കോട്ടയം: ഏറെ നാളുകള്‍ക്കു ശേഷം ഇന്നലെ സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് (യുവി) സൂചികയില്‍ കുറവ്. കഴിഞ്ഞ ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിലെത്തിയിരുന്ന ജില്ലകളില്‍പ്പോലും ഇന്നലെ സൂചിക താഴ്ന്നു. തിങ്കളാഴ്ച ഉള്‍പ്പടെ സൂചിക എട്ടി (ഓറഞ്ച് അലര്‍ട്ട്)ലെത്തിയിരുന്ന കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്നലെ സൂചിക ഏഴ് ആയിരുന്നു. എറണാകുളം, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ ആറും. യെല്ലോ അലെര്‍ട്ട് ആയിരുന്നു ഈ ജില്ലകളില്‍. അന്തരീക്ഷത്തില്‍ മേഘസാന്നിധ്യമുള്ളതിനാലാണ് യുവി സൂചിക കുറയുന്നത്. സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പുമില്ല.
മഹാരാഷ്‌ട്രയ്‌ക്കും കര്‍ണാടകയ്‌ക്കും മുകളിലായിരുന്ന പ്രതിചക്രവാതത്തിന്റെ സ്വാധീനം അടുത്ത ദിവസങ്ങളില്‍ കുറയുന്നതോടെ കേരളത്തില്‍ കഠിനമായ ചൂടില്‍നിന്നും ചെറിയ ആശ്വാസം ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു. പരക്കെ മഴ സാധ്യത ഇല്ലെങ്കിലും ഇടിമിന്നല്‍, കാറ്റ് എന്നിവയോടു കൂടിയ മഴ എല്ലാ ജില്ലകളിലും ലഭിച്ചേക്കും. പ്രാദേശികമായി കൂടുതല്‍ ഇടങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ചൂട് പൂര്‍ണമായും കുറയില്ലെങ്കിലും കടുത്ത ചൂടില്‍നിന്ന് ആശ്വാസം ലഭിക്കും. വരും ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് ഇടിമിന്നല്‍, കാറ്റ് എന്നിവക്കു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റപ്പെട്ട ശക്തമായ മഴക്കു സാധ്യതയുള്ളതിനാല്‍ 30, മെയ് ഒന്ന്, രണ്ട് തീയതികളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 30-നും പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ മെയ് ഒന്നിനും കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ രണ്ടിനുമാണ് ജാഗ്രതാ നിര്‍ദേശം.