വാഷിംഗ്ടണ്‍: ഇന്ത്യക്കാരെ ജോലിക്കെടുക്കുന്നത് നിര്‍ത്തണമെന്ന് ഗൂഗിള്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പെടെയുള്ള ടെക് കമ്പനികളോട് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. പകരം അമേരിക്കക്കാരെ മാത്രം ജോലിയില്‍ നിയമിക്കണമെന്നാണ് ട്രംപിന്റെ കര്‍ശനം നിര്‍ദേശം.
എന്നാല്‍ അമേരിക്കയിലെ ടെക് രംഗത്തെ കുതിപ്പ് മുരടിപ്പിച്ച് രാജ്യത്തെ നശിപ്പിക്കുകയാണോ ട്രംപിന്റെ ലക്ഷ്യമെന്നാണ് അവിടുത്തെ ടെക്നോളജി കമ്പനികള്‍ രഹസ്യമായി ചോദിക്കുന്നത്. കാരണം എഐ പോലുള്ള ടെക്നോളജികള്‍ ടെക് ലോകത്തെ കീഴ്മേല്‍ മറിക്കുകയാണ്. മിടുക്കരായ ഇന്ത്യക്കാരെയാണ് ഗൂഗിളും മെറ്റയും തേടുന്നത്. പ്രത്യേകിച്ചും ഇന്ത്യയിലെ ഐഐടികളില്‍ നിന്നും പഠിച്ചിറങ്ങുന്ന മിടുക്കന്മാരായ എഞ്ചിനീയര്‍മാരെ. ഇന്ത്യക്കാര്‍ക്ക് അമേരിക്കക്കാരെ അപേക്ഷിച്ച് ശമ്പളവും കുറവാണ്. റിസള്‍ട്ടോ പത്തിരട്ടിയുമാണ്. അമേരിക്ക ടെക്നോളജി രംഗത്ത് ലോകത്തെ ഒന്നാം കിട ശക്തിയായി മാറിയത് തന്നെ ഇന്ത്യയില്‍ നിന്നും പോയ മിടുക്കരുടെ കഠിനാധ്വാനം കൊണ്ടാണ്.
മാത്രമല്ല, കാലത്തിന് മുന്‍പേ ചിന്തിക്കാനുള്ള ഇന്ത്യക്കാരുടെ മിടുക്ക് മനസ്സിലാക്കി പല കമ്പനികളും സിഇഒ പോസ്റ്റില്‍ നിയമിക്കുന്നതും ഇന്ത്യക്കാരെയാണ്. അതിന് ഉദാഹരണമാണ് ഗുഗൂളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ സിഇഒ സ്ഥാനത്ത് ഇന്ത്യക്കാരനായ സുന്ദര്‍പിച്ചൈയെയും മൈക്രോസോഫ്റ്റിന്റെ സിഇഒ പോസ്റ്റിലേക്ക് സത്യ നഡേല്ലയെയും തെരഞ്ഞെടുത്തുകൊണ്ടുള്ള അമേരിക്കയിലെ വമ്പന്‍ ടെക്നോളജി കമ്പനികളുടെ നീക്കം. ഈയിടെ മെറ്റ ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ് അവരുടെ പുതിയ എഐ അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ തലപ്പത്തേക്ക് ഇന്ത്യന്‍ കൗമാരക്കാരനെ നിയമിച്ചത് 800 കോടി വാര്‍ഷിക ശമ്പളം നല്‍കിയാണ്.
അങ്ങിനെയിരിക്കെയാണ് ടെക്നോളജി രംഗത്തെ കുതിപ്പു തടയുന്ന തരത്തില്‍ അമേരിക്കക്കാരെ ജോലിക്കെടുക്കുക, അമേരിക്കയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുപോകുക എന്ന ട്രംപിന്റെ തലതിരിഞ്ഞ നയം നടപ്പാക്കാന്‍ ശ്രമം നടക്കുന്നത്. മിടുക്കരായ അമേരിക്കക്കാരെ ജോലിക്ക് കിട്ടാനില്ലെന്ന അമേരിക്കന്‍ കമ്പനികളുടെ വാദത്തില്‍ കഴമ്പില്ലെന്നും അമേരിക്കാരെ ജോലിക്കെടുക്കണമെന്നും വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സും കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മാത്രമല്ല, എച്ച് 1 ബി വിസയില്‍ കര്‍ശനമായ നിയന്ത്രണം പാലിക്കാനും ജെ.ഡി.വാന്‍സ് ആവശ്യപ്പെട്ടതായി പറയുന്നു. ഇന്ത്യയില്‍ നിന്നും ടെക്കികളെ അമേരിക്കയിലേക്ക് ആവശ്യത്തിന് കൊണ്ടുപോകുന്നത് എച്ച് 1 ബി വിസ ഉപയോഗിച്ചാണ്. ഇത് ഇന്ത്യയിലേക്ക് ഇത്തരം ടെക് കമ്പനികള്‍ കൂടുതലായി വരാന്‍ കാരണമാകുമോ എന്നും കരുതപ്പെടുന്നു.