ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിൽ നിന്നും കിവീസ് താരം ഡെവോൺ കോൺവെ പുറത്തായി. ഫീൽഡിങ് ചെയ്യുന്നതിനിടെ സഹതാരമായ മാറ്റ് ഹെൻറിയുമായി കൂട്ടിയിടിച്ചാണ് കോൺവെക്ക് പരിക്കേറ്റത്.
ക്യാച്ച് എടുക്കാൻ പരിശീലിക്കുന്നതിനിടയിൽ ഇരുവരും തമ്മിൽ കൂട്ടിയിടിച്ചു വീഴുകയായിരുന്നു. വീഴ്ചയിൽ കോൺവെക്ക് പരിക്കേറ്റതോടെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ താരം പൂർണമായും പരമ്പരയിൽ നിന്നും പുറത്തായെന്നാണ് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചത്.
ആദ്യ ഏകദിനത്തിൽ ഇന്ത്യ 5 വിക്കറ്റുകൾക്കാണ് വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 185 റൺസിന് പുറത്തായി. ഇന്ത്യയുടെ ബാറ്റിംഗിനിടെ മഴ എത്തിയതോടെ മത്സരം 32 ഓവറാക്കി ചുരുക്കുകയും വിജയലക്ഷ്യം 143 ആക്കുകയുമായിരുന്നു. ലക്ഷ്യം 56 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു.
ഇന്ത്യക്ക് വേണ്ടി വിരാട് കോലി അർധ സെഞ്ച്വറി നേടി തിളങ്ങി. 51 പന്തിൽ 74 റൺസാണ് കോലി നേടിയത്. 13 ഫോറുകളും ഒരു സിക്സുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 37 റൺസും വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ 15 റൺസും നേടി ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
ന്യൂസിലാൻഡ് ബൗളിംഗിൽ ജേക്കബ് ഡഫി മൂന്ന് വിക്കറ്റുകളും കെയ്ൽ ജാമിസൺ, നഥാൻ സ്മിത്ത് എന്നിവർ ഓരോ വിക്കറ്റും നേടി.
മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യ കിവികളെ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. ഇന്ത്യൻ ബൗളിംഗിൽ അർഷ്ദീപ് സിംഗ് നാല് വിക്കറ്റുകളും ഗുർനൂർ ബ്രാർ മൂന്ന് വിക്കറ്റും അൻഷുൽ കാംബോജ് രണ്ട് വിക്കറ്റുകളും നേടിയപ്പോൾ കിവീസ് തകർന്നു.
ന്യൂസിലാൻഡ് ബാറ്റിംഗിൽ ടിം സൈഫർട്ട് 38 റൺസും ബ്ലെയർ ടിക്നർ 34 റൺസും നേടി മികവ് പുലർത്തി. ഗ്ലെൻ ഫിലിപ്സ് 30 റൺസും ഡാറിൽ മിച്ചൽ 28 റൺസും നേടി തിളങ്ങി.