ന്യൂദല്‍ഹി: ഇന്ത്യയുടെ നാവിക ചീഫ് അഡ്മീറല്‍ ത്രിപാഠിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യയുടെ എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ഗ്രീസിലെത്തി അവിടുത്തെ പട്ടാളമേധാവിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിറളി പൂണ്ട് തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍. ഇന്ത്യയും ഗ്രീസും തമ്മില്‍ സൈനിക സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ കൂടിക്കാഴ്ച. തുര്‍ക്കിയുടെ ലഫ്. ജനറല്‍ ഡിമോസ്തനീസ് ഗ്രിഗോറിയേഡിയസുമായാണ് അമര്‍പ്രീത് സിങ്ങ് ചര്‍ച്ചകള്‍ നടത്തിയത്.
നേരത്തെ പ്രധാനമന്ത്രിയുടെ ഗ്രീസ് സന്ദര്‍ശനവും സൈനിക മേധാവികളുടെ ഗ്രീസ് സന്ദര്‍ശനവും കൂടിയായതോടെ തുര്‍ക്കിയിലെ മാധ്യമങ്ങള്‍ ആശങ്കയുണര്‍ത്തുന്ന കഥകളാണ് എഴുതിവിടുന്നത്. ഇന്ത്യ ബ്രഹ്മോസ്, നിര്‍ഭയ് എന്നീ മിസൈലുകള്‍ ഗ്രീസിന് വില്‍ക്കുമോ എന്നതിലാണ് എര്‍ദോഗാന് ഭയം. കാരണം ബ്രഹ്മോസ് മിസൈല്‍ ചൈനയുടെ വ്യോമപ്രതിരോധസംവിധാനങ്ങളെ തകര്‍ത്ത് എങ്ങിനെയാണ് പാകിസ്ഥാന്റെ സൈനിക വിമാനത്താവളങ്ങളില്‍ നാശം വിതച്ചതെന്ന് എര്‍ദോഗാനറിയാം. ഇത് ഗ്രീസിന് കിട്ടിയാല്‍ നേരിട്ട് തുര്‍ക്കിയെ അടിക്കാനാകും. തുര്‍ക്കിയുടെ കയ്യില്‍ റഷ്യ നല്‍കിയ എസ് 400 (ഇന്ത്യയില്‍ ഇത് സുദര്‍ശന എന്നാണ് അറിയപ്പെടുന്നത്) എന്ന വ്യോമപ്രതിരോധ സംവിധാനമുണ്ട്. എന്നല്‍ എസ് 400ന് അടിച്ചിടാന്‍ കഴിയാത്ത ഹൈപ്പര്‍സോണിക് മിസൈലുകളും ഇന്ത്യയുടെ പക്കല്‍ ഉണ്ട്. ഇത് നല്‍കാനും ഇന്ത്യ തയ്യാറാണ്. പക്ഷെ പ്രശ്നം നേറ്റോയാണ്. അമേരിക്കയും ബ്രിട്ടനും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടെ 32 അംഗരാഷ്‌ട്രങ്ങളുള്ള നേറ്റോയില്‍ ഗ്രീസും തുര്‍ക്കിയും അംഗങ്ങളാണ്. ഇന്ത്യയ്‌ക്ക് നേറ്റോയില്‍ അംഗത്വമില്ല. സഹകരണം മാത്രമേയുള്ളൂ. നേറ്റോ പ്രധാനമായും നോര്‍ത്ത് അറ്റ്ലാന്‍റികിലെ സൈനിക പ്രതിരോധത്തിനായി രൂപീകരിക്കപ്പെട്ട രാഷ്‌ട്രസഖ്യമാണ്. അതിനാല്‍ ഗ്രീസിന് ഇന്ത്യ ആയുധങ്ങള്‍ വില്‍ക്കുന്നത് തടയാന്‍ നേറ്റോയില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് എര്‍ദോഗാന്‍. ഈയിടെ ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത് സോ താകിസുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ മോദിയും ഇന്ത്യ മിസൈല്‍ നല്‍കാന്‍ ഒരുക്കമാണെന്ന് അറിയിച്ചിരുന്നു. പക്ഷെ നേറ്റോയുടെ നിര്‍ദേശം മറികടന്ന് ഇന്ത്യയില്‍ നിന്നും മിസൈല്‍ വാങ്ങുന്നതിന് ഗ്രീസിന് കടമ്പകളുണ്ട്. എന്തായാലും എര്‍ദോഗാനും തുര്‍ക്കിയും അങ്കലാപ്പിലാണ്.
ഇന്ത്യയുടെ എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങ് ഗ്രീസിലെ സൈനിക മേധാവികളുമായി നടത്തിയ ചര്‍ച്ചയില്‍ സൈനിക ഓപ്പറേഷന്‍സ്, പരിശീിലനം എന്നീ കാര്യങ്ങളില്‍ വിശദമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഗ്രീസുമായി ചേര്‍ന്ന് ഇന്ത്യ നടത്തുന്ന സൈനിക വ്യോമാഭ്യാസപ്രകടനങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. ഇനിയോചോസ്, തരംഗ് ശക്തി എന്നീ സംയുക്ത സൈനികാഭ്യാസപ്രകടനങ്ങള്‍ ഗ്രീസും ഇന്ത്യയും ചേര്‍ന്ന് നടത്തുന്നുണ്ട്. ഇന്ത്യയും ഗ്രീസും നേരത്തെ ഒപ്പിട്ടിരിക്കുന്ന സൈനികസഹകരണക്കരാറിന്റെ ഭാഗമായിട്ടായിരുന്നു എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങിന്റെ ഗ്രീസിലെ സന്ദര്‍ശനം. ഭാവിയില്‍ വ്യോമാക്രമണ സംവിധാനം പരിഷ്കരിക്കല്‍, രഹസ്യവിവരങ്ങള്‍ കൈമാറല്‍, പ്രതിരോധമേഖലയില്‍ സംയുക്തമായി സാങ്കേതിക വികസനം എന്നിവ ഗ്രീസുമായുള്ള സഹകരണത്തില്‍ ഇന്ത്യയുടെ ലക്ഷ്യങ്ങളാണ്. പാകിസ്ഥാനും തുര്‍ക്കിയും തമ്മില്‍ വളരുന്ന പങ്കാളിത്തത്തെ ചെറുക്കാന്‍ കൂടിയാണ് ഇന്ത്യ തുര്‍ക്കിയുമായി സഹകരണം വര്‍ധിപ്പിക്കുന്നത്. ഗ്രീസിന്റെ വ്യോമസേന വിഭാഗമായ ഹെല്ലനിക് എയര്‍ഫോഴ്സും എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങ് സന്ദര്‍ശിച്ചു. ഗ്രീസിലെ ഇന്ത്യന്‍ അംബാസഡര്‍ രുദ്രേന്ദ്ര ടാണ്ഠനും ഇന്ത്യന്‍ എയര്‍ ചീഫ് മാര്‍ഷലിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ആഥന്‍സിലെ പപ്പഗു സൈനിക കേന്ദ്രത്തില്‍ ഇന്ത്യന്‍ എയര്‍ ചീഫ് മാര്‍ഷലിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയിരുന്നു.
ഗ്രീസിലെ ദ്വീപുകള്‍ അനധികൃതമായി കയ്യടക്കിയ എര്‍ദോഗാന്‍ ഭാവിയില്‍ ഗ്രീസ് ഒരു സൈനികശക്തിയായി വളരുന്നതില്‍ അസ്വസ്ഥനാണ്. ഇന്ത്യയുമായുള്ള ചങ്ങാത്തത്തില്‍ ഗ്രീസ് സൈനികമായി ശക്തിനേടുമോ എന്ന ആശങ്കയിലാണ് എര്‍ദോഗാന്‍.