തിരുവനന്തപുരം: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചതില്‍ ലോകമെങ്ങുമുള്ള മലയാളികള്‍ ആശ്വസിക്കുമ്പോള്‍ കേരളത്തില്‍ അതേച്ചൊല്ലിയും അവകാശത്തര്‍ക്കം!
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ ഇടപെടലാണ് അവസാനിമിഷം ഫലം കണ്ടതെന്ന വാദം ഖണ്ഡിച്ച്, കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉയര്‍ത്തിക്കാട്ടുകയാണ് സാമൂഹികമാധ്യമങ്ങളില്‍ ഒരുവിഭാഗം. ഇന്ത്യന്‍ ഉദ്യോഗസ്‌ഥര്‍ യെമനിലെ ജയില്‍ ഉദ്യോഗസ്‌ഥരുമായും പ്രോസിക്യൂട്ടറുമായും നിരന്തരം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വധശിക്ഷ മാറ്റിവച്ചതെന്നു കേന്ദ്രസര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
മനുഷ്യത്വപരമായ ഇടപെടല്‍ തുടരുമെന്നും അതെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചുകൊണ്ടാണെന്നും കാന്തപുരം വ്യക്‌തമാക്കി. അതിനിടെ, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനം കൈപ്പറ്റി മാപ്പ് നല്‍കുക മാത്രമാണ് ശരിഅത്ത് നിയമപ്രകാരം വധശിക്ഷ ഒഴിവാകാനുള്ള ഒരേയൊരു വഴി. യെമനിലെ സൂഫി പണ്ഡിതന്‍ ഷെയ്‌ഖ് ഹബീബ് ഉമറുമായി ചേര്‍ന്ന് കാന്തപുരം നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് തലാലിന്റെ കുടുംബം ചര്‍ച്ചയ്‌ക്കു തയാറായതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ചര്‍ച്ചയില്‍ അനുകൂലതീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷ. എട്ടരക്കോടി രൂപ അഥവാ 10 ലക്ഷം ഡോളറാണ് തലാലിന്റെ കുടുംബത്തിനു ദയാധനം നല്‍കേണ്ടിവരുക.
അതേസമയം, തലാലിന്റെ കുടുംബത്തില്‍ രണ്ടുപേര്‍ക്കാണ് നിമിഷപ്രിയയെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കുന്നതിനോട് എതിര്‍പ്പെന്നാണ് വിവരം. അവരെയും അനുനയിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
നിമിഷപ്രിയയെ രക്ഷിക്കാന്‍ എത്ര പണവും നല്‍കാന്‍ തയ്യാറാണെന്നാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി അറിയിച്ചു.
ഒരുകോടി രൂപ നല്‍കാമെന്നു വ്യവസായി ബോബി ചെമ്മണൂരും വ്യക്‌തമാക്കി.യെമനില്‍ നഴ്‌സായി ജോലിചെയ്യവേ 2017 ജൂലൈ 25-നാണ് തലാല്‍ അബ്‌ദുമഹദിയെ നിമിഷപ്രിയ കൊലപ്പെടുത്തിയത്.
യെമനില്‍ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ തലാല്‍ സഹായം വാഗ്‌ദാനം ചെയ്‌തിരുന്നു. തുടര്‍ന്ന് ഇയാള്‍ നിമിഷപ്രിയയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തതും ക്രൂരമായി പീഡിപ്പിച്ചതുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണു വിവരം.