തിരുവന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്‌സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. സംഭവത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോര്‍ട്ട് നല്‍കുകയും നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.
നിലവിലെ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ചികിത്സാര്‍ഥം ലീവിലാണ്. ആ ഒഴിവിലാണ് പുതിയ നിയമനം. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയാണ് അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറാക്കുന്നത്. കൂടാതെ ജയില്‍ വകുപ്പിലും കാര്യമായ അഴിച്ചുപണിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.