ന്യൂദല്‍ഹി: ജന്മഭൂമി സംഘടിപ്പിക്കുന്ന ‘വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോന്‍ഡ്’ ത്രിദിന ദേശീയ കോണ്‍ക്ലേവ് സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയ കീഴിലെ തഞ്ചാവൂര്‍ ആസ്ഥാനമായ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സന്റര്‍. സപ്തംബര്‍ 18നും, 19നുമുള്ള കൊച്ചി ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററിലെ സാംസ്‌കാരിക സായാഹ്നങ്ങളില്‍ ദക്ഷിണ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ കലാകാരന്മാര്‍ അണിനിരക്കും. ‘രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോന്‍ഡ്’ പ്രമേയം ആസ്പദമാക്കി വിവിധ കലാരൂപങ്ങളുടെ സമന്വയത്തിലൂടെ വേറിട്ടൊരു കലാവിരുന്നാണ് ഒരുക്കുക. സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ നേതൃത്വത്തിലെത്തുന്ന കലാകാരന്മാരുടെ മികവുറ്റ പ്രകടനങ്ങള്‍ സാംസ്‌കാരിക സായാഹ്നങ്ങള്‍ക്ക് മാറ്റുകൂട്ടും.
കൊച്ചി ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ 18 മുതല്‍ 20 വരെയുള്ള കോണ്‍ക്ലേവ് സപ്തംബര്‍ 18ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. രാമകഥയുടെ ഭാരതീയവും ആഗോളവുമായ വൈവിധ്യമാര്‍ന്ന പാരമ്പര്യങ്ങളും ആവിഷ്‌കാരങ്ങളും ചര്‍ച്ച ചെയ്യുന്ന കോണ്‍ക്ലേവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍, ഗവേഷകര്‍, അക്കാദമിക് വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കോണ്‍ക്ലേവിലെ സാംസ്‌കാരിക സായാഹ്നങ്ങളില്‍ പങ്കെടുക്കുന്നതിനും കലാപരിപാടികള്‍ ആസ്വദിക്കുന്നതിനുമുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന്‍ www.janmabhumi.in വഴി ആരംഭിച്ചു.