• Sun. May 10th, 2026

24×7 Live News

Apdin News

ഉഗ്രരൂപിയായ രണദേവത ‘അന്തിമഹാകാളന്‍’

Byadmin

May 10, 2026



ന്ത്യാളന്റെ ആരാധനാ കേന്ദ്രങ്ങള്‍ ക്ഷേത്രമെന്ന പേരിലല്ല അറിയപ്പെടുന്നത്. കോട്ട അല്ലെങ്കില്‍ കാവ് എന്ന പദമാണ് ഏറെയും ഉപയോഗിച്ചുകാണുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട ശൈവാലയമായ ഏറ്റുമാനൂരപ്പന്റെ കീഴേടമായ അന്തിമഹാകാളന്‍ കാവില്‍ പഞ്ചമൂര്‍ത്തി സങ്കല്‍പത്തിലാണ് അന്തിമഹാകാളന്‍ ആരാധന നടക്കുന്നത്. അന്തിമഹാകാളന്‍, അയലി (ഐയലി ) യക്ഷി, ശാസ്താവ്, ദുര്‍ഗ, വെള്ളാംഭഗവതി എന്നിവരാണ് ഈ പഞ്ചമൂര്‍ത്തികള്‍.

എണ്ണിയാലൊടുങ്ങാത്ത ദേവതാ സങ്കല്‍പ്പങ്ങള്‍ ഉള്ള നാടാണ് കേരളം. ശൈവ വൈഷ്ണവ, ശാക്തേയ രീതിയില്‍ അനവധി ഭാവങ്ങളുള്ള ദേവതകളെ കേരളത്തില്‍ ആരാധിക്കുന്നുണ്ട്. അതില്‍ ഏറെ പ്രധാനപ്പെട്ട മൂര്‍ത്തീ ഭാവമാണ് അന്തിമഹാകാളന്റേത്. അന്തിനേരത്ത് ആളുന്ന കാളന്‍ (സന്ധ്യാ നേരത്ത് നടനമാടുന്ന ശിവന്‍) ആണ് അന്തിമഹാകാളന്‍.
അന്ത്യാളന്‍, അന്തിമാളന്‍, അന്തിമഹാകാളന്‍ എന്നീ പേരെല്ലാം ഈ മൂര്‍ത്തി അറിയപ്പെടുന്നുണ്ട്. വലത് കയ്യില്‍ ചുരികയും ഇടത് കയ്യില്‍ വില്ലും തോളില്‍ അമ്പും പുലിത്തോലും ഉടുത്ത് സര്‍പ്പത്തെ മാലയായി അണിഞ്ഞിരിക്കുന്ന ഉഗ്ര രൂപമാണ് അന്തിമഹാകാളന്റേത്.

ചില ഇടങ്ങളില്‍ നെല്‍വയലുകളില്‍ കൃഷിയുടെ സംരക്ഷകനായി ഗോത്ര ദേവത സ്വരൂപമായും, പണ്ട് കാലങ്ങളില്‍ യുദ്ധവിജയം നേടാന്‍ യുദ്ധ ദേവതയായും ആരാധിച്ചിരുന്നതിനു തെളിവുകളുണ്ട്. പ്രാചീന ഗോത്ര കലയായ മുറംകുലുക്കി പാട്ടില്‍ അന്തി മാളനും മല്ലി മുത്തിയും എന്ന പദ പ്രയോഗത്തില്‍ സ്തുതിച്ചു കാണുന്നു.

അന്ത്യാളന്റെ ആരാധനാ കേന്ദ്രങ്ങള്‍ ക്ഷേത്രമെന്ന പേരിലല്ല അറിയപ്പെടുന്നത്. കോട്ട അല്ലെങ്കില്‍ കാവ് എന്ന പദമാണ് ഏറെയും ഉപയോഗിച്ചുകാണുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട ശൈവാലയമായ ഏറ്റുമാനൂരപ്പന്റെ കീഴേടമായ അന്തിമഹാകാളന്‍ കാവില്‍ പഞ്ചമൂര്‍ത്തി സങ്കല്പത്തിലാണ് അന്തിമഹാകാളന്‍ ആരാധന നടക്കുന്നത്. അന്തിമഹാകാളന്‍, അയലി (ഐയലി) യക്ഷി, ശാസ്താവ്, ദുര്‍ഗ, വെള്ളാംഭഗവതി എന്നിവരാണ് പഞ്ചമൂര്‍ത്തികള്‍. തൊടുപുഴക്കടുത്തുള്ള കുറിഞ്ഞിക്കാവിലും പ്രധാന പ്രതിഷ്ഠ അന്തിമഹാകാളനും, ഐയലി യക്ഷിയുമാണ്. ഇവ കൂടാതെ വള്ളുവനാടന്‍ പ്രദേശങ്ങളിലും ധാരാളം അന്തിമഹാകാളന്‍ കാവുകള്‍ ഉണ്ട്. തൃശൂര്‍ ജില്ലയിലെ ചേലക്കരയില്‍ സ്ഥിതി ചെയ്യുന്ന അന്തിമഹാകാളന്‍ കാവും ഏറെ പ്രധാനപ്പെട്ട കാവുകളില്‍ ഒന്നാണ്. അന്തിമഹാകാളന്‍ ഭദ്രകാളിയോടൊപ്പം അമരുന്നു.

ദാരിക യുദ്ധത്തില്‍ ഭദ്രകാളിയെ സഹായിച്ച ദേവതാ സങ്കല്‍പമായാണ് ഇവിടത്തെ ദേവത അറിയപ്പെടുന്നത്. ഭദ്രകാളിയും പരിവാരങ്ങളും ദാരികനെ ബന്ധസ്ഥനാക്കി കാവിനടുത്തുള്ള ഒട്ടുപാറകണ്ടത്തില്‍ വെച്ച് വധിച്ചു എന്നാണ് സങ്കല്‍പം ഇതിനു ഭദ്രകാളിയെ സഹായിച്ചത് അന്തിമഹാകാളനാണ്. ഇവിടത്തെ ഭദ്രകാളി പ്രതിഷ്ഠ കൊടുങ്ങല്ലൂരമ്മയുടേതാണെന്നും പറയപ്പെടുന്നു. ഭദ്രകാളിയെ പോലെ അന്തിമഹാകാളനും ഏറെ പ്രിയപ്പെട്ടതാണ് ആട്ടും പാട്ടും. വേല ദിവസം ഇവിടെ അരങ്ങേറുന്ന ദാരികവധം ദൃശ്യാവിഷ്‌കാരവും കാള പാട്ട് എന്ന ചടങ്ങും വളരെ പ്രശസ്തമാണ്.

കാവിലെ കളമെഴുത്ത് പാട്ട് നടത്തുന്നത് കല്ലാറ്റ് കുറുപ്പന്മാരാണ്. മുന്‍പ് സൂചിപ്പിച്ച രൂപത്തില്‍ ചുരികയും, അമ്പും വില്ലും ഏന്തിയ രൂപത്തില്‍ അന്തിമഹാകാളന്റെയും ഇടത് ഭാഗത്ത് ഭദ്രകാളിയുടേയും കളം പഞ്ചവര്‍ണ്ണ പൊടികള്‍ കൊണ്ട് ചിത്രീകരിക്കും. മറ്റു ചില കാവുകളില്‍ അന്തിമഹാകാളന്റെ ഒപ്പം ഐയലി യക്ഷിയേയും, രുധിര ഭയങ്കരിയേയും വരയ്‌ക്കും.

ഇനിയും ഒട്ടനവധി ചരിത്രങ്ങളും, ഐതീഹ്യങ്ങളും കേരളത്തിന്റെ തനത് മൂര്‍ത്തിയായ അന്തിമഹാകാളനേപ്പറ്റി ഒളിഞ്ഞു കിടപ്പുണ്ട്.

By admin