ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ക്കുന്നതില്‍ സര്‍ക്കാരിനും രാജ്ഭവനും ഒരുപോലെ പങ്കുണ്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സര്‍വകലാശാലകളെ രാഷ്ട്രീയ നാടക വേദിയാക്കി മാറ്റരുതെന്നും കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഉന്നത വിദാഭ്യാസരംഗത്തെ ഈ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കിയെന്നും സര്‍ക്കാരും രാജ്ഭവനും തമ്മില്‍ കുറേക്കാലമായി ആരംഭിച്ച അധികാര തര്‍ക്കങ്ങള്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തെ അനിശ്ചിതത്വലാക്കിയെന്നും വി ഡി സതീശന്‍ പറഞ്ഞു.
സര്‍വകലാശാലകളെയും കോളജുകളെയും എ.കെ.ജി സെന്ററിന്റെ ഡിപ്പാര്‍ട്ട്മെന്റുകളാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മറുഭാഗത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പിലും സിലബസിലും കാവിവത്ക്കരണമാണ് സംഘ്പരിവാറും ലക്ഷ്യമിടുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് പല സര്‍വകലാശാലകളിലും വി.സിമാരില്ലെന്നും അവിടെയെല്ലാം ഇന്‍ ചാര്‍ജ് ഭരണമാണ് നടക്കുന്നതെന്നും വി ഡി ഓര്‍മ്മപ്പെടുത്തി. ആര്‍.എസ്.എസിനും ബി.ജെ.പിക്കും വേണ്ടി രാഷ്ട്രീയം കളിക്കാന്‍ ഇറങ്ങുന്ന ഗവര്‍ണര്‍ ഭരണഘടന നിശ്ചയിച്ചിരിക്കുന്ന അധികാരങ്ങളും അതിര്‍വരമ്പുകളും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.