ന്യൂഡല്‍ഹി: ഉപരാഷ്‌ട്രപതി ജഗ്‌ധീപ് ധന്‍കര്‍(74) രാജിവച്ചു. അനാരോഗ്യത്തെ തുടര്‍ന്നാണു രാജിവയ്‌ക്കുന്നതെന്നു രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന് അയച്ച കത്തില്‍ അദ്ദേഹം വ്യക്‌തമാക്കി. രാജി ഉടനടി പ്രാബല്യത്തില്‍ വരണമെന്നും അദ്ദേഹം കത്തില്‍ അഭ്യര്‍ഥിച്ചു.
‘ഡോക്‌ടര്‍മാരുടെ നിര്‍ദേശപ്രകാരം, ഭരണഘടനയുടെ 67(എ) വകുപ്പിന് അനുസൃതമായി, ഞാന്‍ ഇന്ത്യയുടെ ഉപരാഷ്‌ട്രപതി പദവിയില്‍നിന്ന് ഉടനടി രാജിവയ്‌ക്കുന്നു,’ എന്നാണ് അദ്ദേഹത്തിന്റെ കത്തിലുള്ളത്.
രാഷ്‌ട്രപതി ദൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിസഭാംഗങ്ങള്‍ എന്നിവര്‍ക്ക് അദ്ദേഹം രാജിക്കത്തില്‍ നന്ദി അറിയിച്ചു.
പശ്‌ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന അദ്ദേഹത്തെ 2022 ലാണ് ഉപരാഷ്‌ട്രപതി സ്‌ഥാനത്തേക്കു തെരഞ്ഞെടുത്തത്. കോണ്‍ഗ്രസിലെ മാര്‍ഗരറ്റ് ആല്‍വയെയാണു പരാജയപ്പെടുത്തിയത്.
ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ 1992 നുശേഷമുള്ള വലിയ ഭൂരിപക്ഷമാണ് അദ്ദേഹത്തിനു ലഭിച്ചത്.
രാജസ്‌ഥാന്‍ സ്വദേശിയായ ധന്‍കറിന്റെ രാഷ്‌ട്രീയ പ്രവേശം ജനതാദളിലൂടെയായിരുന്നു. 1989 ല്‍ ലോക്‌സഭാംഗമായി. 1991 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
1998 ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലേക്കു മത്സരിച്ചെങ്കിലും മൂന്നാം സ്‌ഥാനമാണു ലഭിച്ചത്. 2003ല്‍ അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നു.
പാര്‍ട്ടിയുടെ നിയമ വിഭാഗം മേധാവിയായി. 2019 ലാണു ബംഗാള്‍ ഗവര്‍ണറായത്.