
കോട്ടയം: മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിൽ എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്‌ക്ക് ഏഴാം സെമസ്റ്ററിലേക്ക് മതിയായ അറ്റൻഡൻസ് ഇല്ലാതെ പ്രവേശനം നൽകിയെന്ന പരാതിയിൽ എം.ജി. സർവകലാശാല സിൻഡിക്കേറ്റ് തുടരന്വേഷണം പ്രഖ്യാപിച്ചു. മുൻ പ്രിൻസിപ്പലാണ് മതിയായ ഹാജർ ഇല്ലാതിരുന്നിട്ടും ആർഷോയ്‌ക്ക് ഏഴാം സെമസ്റ്ററിലേക്ക് പ്രവേശനം നൽകിയതെന്നാണ് സർവകലാശാലയുടെ രേഖകൾ പ്രകാരമുള്ള ആരോപണം.
വിഷയം മുൻ ഇടത് സിൻഡിക്കേറ്റിന് രജിസ്ട്രാർ റിപ്പോർട്ട് ചെയ്തിരുന്നു. സർവകലാശാലയ്‌ക്ക് തെറ്റായ വിശദീകരണം നൽകിയെന്ന കണ്ടെത്തലിനെ തുടർന്ന് അന്നത്തെ സിൻഡിക്കേറ്റ് പ്രിൻസിപ്പലിന് താക്കീത് നൽകി കേസ് അവസാനിപ്പിച്ചിരുന്നു.
ഈ തീരുമാനം പുനഃപരിശോധിക്കാനാണ് വെള്ളിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് തീരുമാനിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെയും നിയോഗിച്ചു. സർവകലാശാലയ്‌ക്ക് ഉണ്ടായ മാനഹാനിയും പരിഗണിച്ചാണ് സമഗ്ര അന്വേഷണം നടത്താൻ തീരുമാനിച്ചത്. ഡോ. ആൽസൺ മാർട്ട്, ഡോ. ആതിര പ്രകാശ്, പ്രമോദ് ഗോപിനാഥ് എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങൾ.
അതേസമയം, മുൻ സിൻഡിക്കേറ്റ് അംഗം പി. ഹരികൃഷ്ണൻ കൃത്രിമരേഖകൾ ഉപയോഗിച്ച് യാത്രാബത്ത ഉൾപ്പെടെയുള്ളവയിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിലും സമഗ്ര അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. കഴിഞ്ഞ സിൻഡിക്കേറ്റിന്റെ കാലത്ത് ഗൈഡ്‌ഷിപ്പുകൾ നൽകിയതും ഗവേഷണകേന്ദ്രങ്ങൾ, കോഴ്‌സുകൾ എന്നിവ അനുവദിച്ചതും പരിശോധിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.