മനാമ: സൗദി അറേബ്യയിലെ സുപ്രധാന എണ്ണ ഗതാഗത പാതയായ ‘ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈന്‍’ വഴിയുള്ള പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലായതായി സൗദി ഊര്‍ജ്ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍അസിസ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാവിലെയോടെ പൈപ്പ്‌ലൈനിന്റെ ശേഷി പ്രതിദിനം 58 ലക്ഷം (5.8 മില്യണ്‍) ബാരല്‍ ക്രൂഡ് ഓയില്‍ എന്ന പൂര്‍ണ്ണ തോതിലേക്ക് തിരികെയെത്തിയതായി അദ്ദേഹം വ്യക്തമാക്കി.
മനാമയില്‍ നടന്ന ‘മേഡ് ഇന്‍ ജിസിസി’ ഫോറം ആന്‍ഡ് എക്‌സിബിഷന്‍ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ഊര്‍ജ്ജ മന്ത്രി നിര്‍ണ്ണായക വിവരം വെളിപ്പെടുത്തിയത്.
രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ പ്രധാന എണ്ണപ്പാടങ്ങളെ ചെങ്കടല്‍ തീരത്തെ യാന്‍ബു കയറ്റുമതി ടെര്‍മിനലുമായി ബന്ധിപ്പിക്കുന്ന നിര്‍ണ്ണായക പാതയാണ് ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈന്‍. ആക്രമണങ്ങളെത്തുടര്‍ന്ന് തടസ്സപ്പെട്ട പൈപ്പ്‌ലൈനിന്റെ പ്രവര്‍ത്തനം ഘട്ടങ്ങളായി പുനഃസ്ഥാപിച്ച് ഇപ്പോള്‍ പൂര്‍ണ്ണതോതിലേക്ക് എത്തിക്കുകയായിരുന്നു. ഈ നീക്കം സൗദിയുടെ ഊര്‍ജ്ജ സുരക്ഷയ്ക്കും ആഗോള വിപണിയിലെ വിതരണ സ്ഥിരതയ്ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്.