• Sat. Jul 12th, 2025

24×7 Live News

Apdin News

ഉക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ ആക്രമണം നടത്തി റഷ്യ ; ആശുപത്രികളടക്കം തകർന്നു ; 9 പേർക്ക് പരിക്ക്

Byadmin

Jul 12, 2025


കീവ് : ഉക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ വെള്ളിയാഴ്ച നടന്ന റഷ്യൻ ഡ്രോൺ ആക്രമണത്തിൽ 9 പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ഒരു ആശുപത്രിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.  ഇതെ തുടർന്ന് നവജാത ശിശുക്കളുള്ള അമ്മമാരെ പ്രത്യേക മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോകുന്നുവെന്ന് ഖാർകിവ് മേയർ ഇഗോർ തെരേഖോവ് ടെലിഗ്രാമിൽ എഴുതി. എന്നാൽ പരിക്കേറ്റവരിൽ ആശുപത്രിയിൽ നിന്നുള്ള ആരെങ്കിലും ഉണ്ടോ എന്ന് അദ്ദേഹം പറഞ്ഞില്ല.

അതേ സമയം ഉക്രെയ്‌നിൽ എവിടെയും സമാധാനമില്ലെന്ന് ഖാർകിവിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിനുശേഷം ഉക്രെയ്‌ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. ഇതിനു പുറമെ ഉക്രേനിയൻ തലസ്ഥാനമായ കീവ് ഉൾപ്പെടെ രാജ്യത്തെ മറ്റ് പല പ്രദേശങ്ങളും സമീപ ആഴ്ചകളിൽ പതിവായി ഡ്രോൺ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും മോശം സിവിലിയൻ മരണസംഖ്യ ജൂൺ മാസമാണെന്ന് ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ ദൗത്യം വ്യാഴാഴ്ച പറഞ്ഞു. 232 പേർ മരിക്കുകയും 1,343 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കഴിഞ്ഞ വർഷത്തേക്കാൾ 10 മടങ്ങ് കൂടുതൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഈ വർഷം ജൂണിൽ റഷ്യ നടത്തിയിട്ടുണ്ട്. ഇതോടൊപ്പം ഏകദേശം 1,000 കിലോമീറ്റർ നീളമുള്ള മുന്നണിയുടെ പല ഭാഗങ്ങളിലും റഷ്യൻ സൈന്യം കനത്ത സമ്മർദ്ദവും ചെലുത്തുന്നുണ്ടെന്നും സംഘടന പറഞ്ഞു.

അതേ സമയം സമീപ ദിവസങ്ങളിൽ ദീർഘദൂര ഷാഹെദ് ഡ്രോണുകൾ ഉപയോഗിച്ച് റഷ്യ ഉക്രേനിയൻ നഗരങ്ങളിൽ ആക്രമണം വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ ആക്രമണങ്ങളിൽ പലപ്പോഴും ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ശക്തമായ ഗ്ലൈഡ് ബോംബുകളും ഉൾപ്പെടുന്നു.

സെലെൻസ്‌കി സഹായത്തിനായി അഭ്യർത്ഥിച്ചു

നേരത്തെ വ്യാഴാഴ്ച റോമിൽ നടന്ന ഒരു അന്താരാഷ്‌ട്ര യോഗത്തിൽ സഹായ വാഗ്ദാനങ്ങൾ വേഗത്തിൽ നടപ്പിലാക്കാൻ സെലെൻസ്‌കി തന്റെ പാശ്ചാത്യ സഖ്യകക്ഷികളോട് അഭ്യർത്ഥിച്ചിരുന്നു. റഷ്യൻ മിസൈലുകൾ തടയാൻ ഉക്രെയ്‌നിന് യുഎസ് നിർമ്മിത പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ആവശ്യകതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

റഷ്യൻ നിർമ്മിത ഷാഹെദ് ഡ്രോണുകളെ വെടിവയ്‌ക്കാൻ കൂടുതൽ ഇന്റർസെപ്റ്റർ ഡ്രോണുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ നിന്ന് 10 പാട്രിയറ്റ് സിസ്റ്റങ്ങളും മിസൈലുകളും കൂടി ഉക്രെയ്ൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സെലെൻസ്‌കി പറഞ്ഞു.



By admin