• Sat. Aug 15th, 2026

24×7 Live News

Apdin News

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

Byadmin

Aug 15, 2026



ണ്ട് നൂറ്റാണ്ടിലേറെ നീണ്ട ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തില്‍ നിന്ന് മോചനം നേടിയ ഭാരതം ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. സ്വതന്ത്ര രാഷ്‌ട്രം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സഹായിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ ഈ ദിവസം നമുക്ക് അനുസ്മരിക്കാം. ഭാരതം വര്‍ഷതോറും ആഗസ്ത് 15 സ്വാതന്ത്ര്യദിനമായും ജനുവരി 26 റിപ്പബ്ലിക് ദിനമായും ആഘോഷിക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തിലെ രണ്ട് വ്യത്യസ്ത നാഴികക്കല്ലുകള്‍ എന്ന നിലയ്‌ക്കാണ്. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.

സ്വാതന്ത്ര്യദിനം ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള ഭാരതത്തിന്റെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുമ്പോള്‍, റിപ്പബ്ലിക് ദിനം ഭരണഘടന അംഗീകരിച്ചതിനെയും ഭാരതം റിപ്പബ്ലിക്കായി മാറിയതിനെയും അടയാളപ്പെടുത്തുന്നു. രണ്ട് ദിനങ്ങള്‍ക്കും ഭാരതത്തിലെ ജനങ്ങള്‍ തുല്യപ്രാധാന്യം കല്‍പ്പിക്കുന്നുമുണ്ട്. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. കാരണം, ഭാരതത്തിലെ ജനങ്ങളെ സ്വാതന്ത്ര്യം നേടാന്‍ സഹായിച്ച വിപ്ലവകരമായ ആശയങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തലാണത്. രാജ്യം സ്വതന്ത്രമായ ദിവസം ആദ്യത്തെ സ്വാതന്ത്ര്യദിനമായി കണക്കാക്കുകയാണ് ശരിയായ രീതി. അങ്ങനെ കണക്കാക്കുമ്പോഴാണ് 2026 സ്വാതന്ത്ര്യത്തിന്റെ എണ്‍പതാം വാര്‍ഷികമാകുന്നത്. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പ്രമേയം ‘വികസിത ഭാരതത്തിനായി യുവശക്തി@2047’ എന്നതാണ്. ദേശീയ ഗീതമായ വന്ദേ മാതരത്തിന്റെ 150-ാം വര്‍ഷവുമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ എത്തുമ്പോള്‍ പതിവുപോലെ ദേശീയഗാനം മുഴങ്ങും. തുടര്‍ന്ന് പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. സ്വതന്ത്രഭാരത ചരിത്രത്തില്‍ ആദ്യമായി, ദേശീയ ഗീതമായ വന്ദേമാതരം ചടങ്ങില്‍ പൂര്‍ണമായും ആലപിക്കപ്പെടും എന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത. വന്ദേമാതരത്തിന് മോദി സര്‍ക്കാര്‍ ദേശീയ ഗാനമായ ജനഗണമനയ്‌ക്കു തുല്യമായ പദവി നല്‍കിയതോടെയാണ് ഇങ്ങനെയൊരു മാറ്റത്തിന് നാന്ദികുറിക്കപ്പെട്ടത്. നൂറ്റിയന്‍പതാം വാര്‍ഷികാചരണത്തോടനുബന്ധിച്ചാണ് വന്ദേമാതരത്തിന് ദേശീയ ഗാനത്തിന് തുല്യമായ പദവി നല്‍കിയത്. ഏകദേശം 2,500 എന്‍സിസി കേഡറ്റുകളും മൈ ഭാരത് സന്നദ്ധപ്രവര്‍ത്തകരും ചെങ്കോട്ടയുടെ മതിലുകള്‍ക്ക് എതിര്‍വശത്തുള്ള ജ്ഞാന്‍പഥില്‍ വന്ദേ മാതരം എന്ന രൂപത്തില്‍ അണിനിരക്കും. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ‘വന്ദേ മാതരം’ 150 വര്‍ഷം പൂര്‍ത്തിയാക്കിയത് അടയാളപ്പെടുത്തുന്ന ബാനര്‍ വഹിക്കുകയും ജനങ്ങള്‍ക്ക് മുകളില്‍ പുഷ്പദളങ്ങള്‍ വിതറുകയും ചെയ്യും. ഇതിനു പറമെ പ്രമുഖ കേന്ദ്രങ്ങളില്‍ സൈനിക, സുരക്ഷാ സേനാ ബാന്‍ഡുകള്‍ ‘വന്ദേ മാതരം’ പ്രമേയമാക്കിയ പരിപാടികള്‍ അവതരിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായി പന്ത്രണ്ടാം തവണയാണ് സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഭാരത പ്രധാനമന്ത്രിയാണ് മോദി. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവാണ് ഈ നേട്ടം കൈവരിച്ച മറ്റൊരാള്‍.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തുടര്‍ച്ചയായി നടത്തിയിട്ടുള്ളത് 11 സ്വാതന്ത്ര്യദിന പ്രസംഗങ്ങളാണ്. 2014ലാണ് ആദ്യമായി ചെങ്കോട്ടയില്‍ നിന്ന് നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഈ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള തന്റെ പ്രസംഗത്തില്‍ എന്തൊക്കെയാണ് പ്രധാനമന്ത്രി മോദി പറയാന്‍ കരുതിവച്ചിരിക്കുന്നത് എന്നു ലോകം ഉറ്റുനോക്കുകയാണ്. അകത്തുനിന്നും പുറത്തുനിന്നും കനത്ത വെല്ലുവിളികള്‍ നേരിടുമ്പോഴും ഉറച്ച ചുവടുകളോടെ രാജ്യം ആഭ്യന്തര-രാജ്യാന്തര രംഗങ്ങളില്‍ ഒരുപോലെ മുന്നേറിക്കൊണ്ടിരിക്കുന്ന കാലമാണിത്. ആഗോളതലത്തില്‍ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞ ഭാരതത്തിന്റെ ഓരോ ചലനവും നടപടികളും ഇന്നു ലോകം ശ്രദ്ധിക്കുന്നു. അതുകൊണ്ടുതന്നെ, രാഷ്‌ട്ര നായകനെന്ന നിലയില്‍ നരേന്ദ്രമോദിയുടെ ഓരോ വാക്കിനും രാജ്യാന്തര തലത്തിലടക്കം പ്രാധാന്യം ഏറെയാണ്.

By admin