• Sat. Jun 27th, 2026

24×7 Live News

Apdin News

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

Byadmin

Jun 27, 2026


തിരുവനന്തപുരം:പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് ജാമ്യം ലഭിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും.പിണറായി സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച എസ് എഫ് ഐ മുന്‍ നേതാവ് ടി ഗീനാകുമാരി പൊലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായി പ്രതിക്ക് ജാമ്യം നല്കാമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദിച്ചതാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിക്കാന്‍ കാരണം.

പ്രതിക്ക് ജാമ്യം ലഭിക്കാന്‍ പ്രോസിക്യൂഷന്‍ ഒത്തുകളിച്ചത് അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസിഫലിയുമായി ചര്‍ച്ച ചെയ്യും.മ്യുസിയം എസ്.എച്ച്.ഒ പ്രശാന്താണ് നാളെ ഡിജിപിയെ കാണുന്നത്. ഇ ഡി ആക്രമണ കേസില്‍ തുടര്‍ നടപടികളും അന്വേഷണ ഉദ്യോഗസ്ഥന്‍ ചര്‍ച്ച ചെയ്യും.പ്രതിക്ക് ജാമ്യം ലഭിച്ചത് വിവാദമായതോടെ ഫയലുമായി എത്താന്‍ ഡി ജി പി ആവശ്യപ്പെടുകയായിരുന്നു.

അതേസമയം കേസില്‍ കക്ഷി ചേരാനുളള ഇ ഡി അപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി അംഗീകരിച്ചു. പ്രോസിക്യൂഷനെ സഹായിക്കാനാണോ എന്ന് കോടതിയുടെ ചോദ്യത്തിന് പ്രത്യേകം വാദങ്ങള്‍ ഉന്നയിക്കാനുണ്ടെന്ന് ഇ ഡി കോടതിയില്‍ അറിയിച്ചു. പതിമൂന്നാം പ്രതി ഷെഫീഖിന്റെ ജാമ്യത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും ഇ ഡി കോടതിയില്‍ പറഞ്ഞു. ഇതോടെ വിശദ വാദത്തിനായി ഹര്‍ജി തിങ്കളാഴ്ചയിലേക്ക് മാറ്റി.പന്ത്രണ്ടാം പ്രതി ലെനിന്റെ ജാമ്യ ഹര്‍ജിയും തിങ്കളാഴ്ച പരിഗണിക്കും.

ഒന്‍പതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. പൊലീസ് റിപ്പോര്‍ട്ട് അനുസരിച്ചല്ല ജാമ്യത്തില്‍ വാദം നടന്നതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്നും ഗീനാകുമാരിയെ മാറ്റണമെന്ന പൊലീസ് റിപ്പോര്‍ട്ടില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ രേഖകള്‍ പരിശോധിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനം.

 

 



By admin