ജീവിതത്തിലെ തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് പ്രേക്ഷകരുമായി പങ്ക് വച്ച് നടൻ ഫഹദ് ഫാസിൽ. എന്നെങ്കിലും അഭിനയം നിർത്തിയാൽ ബാഴ്‌സലോണയിൽ ഊബർ ഡ്രൈവറാകുക എന്ന തന്റെ ആഗ്രഹം ഇപ്പോഴും താൻ മുറുകെ പിടിക്കുന്നുവെന്നാണ് ഫഹദ് പറയുന്നത് .
ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ, സംസാരിക്കുകയായിരുന്നു ഫഹദ് . പ്രേക്ഷകർ തന്നെ സ്‌ക്രീനിൽ കണ്ട് മടുത്തു തുടങ്ങിയാൽ, താൻ ഈ ആശയം ഗൗരവമായി പരിഗണിക്കുമെന്നാണ് താരം പറയുന്നത് . പഴയ ആ സ്വപ്നം ഇപ്പോഴുമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഫഹദ്.
“തീർച്ചയായും . സത്യം പറഞ്ഞാൽ, ഒരാളെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനേക്കാൾ മനോഹരമായി മറ്റൊന്നുമില്ല . ഒരാളുടെ യാത്രയുടെ ഭാഗമാകുന്നത്, മനോഹരമായ അനുഭവമാണ്. എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം ഞാൻ അത് ചെയ്യുന്നു. ഇത് എന്റെ സമയമാണ്. ഇത് ഡ്രൈവിംഗിനെക്കുറിച്ച് മാത്രമല്ല. അത് ഗെയിമുകൾ കളിക്കുന്നതോ, സ്പോർട്സ് കാണുന്നതോ, ടിവി കാണുന്നതോ ആകട്ടെ, നിങ്ങൾ എപ്പോഴും നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ ഏർപ്പെടണം . നിങ്ങൾ ലോകത്തെ എങ്ങനെ കാണുന്നു എന്നതിനെ അത് രൂപപ്പെടുത്തുന്നു.” – ഫഹദ് പറയുന്നു.
ഫഹദ് തന്റെ സ്വപ്നത്തെക്കുറിച്ച് സംസാരിക്കുന്നത് ഇതാദ്യമല്ല. നേരത്തെ ഒരു അഭിമുഖത്തിൽ, ‘ ബാഴ്‌സലോണയിൽ സ്ഥിരതാമസമാക്കാനും സ്‌പെയിനിൽ ചുറ്റി സഞ്ചരിക്കാനും ആഗ്രഹമുണ്ടെന്ന് ഞാൻ നസ്രിയയോട് പറഞ്ഞിരുന്നു. അവൾക്കും ആ ആശയം വളരെ ഇഷ്ടമാണ്, ‘ എന്നും അദ്ദേഹം പറഞ്ഞിരുന്നു.