ന്യൂദല്‍ഹി : ഉദ്ധവ് താക്കറെയുടെ ശിവസേനവിഭാഗം പ്രകടിപ്പിക്കുന്ന ഹിന്ദിവിരോധം മുതലെടുക്കാന്‍ ചെന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെതിരെ കടുത്ത വിമര്‍ശനവുമായി ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും. സ്റ്റാലിന്‍ കരുതുന്നതുപോലെയുള്ള ഹിന്ദി വിരോധം തങ്ങള്‍ക്കില്ലെന്നായിരുന്നു ഇരുവരും സ്റ്റാലിന് മറുപടി കൊടുത്തത്. ഇതോടെ സ്റ്റാലിനെതിരെയും ഡിഎംകെയ്‌ക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.
മഹാരാഷ്‌ട്രയില്‍ ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ ഹിന്ദി ഒരു മൂന്നാം ഭാഷയെന്ന നിലയില്‍ നിര്‍ബന്ധമാക്കരുതെന്നായിരുന്നു ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയുടെ ആവശ്യം. ഈ നിലപാട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഫഡ് നാവിസ് പിന്‍വലിക്കുകയും ചെയ്തു. ഇതോടെയാണ് ഉദ്ധവ് താക്കറെയുടെ ഹിന്ദി വിരോധത്തിന് പിന്തുണയുമായി സ്റ്റാലിന്‍ എത്തിയത്.
“നിങ്ങളുടെ ഹിന്ദി വിരോധം പോലെ ഒന്ന് ഞങ്ങള്‍ക്കില്ല. സ്റ്റാലിന്‍ ഹിന്ദി സംസാരിക്കുകയുമില്ല. മറ്റുള്ളവരെക്കൊണ്ട് ഹിന്ദി സംസാരിപ്പിക്കുകയുമില്ല. പക്ഷെ ഞങ്ങള്‍ക്ക് മഹാരാഷ്‌ട്രയില്‍ അത്തരമൊരു നിലപാട് ഇല്ല.”- ഉദ്ധവ് താക്കറെ ശിവസേനയുടെ വക്താവായ സഞ്ജയ് റാവത്ത് വ്യക്തമാക്കി. പ്രൈമറി സ്കൂളിലെ ഹിന്ദി പഠനത്തെ മാത്രമേ ഞങ്ങള്‍ എതിര്‍ക്കുന്നുള്ളൂവെന്നും ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടു.
ഉദ്ധവ് പക്ഷത്തിന്റെ ഹിന്ദിവിരോധത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ എതിര്‍പ്പുകളാണുയരുന്നത്. ഇതിനിടെ താക്കറെയുടെ മകന്‍ ആദിത്യ താക്കറെ ഒരു ബിസിനസുകാരനുമായി ഹിന്ദിയില്‍ സംസാരിച്ച് ഭക്ഷണം കഴിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനാ നേതാവ് രാജ് താക്കറെ അംബാനിയോടൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു. ഇവര്‍ ഏത് ഭാഷയിലാകും സംസാരിക്കുന്നുണ്ടാവുക എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടായിരുന്നു ഇവരുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ടത്.തീര്‍ച്ചയായും ഹിന്ദിയിലായിരിക്കും ഇവര്‍ സംസാരിച്ചിട്ടുണ്ടാവുക എന്നായിരുന്നു പലരും ഈ ഫോട്ടോയ്‌ക്ക് കമന്‍റിട്ടത്. ഇതോടെയാണ് ഹിന്ദിക്കെതിരായ വിരോധം പ്രൈമറി സ്കൂളില്‍ ഒതുക്കുന്നതാണ് നല്ലതെന്ന നിലപാടിലേക്ക് ഉദ്ധവ് ശിവസേന പക്ഷം എത്തിയത്.