ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ഇന്ത്യയ്‌ക്ക് ആശംസകൾ നേർന്ന് അമേരിക്കയും റഷ്യയും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം എക്കാലത്തേക്കാളും ശക്തമാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.പ്രതിരോധം, ഊർജ്ജ സുരക്ഷ, എ.ഐ, ബഹിരാകാശ ഗവേഷണം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും കൈകോർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വികസന കുതിപ്പിന് റഷ്യയുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്താണ് റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് ആശംസകൾ അറിയിച്ചത്. “ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാർക്ക് സ്വാതന്ത്ര്യദിനാശംസകൾ! ഇന്ത്യയുടെ വളർച്ചയുടെ വേഗത കാണുമ്പോൾ നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടുമെന്ന് ഉറപ്പാണ്. നൂറുവർഷം മുമ്പ് എങ്ങനെയാണോ റഷ്യ കൂടെയുണ്ടായിരുന്നത്, അതേപോലെ നാളെയും റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളും. ജയ് ഹിന്ദ്, ഇന്ത്യ-റഷ്യ സൗഹൃദം നീണാൾ വാഴട്ടെ” – ഡെനിസ് അലിപോവ് എക്സിൽ കുറിച്ചു.