• Mon. Sep 23rd, 2024

24×7 Live News

Apdin News

ഈഴവ സമുദായത്തിലെ സ്ത്രീകള്‍ സദ്ഗുരുദേവ കീര്‍ത്തനം ചൊല്ലി; ഭീഷണിയുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ – Chandrika Daily

Byadmin

Sep 23, 2024


ക്ഷേത്രത്തിലെ സന്ധ്യാപ്രാര്‍ത്ഥനയില്‍ സദ്ഗുരുദേവ എന്ന വാക്ക് ഉപയോഗിച്ചതിന് സ്ത്രീകള്‍ക്കെതിരെ ഭീഷണിയുയര്‍ത്തി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍. ഈഴവ സമുദായംഗങ്ങളായ സ്ത്രീകള്‍ സദ്ഗുരദേവ എന്ന കീര്‍ത്തനം ചൊല്ലിയതും പ്രാര്‍ത്ഥനാ പുസ്തകത്തില്‍ ശ്രീനാരായണഗുരുവിന്റെ ചിത്രമുണ്ടായിരുന്നതും ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ചൊടിപ്പിക്കുകയായിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കല്ലിശ്ശേരി മഴുക്കീര്‍മേല്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം. മേപ്രം ശാഖയിലെ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് സ്ത്രീകളെ ഭീഷണിപ്പെടുത്തിയത്.

ക്ഷേത്രത്തില്‍വെച്ച് ശ്രീനാരായണഗുരുവിന്റെ കീര്‍ത്തനം ചൊല്ലുന്നത് വിലക്കുകയും ഇറങ്ങി പോവാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ പ്രാര്‍ത്ഥന ഒരു സമുദായത്തെ മാത്രം ഉദ്ദേശിച്ചല്ലെന്ന് സ്ത്രീകള്‍ പറഞ്ഞിരുന്നെങ്കിലും പ്രാര്‍ത്ഥനാ പുസ്തകത്തില്‍ ശ്രീനാരായണഗുരുവിന്റെ ചിത്രമുണ്ടായിരുന്നത് എതിര്‍പ്പിന് കാരണമാവുകയായിരുന്നു.

ഇതിന് പിന്നാലെ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ എസ്.എന്‍.ഡി.പി ഉമയാറ്റുകര പഞ്ചായത്ത് കമ്മിറ്റിയംഗം ദേവരാജന്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ എസ്.എന്‍.ഡി.പി അംഗത്തിനെ ഉള്‍പ്പെടെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. പിന്നാലെ പൂജാ സാധനങ്ങള്‍ വില്‍ക്കുന്ന കട ദേവസ്വം ബോര്‍ഡില്‍ നിന്നും ലേലത്തിനെടുത്ത എസ്.എന്‍.ഡി.പി ശാഖ മുന്‍ സെക്രട്ടറിയുടെ ഭാര്യക്കുനേരെയും ആര്‍.എസ്.എസ്  പ്രവര്‍ത്തകര്‍ ഭീഷണി ഉയര്‍ത്തി.

സംഭവത്തെ തുടര്‍ന്ന് ക്ഷേത്രഭരണസമിതിയിലും ആചാരങ്ങളിലും പങ്കെടുക്കുന്ന ഈഴവ സമുദായംഗങ്ങള്‍ക്കെതിരെ കടുത്ത ജാതി വെറി നേരിടുന്നതായി എസ്.എന്‍.ഡി.പി ശാഖാ സെക്രട്ടറിക്ക് പരാതി നല്‍കി. ഗുരു എന്ന വാക്കില്‍ പോലും ജാതി കണ്ടെത്തുന്ന ആര്‍.എസ്.എസിന്റെ വിവേചനത്തിനെതിരെ നിയമപരമായി പ്രതിഷേധമുയര്‍ത്തുമെന്നും എസ്.എന്‍.ഡി.പി നേതൃത്വം അറിയിച്ചു.



By admin