• Wed. Apr 22nd, 2026

24×7 Live News

Apdin News

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

Byadmin

Apr 22, 2026


ഭാരതത്തിലെ കോടിക്കണക്കിന് വരുന്ന അമ്മമാരുടെയും സഹോദരിമാരുടെയും ദീർഘനാളത്തെ സ്വപ്നങ്ങളെയാണ് കോൺഗ്രസ്സും അവരുടെ സഖ്യകക്ഷികളും ചേർന്ന് പാർലമെന്റിൽ ഇല്ലാതാക്കിയത്. ‘നാരി ശക്തി വന്ദൻ അധിനിയം’ അഥവാ വനിതാ സംവരണ ബിൽ ഭേദഗതി പരാജയപ്പെടുത്തിയതിലൂടെ തങ്ങളുടെ യഥാർത്ഥ സ്ത്രീവിരുദ്ധ മുഖം കോൺഗ്രസ് വീണ്ടും രാജ്യത്തിന് മുന്നിൽ തുറന്നുകാട്ടിയിരിക്കുകയാണ്. സ്വന്തം രാഷ്‌ട്രീയ സ്വാർത്ഥതയ്‌ക്ക് മുന്നിൽ രാജ്യതാൽപ്പര്യത്തെയും സ്ത്രീശാക്തീകരണത്തെയും ബലികഴിച്ച പ്രതിപക്ഷത്തിന്റെ നടപടി സ്വതന്ത്ര ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനകളിലൊന്നാണ്.

ഏറ്റവും ദൗർഭാഗ്യകരമായ വസ്തുത, പാർലമെന്റിൽ ഈ ബിൽ പരാജയപ്പെട്ടപ്പോൾ കോൺഗ്രസും ഡിഎംകെയും ടിഎംസിയും സമാജ് വാദി പാർട്ടിയും, ഇടതുപക്ഷവും ഉൾപ്പെടുന്ന പ്രതിപക്ഷം അത് കയ്യടിച്ച് ആഘോഷിച്ചു എന്നതാണ്. ഇത് കേവലം ഒരു ബില്ലിന്റെ പരാജയമല്ല, മറിച്ച് രാജ്യത്തെ അമ്പത് ശതമാനം വരുന്ന സ്ത്രീകളുടെ ആത്മാഭിമാനത്തിന് ഏറ്റ കനത്ത പ്രഹരമാണ്. അവകാശങ്ങൾ നിഷേധിക്കപ്പെട്ടത് കണ്ട് ആഹ്ളാദിച്ച ഈ പാർട്ടികളെ ഭാരതത്തിലെ സ്ത്രീകൾ ഒരിക്കലും പൊറുക്കില്ല എന്ന് തീർച്ചയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീകൾ ഇതെല്ലാം വ്യക്തമായി കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്.

കോൺഗ്രസ് ഉൾപ്പെടെയുള്ള ഈ പ്രതിപക്ഷ പാർട്ടികൾ വനിതാ സംവരണത്തെ ഇത്രയധികം ഭയപ്പെടുന്നതിന്റെ പ്രധാന കാരണം അവരുടെ കുടുംബാധിപത്യ രാഷ്‌ട്രീയമാണ്. രാജ്യത്തെ സാധാരണക്കാരായ സ്ത്രീകൾ ശാക്തീകരിക്കപ്പെടുകയും കൂടുതൽ പ്രാതിനിധ്യത്തോടെ നിയമനിർമ്മാണ സഭകളിലേക്ക് കടന്നുവരികയും ചെയ്താൽ, തലമുറകളായി അധികാരം കൈയ്യാളുന്ന ഈ കുടുംബങ്ങളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകും. തങ്ങളുടെ കുടുംബത്തിന് പുറത്തുള്ള സ്ത്രീകൾക്ക് അധികാരം ലഭിക്കുന്നതിലുള്ള ഈ അരക്ഷിതാവസ്ഥയാണ് പാർലമെന്റിൽ കണ്ട അവരുടെ എതിർപ്പിന്റെ അടിസ്ഥാനം. എന്നാൽ, തങ്ങളുടെ ഈ സ്ത്രീവിരുദ്ധ നിലപാട് മറച്ചുവെക്കാൻ കോൺഗ്രസും സഖ്യകക്ഷികളും ഇപ്പോൾ മണ്ഡല പുനർനിർണയത്തിന്റെ പേരിൽ രാജ്യത്ത് വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടുകയാണ്. ബ്രിട്ടീഷുകാരിൽ നിന്ന് പഠിച്ച ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന തന്ത്രം ഉപയോഗിച്ച്, ഡീലിമിറ്റേഷൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ദോഷം ചെയ്യുമെന്ന പച്ചക്കള്ളം അവർ പ്രചരിപ്പിക്കുന്നു. ഒരു സംസ്ഥാനത്തിന്റെയും പ്രാതിനിധ്യം കുറയില്ലെന്നും എല്ലാ സംസ്ഥാനങ്ങൾക്കും ആനുപാതികമായി സീറ്റുകൾ വർദ്ധിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടും, ബോധപൂർവ്വം ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്.

വാസ്തവത്തിൽ, മാറ്റങ്ങളെയും വികസനങ്ങളെയും എക്കാലത്തും എതിർത്തിട്ടുള്ള ചരിത്രമാണ് കോൺഗ്രസിനുള്ളത്. വികസിത ഭാരതത്തിന് ആവശ്യമായ മുത്തലാഖ് നിരോധനം, ജിഎസ്ടി, ഡിജിറ്റൽ പേയ്‌മെന്റ്, ആർട്ടിക്കിൾ 370 റദ്ദാക്കൽ, പൗരത്വ ഭേദഗതി നിയമം, ഏകീകൃത സിവിൽ കോഡ് തുടങ്ങി രാജ്യപുരോഗതിക്ക് ഉതകുന്ന എല്ലാ തീരുമാനങ്ങളെയും അവർ കണ്ണടച്ച് എതിർത്തിട്ടുണ്ട്. ഏത് പുതിയ പരിഷ്കാരം കൊണ്ടുവന്നാലും അതിൽ വ്യാജപ്രചാരണങ്ങൾ നടത്തി തടസ്സം നിൽക്കുക എന്നത് മാത്രമാണ് കോൺഗ്രസിന്റെ അജണ്ട.

മണ്ഡല പുനർനിർണയവും വസ്തുതകളും
2023-ൽ പാസാക്കിയ വനിതാ സംവരണ നിയമത്തിൽ (നാരി ശക്തി വന്ദൻ അധിനിയം), പുതിയ സെൻസസും മണ്ഡല പുനർനിർണയവും (ഡീലിമിറ്റേഷൻ) പൂർത്തിയാക്കിയ ശേഷം മാത്രമേ സംവരണം പ്രാബല്യത്തിൽ വരൂ എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ പുതിയ സെൻസസ് എടുത്ത് അതിനുശേഷം സങ്കീർണ്ണമായ ഡീലിമിറ്റേഷൻ പ്രക്രിയ പൂർത്തിയാക്കാൻ കാത്തിരുന്നാൽ വനിതാ സംവരണം യാഥാർത്ഥ്യമാകാൻ 2034 വരെ കാത്തിരിക്കേണ്ടി വരും. സ്ത്രീകളുടെ ഈ അവകാശം ഇനിയും നീളുന്നത് ഒഴിവാക്കാനും, എത്രയും വേഗം അവർക്ക് അധികാരത്തിൽ പ്രാതിനിധ്യം ഉറപ്പാക്കാനുമാണ് നിലവിലുള്ള 2011-ലെ സെൻസസ് വിവരങ്ങൾ അടിസ്ഥാനമാക്കി വേഗത്തിൽ ഡീലിമിറ്റേഷൻ പൂർത്തിയാക്കാൻ സർക്കാർ തീരുമാനിച്ചത്.

പുതിയ സെൻസസിനായി കാത്തുനിൽക്കാതെ 2011-ലെ കണക്കുകൾ ഉപയോഗിക്കുന്നതിലൂടെ, 2034-ന് പകരം 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ ഭാരതത്തിലെ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ലഭ്യമാക്കുക എന്ന സദുദ്ദേശ്യമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമാക്കിയത്.

ജനാധിപത്യ സംവിധാനത്തിൽ ജനസംഖ്യാനുപാതികമായി തുല്യമായ രാഷ്‌ട്രീയ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് മണ്ഡല പുനർനിർണയം അഥവാ ഡീലിമിറ്റേഷൻ (Delimitation) നടപ്പിലാക്കുന്നത്. കാലക്രമേണ രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ ജനസംഖ്യയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നതിനാൽ, ഓരോ മണ്ഡലത്തിലെയും വോട്ടർമാരുടെ എണ്ണം ഏകദേശം തുല്യമായി നിലനിർത്താനും അതുവഴി ‘ഒരു വോട്ട്, ഒരു മൂല്യം’ (One Vote One Value) എന്ന അടിസ്ഥാന ജനാധിപത്യ തത്വം സംരക്ഷിക്കാനും ഈ പ്രക്രിയ അനിവാര്യമാണ്. മണ്ഡല പുനർനിർണയം അഥവാ ഡീലിമിറ്റേഷൻ നടപ്പിലാക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ലോക്സഭാ പ്രാതിനിധ്യം കുറയുമെന്ന് കോൺഗ്രസും സഖ്യകക്ഷികളും ചേർന്ന് നടത്തുന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമായ പച്ചക്കള്ളമാണ്. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ നഷ്ടപ്പെടുമെന്നും, പകരം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും പറഞ്ഞ് ജനങ്ങളെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നത്.

ഭാരതത്തിന്റെ ജനസംഖ്യ കേവലം 54 കോടിയായിരുന്ന 1971-ലാണ് ലോക്സഭാ സീറ്റുകളുടെ എണ്ണം 543 ആയി നിജപ്പെടുത്തിയത്. ഇന്നത്തെ 140 കോടി ജനങ്ങൾക്ക് പാർലമെന്റിൽ അർഹമായ പ്രാതിനിധ്യം ലഭിക്കണമെങ്കിൽ ആകെ സീറ്റുകളുടെ എണ്ണം 816-ന് മുകളിലേക്ക് ഉയർത്തേണ്ടത് അനിവാര്യമാണ്. പുതിയ ഡിലിമിറ്റേഷൻ പ്രക്രിയ ഏതെങ്കിലും ഒരു പ്രത്യേക സംസ്ഥാനത്തിന് മാത്രം ഗുണം ചെയ്യുന്ന ഒന്നല്ല. മറിച്ച്, എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായി 50 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കുന്ന ആനുപാതിക വികസനമാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഏറ്റവും വലിയ യാഥാർത്ഥ്യം മറ്റൊന്നാണ്: ഡിലിമിറ്റേഷൻ വരുന്നതോടെ ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം ഒട്ടും കുറയില്ലെന്ന് മാത്രമല്ല, നിലവിലെ സീറ്റ് വിഹിതമായ 23.76 ശതമാനത്തിൽ നിന്ന് 23.87 ശതമാനമായി വർദ്ധിക്കുകയേ ഉള്ളൂ. കണക്കുകൾ പരിശോധിച്ചാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആകെ ലോക്സഭാ സീറ്റുകൾ 129-ൽ നിന്ന് 195 ആയി കുതിച്ചുയരും. സംസ്ഥാനാടിസ്ഥാനത്തിലുള്ള വർദ്ധനവ് താഴെ പറയുന്നതാണ്:

● കേരളം: 20-ൽ നിന്ന് 30 ആയി വർദ്ധിക്കും.
● തമിഴ്നാട്: 39-ൽ നിന്ന് 59 ആയി വർദ്ധിക്കും.
● കർണ്ണാടക: 28-ൽ നിന്ന് 42 ആയി വർദ്ധിക്കും.
● ആന്ധ്രപ്രദേശ്: 25-ൽ നിന്ന് 38 ആയി വർദ്ധിക്കും.
● തെലങ്കാന: 17-ൽ നിന്ന് 26 ആയി വർദ്ധിക്കും.

ജനസംഖ്യ നിയന്ത്രിച്ചതിന്റെ പേരിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പിന്തള്ളപ്പെടില്ല എന്ന് ഈ കണക്കുകൾ സംശയാതീതമായി വ്യക്തമാക്കുന്നു. പാർലമെന്റിൽ ദക്ഷിണേന്ത്യയുടെ ശബ്ദം കൂടുതൽ കരുത്തോടെ മുഴങ്ങാനുള്ള ഈ സുവർണ്ണാവസരത്തെയാണ് ‘ഇൻഡി’ മുന്നണി തച്ചുടച്ചത്.

 



By admin