
കൊച്ചി: ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഡോ. റീന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും ട്രൈബ്യൂണല്‍ മാറ്റം സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ട്രൈബ്യൂണലിന്‌റെ ഈ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ഡോ. വി. മീനാക്ഷിയെ പുതിയ ഡയറക്ടറായി നിയമിച്ച നടപടി കോടതി അംഗീകരിക്കുകയും ചെയ്തു.
ട്രൈബ്യൂണലിന്റെ നടപടിക്രമങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ട്രൈബ്യൂണലിന്‌റെ സ്റ്റേ റദ്ദാക്കിയത്. എറണാകുളം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടറായിട്ടാണ് ഡോ. റീനയെ മാറ്റിയത്. റീനയെ തരംതാഴ്‌ത്തിയിട്ടില്ലെന്നും അനുയോജ്യമായ മറ്റൊരു പദവിയിലേക്കു മാറ്റുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.