ഷിയായാലും മനുഷ്യനായാലും, ഭഗവദ്കൃപയ്‌ക്ക് ഒരുവന്റെ രൂപമോ, പാണ്ഡിത്യമോ ഒന്നും തടസ്സമാവുന്നില്ല.
ഭഗവാൻ പരമശിവൻ, രാമകഥയിലെ ഈ പവിത്രമായ സംഭവങ്ങൾ പാർവതിക്ക് വിവരിച്ചുകൊടുത്തുകൊണ്ട്, ശുദ്ധഹൃദയത്തോടെ രാമനിലേക്ക് തിരിയുന്ന എല്ലാവരെയും രാമൻ ആത്മീയോന്നതിയിലേക്ക് നയിക്കുന്നതിന്റെ അത്യന്തം പ്രചോദനപ്രദമായ തത്ത്വങ്ങൾ ഉദ്ബോധിപ്പിച്ചു. ഭക്തിയാൽ ഉള്ളംനിറഞ്ഞ പാർവതി, അത്ഭുതകരമായ രാമകഥയുടെ തുടർച്ച കേൾക്കാൻ ആകാംക്ഷയോടെ കാത്തിരുന്നു.