പത്തനംതിട്ട: അമേരിക്കയിലെ ടെക്‌സാസ് ആസ്ഥാനമായ കോറൊ ഹെല്‍ത്തിന് പാലാരിവട്ടത്തും കോഴിക്കോട്ടുമുള്ള ഓഫീസുകളിലെ 800-ല്‍ പരം തൊഴിലാളികളെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടാനായത് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ കാട്ടിയ കുറ്റകരമായ അലംഭാവം മൂലം.
രാഷ്‌ട്രീയ വിരോധത്തില്‍ പിണറായി സര്‍ക്കാര്‍ വരുത്തിവെച്ച വീഴ്ച ഇപ്പോള്‍ തൊഴില്‍ നിയമങ്ങള്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റി. ഇതാണ് കോറാ ഹെല്‍ത്തിന് കൂട്ടപ്പിരിച്ചുവിടലിന് സൗകര്യമൊരുക്കിയതും യുഡിഎഫ് സര്‍ക്കാരിന്റെ അനുരഞ്ജനശ്രമങ്ങളെ ധിക്കാരപൂര്‍വം തള്ളിക്കളയാന്‍ പ്രേരിപ്പിച്ചതെന്നും ട്രേഡ് യൂണിയന്‍ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. കമ്പനിയും തൊഴിലാളികളും തമ്മിലുള്ള വ്യവസ്ഥക്ക് പുതിയ ലേബര്‍ കോഡ് പ്രാധാന്യം നല്‍കുന്നു എന്നതാണ് ശ്രദ്ധേയം.
തൊഴിലാളികള്‍ക്ക് പൂര്‍ണമായും തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്ന നിയമങ്ങളായിരുന്നു പുതിയ ലേബര്‍ കോഡിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്. 100-ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ തൊഴിലാളികളെ പിരിച്ചുവിടുകയാണെങ്കില്‍ വിവരം ഒരു മാസം മുമ്പ് സംസ്ഥാന സര്‍ക്കാരിനെയും തൊഴിലാളികളെയും അറിയിക്കണമെന്നാണ് പുതിയ കേന്ദ്ര തൊഴില്‍ നിയമം അനുശാസിക്കുന്നത്.
300-ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ മൂന്ന് മാസം മുമ്പ് ജീവനക്കാരോട് പിരിച്ചുവിടാനുള്ള സാഹചര്യം കാര്യകാരണസഹിതം നോട്ടീസ് നല്‍കി വ്യക്തമാക്കണം. ഒപ്പം ജോലി ചെയ്ത ഓരോ വര്‍ഷവും കണക്കാക്കി വര്‍ഷം ഒന്നിന് 15 ദിവസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കണം. കൂടാതെ റിസ്‌ക് ഫില്ലിങ് ഫണ്ടായി 15 ദിവസത്തെ വേതനം അധികമായി നല്‍കണം. സ്ഥാപനം അടച്ചുപൂട്ടുകയാണെങ്കില്‍ 60 ദിവസം മുമ്പെങ്കിലും വിവരം സര്‍ക്കാരിനെയും ജീവനക്കാരെയും അറിയിക്കണം.
കാരണം കാണിച്ചു കൊണ്ടുള്ള നോട്ടീസ് ജീവനക്കാരുടെ പ്രതിനിധികള്‍ക്കും കൈമാറണം. ഒപ്പം നഷ്ടപരിഹാരമായി മൂന്ന് മാസത്തെ ശമ്പളവും നല്‍കണമെന്ന് പുതിയ ലേബര്‍ കോഡ് വ്യവസ്ഥ ചെയ്യുന്നു. ഇതെല്ലാം ലംഘിച്ചാണ് കോറാ ഹെല്‍ത്ത് ഒറ്റദിവസം കൊണ്ട് മുഴുവന്‍ തൊഴിലാളികളേയും പിരിച്ചുവിട്ട് ഓഫീസുകള്‍ പൂട്ടിയത്.
നിലവിലുണ്ടായിരുന്ന 29 പ്രധാന തൊഴില്‍ നിയമങ്ങള്‍ ഏകീകരിച്ച് നാല് ലേബര്‍ കോഡുകളാക്കി മാറ്റുന്ന അന്തിമ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മെയ് 18 നാണ് പുറപ്പെടുവിച്ചത്. ദിവസേനയുള്ള ജോലി സമയം 8 മണിക്കൂറായി തുടരുമെങ്കിലും, ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി എന്ന വ്യവസ്ഥ പ്രകാരം കമ്പനികള്‍ക്ക് നാല് പ്രവൃത്തി ദിവസമാണ് അനുവദിച്ചിട്ടുള്ളത്. മൂന്ന് ദിവസമാണ് അവധി. അധിക ജോലിക്ക് (ഓവര്‍ടൈം) കൃത്യമായ വേതനം ഉറപ്പാക്കിയിട്ടുണ്ട്.
പഴയ ലേബര്‍ കോഡില്‍ അഞ്ച് വര്‍ഷം ജോലി ചെയ്താലേ ഗ്രാറ്റുവിറ്റി ലഭിക്കുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ ലേബര്‍ കോഡ് പ്രകാരം ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ജീവനക്കാരന് ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടാകും. ഇപിഎഫ്, ഇഎസ്‌ഐ ആനുകൂല്യങ്ങള്‍ എല്ലാത്തരം തൊഴിലാളികള്‍ക്കും ലഭിക്കും. 40 വയസ് കഴിഞ്ഞ എല്ലാ ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ സൗജന്യ വാര്‍ഷിക ആരോഗ്യ പരിശോധന നടപ്പാക്കണം.
എല്ലാ തൊഴിലാളികള്‍ക്കും നിയമന ഉത്തരവ് നിര്‍ബന്ധമായും നല്‍കണം. ലിംഗഭേദമില്ലാതെ ഒരേ ജോലി ചെയ്യുന്നവര്‍ക്ക് തുല്യ വേതനവും ഉറപ്പാക്കുന്നു. രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്കും പുതിയ ലേബര്‍ കോഡില്‍ അനുവാദമുണ്ട്.
കേന്ദ്ര തൊഴില്‍ നിയമങ്ങളോട് പിണറായി കാട്ടിയ അന്ധമായ എതിര്‍പ്പ് ആയിരക്കണക്കിന് തൊഴിലാളികളെയാണ് പ്രതിസന്ധിയിലാക്കിയത്. തൊഴില്‍ തര്‍ക്കങ്ങള്‍ക്കു മേല്‍ കോടതിക്ക് പോലും ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണിപ്പോള്‍. കഴിഞ്ഞ ഒരു നൂറ്റാണ്ടായി നിലനിന്ന 29 കേന്ദ്രനിയമങ്ങളും 200 ല്‍ അധികം സംസ്ഥാന നിയമങ്ങളും പുതിയ ലേബര്‍കോഡ് വന്നതോടെ ഇല്ലാതായി. തൊഴിലാളികള്‍ക്ക് ഒരു പ്രശ്നം വന്നാല്‍ ഏത് നിയമമാണ് സംസ്ഥാനത്ത് പ്രയോഗിക്കേണ്ടതെന്ന് ലേബര്‍ ഓഫീസര്‍മാര്‍ക്കുപോലും അറിയാത്ത അവസ്ഥയാണിപ്പോള്‍.