കോട്ടയം: ചിങ്ങത്തിലും കര്‍ക്കടക പെയ്‌ത്ത്… പൂക്കളങ്ങള്‍ക്കു മുകളില്‍ മഴ പെയ്തിറങ്ങുമ്പോള്‍ ഇത്തവണ ഓണം മഴയെടുക്കുമോ എന്ന് ആശങ്ക. തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലേക്ക് നാടും നഗരവുമെല്ലാം ഇറങ്ങിയപ്പോഴാണ് മഴ കനത്തത്. ഓണാവധിയായതിനാല്‍ രാവിലെ തന്നെ ആളുകള്‍ കൂട്ടത്തോടെ കച്ചവട കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നു. ഉത്രാടം നാളില്‍ നിരത്തുകളിലും കടകളിലും വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഓണക്കോടി മുതല്‍ സദ്യവട്ടത്തിനുള്ള വിഭവങ്ങള്‍ വരെ വാങ്ങിക്കൂട്ടാനുള്ള നെട്ടോട്ടമാണ് ഉത്രാടപ്പാച്ചില്‍. പച്ചക്കറിക്കടകളിലും തുണിക്കടകളിലും മാത്രമല്ല പൂ വിപണിയിലും വന്‍ തിരക്കനുഭവപ്പെടും. വിലക്കുറവുകള്‍ തേടിയും ഇഷ്ടമുള്ളവ സ്വന്തമാക്കാനും കുടുംബ സമേതമാണ് പലരും ഉത്രാട ദിനത്തില്‍ വിപണിയില്‍ എത്തുക.
ഓണസദ്യക്കുള്ള സാധനങ്ങളെല്ലാം മറക്കാതെ വാങ്ങുന്നതിനും വീടുകളിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുമുള്ള തിരക്കിലാണ് കുടുംബങ്ങള്‍. പച്ചക്കറി മുതല്‍ പൂക്കള്‍ വരെ വാങ്ങി മടങ്ങുന്നവരുടെ തിരക്കില്‍ നഗരങ്ങളില്‍ വലിയ ഗതാഗതക്കുരുക്കാണ് ഉത്രാടത്തിന് മുമ്പുതന്നെ അനുഭവപ്പെടുന്നത്. എന്നാല്‍ ഇടവിട്ട് പെയ്യുന്ന ശക്തമായ മഴ വ്യാപാരികളെയും ഓണ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെയും സാരമായി ബാധിക്കുന്നുണ്ട്.
ഓണത്തിന്റെ ആവേശം അതിന്റെ പരമാവധിയിലെത്തുന്നത് ഉത്രാടത്തിനാണ്. വാങ്ങാന്‍ മറന്ന സാധനങ്ങള്‍ വാങ്ങുന്നതിനായി ആളുകള്‍ വീടുകളില്‍ നിന്ന് വിപണികളിലേക്ക് ഈ ദിവസം എത്തുന്നു.
പച്ചക്കറികള്‍, പഴങ്ങള്‍, പൂക്കള്‍, പലവ്യഞ്ജനങ്ങള്‍, വാഴയില, കായ, ഉപ്പേരി തുടങ്ങിയ സദ്യവട്ടങ്ങള്‍ വാങ്ങാന്‍ കടകളിലും ചന്തകളിലും വലിയ തിരക്കായിരിക്കും. ചെറിയ കടകള്‍ മുതല്‍ വലിയ മാളുകള്‍ വരെ ഓണ വിപണിയുടെ സജീവത പ്രകടമാകും.