ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവര്‍ത്തനം അഗ്നിശമനസേനയുടെ എന്‍ഒസി ഇല്ലാതെ. പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുതിയ കെട്ടിടത്തില്‍ അഗ്നിശമന സംവിധാനങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയാറാകാത്തത് ഗുരുതരവീഴ്ചയാണ്. ദിവസേന നിരവധി രോഗികളെത്തുന്ന ഇവിടെ ചെറിയൊരു തീപ്പിടിത്തമുണ്ടായാല്‍ പോലും അണയ്‌ക്കാനുള്ള സംവിധാനമില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് അഗ്നിശമനസേന മുമ്പ് നോട്ടീസ് നല്കിയിരുന്നു. എന്നാല്‍ ഒന്നുമുണ്ടായിട്ടില്ല.
പുതിയ ബ്ലോക്കില്‍ രണ്ട് കെട്ടിട സമുച്ഛയം
ഇടുക്കി മെഡിക്കല്‍ കോളജിലെ പുതിയ ബ്ലോക്കില്‍ രണ്ടു കെട്ടിട സമുച്ചയങ്ങളാണ്. ഒപിയും അത്യാഹിത വിഭാഗവും സ്‌കാനിങ് അടക്കമുള്ള പരിശോധനകളും ഇവിടെയാണ്. 80 പേരെ കിടത്താനുള്ള സൗകര്യവും ഉണ്ട്. കെട്ടിടത്തില്‍ തീയണക്കാന്‍ വെള്ളമെത്തിക്കാന്‍ പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പണി പൂര്‍ത്തിയാകാത്തതിനാല്‍ ഇവ പ്രവര്‍ത്തിപ്പിക്കാനാകില്ല. മെഡിക്കല്‍ കോളജിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതും ഇടുങ്ങിയ വഴിയിലൂടെയാണ്. അഗ്‌നിശമനസേനാ വാഹനങ്ങള്‍ക്ക് പ്രത്യേക പാത ഒരുക്കണമെന്ന നിര്‍ദേശമുണ്ടെങ്കിലും പാലിക്കപ്പെട്ടില്ല. തീപ്പിടിത്തമുണ്ടായാല്‍ രക്ഷപ്പെടാനുള്ള എമര്‍ജന്‍സി വാതിലുകളുമില്ല. ബഹുനില കെട്ടിടത്തിന് ചുറ്റും അഗ്നിശമന സേനയുടെ വാഹനങ്ങള്‍ക്ക് ഓടാനുള്ള സൗകര്യം ഉണ്ടായിരിക്കണമെന്നാണ് നിയമം. എന്നാല്‍ ഇവിടെയില്ല.
നിര്‍മാണം തുടങ്ങിയത് 10 വര്‍ഷം മുമ്പ്
2015ലാണ് പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങിയത്. കിറ്റ്‌കോയ്‌ക്കാണ് നിര്‍മാണ ചുമതല. കിറ്റ്‌കോയുടെ അലംഭാവം മൂലം പത്തു വര്‍ഷം കഴിഞ്ഞിട്ടും കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടത്തിനും നിര്‍ദേശം നല്കാനും വിദഗ്ധരില്ലാത്തതാണ് കാരണം. കരാര്‍ ഏറ്റെടുത്തു നി
ര്‍മാണം നടത്തുന്ന കിറ്റ്‌കോ ആശുപത്രിക്ക് അനുയോജ്യമായ മാതൃകയിലല്ല പണികള്‍ നടത്തുന്നതെന്നും വ്യാപകമായ പരാതിയുണ്ട്.
കോട്ടയത്തേക്ക് റഫര്‍ ചെയ്യുന്നത് പതിവായി
ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നത് തുടരുകയാണ്. കാത്ത് ലാബ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപനങ്ങള്‍ ഉണ്ടെങ്കിലും നടപടിയില്ല. 11 കെവി സബ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ വാങ്ങിയ ട്രാന്‍സ്‌ഫോര്‍മറുകള്‍ കാലപ്പഴക്കം മൂലം മെയിന്റനന്‍സ് നടത്തേണ്ട സ്ഥിതിയിലാണ്. ഇതിന് മാത്രം എട്ടുകോടി രൂപ വേണ്ടിവരുമെന്നാണ് കണക്ക്. ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് പരിഹരിക്കുന്നതിനും നടപടി ഉണ്ടായിട്ടില്ല.