കൊച്ചി: വി എസ് അച്യുതാനന്ദന് ക്യാപിറ്റൽ പണിഷ്മെൻ്റ് കൊടുക്കണമെന്ന് പറഞ്ഞത് കൊച്ചുപെൺകുട്ടിയെന്ന് സിപിഐഎം നേതാവ് സുരേഷ് കുറുപ്പ്. ‘ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ ഒരു കൊച്ചു പെൺകുട്ടി വി എസിന് ക്യാപിറ്റൽ പണിഷ്മെൻ്റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാൻ പറ്റാതെ വി എസ് വേദി വിട്ട് പുറത്തേക്കിറങ്ങി’യെന്നാണ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തിയിരിക്കുന്നത്. മാതൃഭൂമി ദിനപത്രത്തിൻ്റെ വാരാന്തപതിപ്പിൽ ‘ഇങ്ങനെയൊക്കെയായിരുന്നു എൻ്റെ വി എസ്’ എന്ന പേരിലെഴുതിയ ലേഖനത്തിലാണ് സുരേഷ് കുറുപ്പിൻ്റെ വെളിപ്പെടുത്തൽ.
ഒറ്റപ്പെട്ടപ്പോഴും വി എസ് പോരാട്ടം തുടർന്നു കൊണ്ടിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ആലപ്പുഴ സമ്മേളനത്തിലെ സംഭവം സുരേഷ് കുറുപ്പ് വിശദീകരിക്കുന്നത്. ‘താൻപിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നതായിരുന്നു വി എസ് നയം എപ്പോഴും. അദ്ദേഹത്തിൻ്റെ കൊച്ചുമക്കളുടെ പ്രായം മാത്രമുള്ളവർ സമ്മേളനങ്ങളിൽ അദ്ദേഹത്തിനെതിരെ നിലവിട്ട ആക്ഷേപങ്ങൾ ഉന്നയിച്ചു’വെന്ന ആമുഖത്തോടെയാണ് സുരേഷ് കുറുപ്പ് ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വിഎസ് ഇറങ്ങിപ്പോകാനുണ്ടായ സാഹചര്യം വിശദീകരിച്ചിരിക്കുന്നത്.