
വലന്‍സിയ: പ്രമുഖ മോട്ടോജിപി താരം മാര്‍ക്ക് മാര്‍ക്വേസ് പ്രൊഫഷണല്‍ റേസിംഗില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈ വാരാന്ത്യത്തില്‍ നടക്കുന്ന വലന്‍സിയ ഗ്രാന്‍ഡ് പ്രിക്‌സോടെ കരിയര്‍ അവസാനിപ്പിക്കുമെന്ന് വെള്ളിയാഴ്‌ച ഒന്നാം ഫ്രീ പ്രാക്ടീസിന് തൊട്ടുമുമ്പാണ് സ്പാനിഷ് താരം വ്യക്തമാക്കിയത്. എട്ടാം മോട്ടോജിപി ലോകകിരീടം സ്വന്തമാക്കി ദിവസങ്ങള്‍ക്കകമാണ് അപ്രതീക്ഷിത തീരുമാനം.
ഡ്യുക്കാട്ടി ലെനോവോ ടീമിനൊപ്പമുള്ള ഈ സീസണിന് ശേഷം വിരമിക്കുമെന്ന് വ്യാഴാഴ്‌ച രാത്രിയാണ് മാര്‍ക്കസ് ടീമിനെ അറിയിച്ചത്. ജപ്പാന്‍ ഗ്രാന്‍ഡ് പ്രിക്‌സിന് ശേഷം ഒക്ടോബറില്‍ തന്നെ വിരമിക്കല്‍ തീരുമാനമെടുത്തിരുന്നതായും, സഹോദരന്‍ അലക്‌സ് മാര്‍ക്കസിന് മാത്രമേ ഇക്കാര്യം അറിയാമായിരുന്നുള്ളൂ എന്നും താരം വെളിപ്പെടുത്തി. ഈ സീസണില്‍ ലോകകിരീടത്തിനായി പോരാടുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രഖ്യാപനം വൈകിപ്പിച്ചത്.
വര്‍ഷങ്ങളായി തുടരുന്ന പരിക്കുകളുടെ ആഘാതവും വലതു കൈത്തണ്ടയിലെ ബലക്കുറവും കാഴ്‌ചയിലെ തകരാറുകളുമാണ് തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകങ്ങള്‍.
മാര്‍ച്ചില്‍ 2027, 2028 സീസണുകളിലേക്കുള്ള കരാറില്‍ ഒപ്പുവെച്ചെങ്കിലും, ലെ മാന്‍സ് റേസിന് ശേഷം വലതു തോളില്‍ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വന്നത് സ്ഥിതി സങ്കീര്‍ണ്ണമാക്കി.
ജിയാകോമോ അഗോസ്റ്റിനിയുടെ എട്ട് പ്രീമിയര്‍ ക്ലാസ് കിരീടമെന്ന റെക്കോര്‍ഡിനൊപ്പമെത്തിയ മാര്‍ക്കസ്, എല്ലാ വിഭാഗങ്ങളിലുമായി ആകെ 10 ലോകകിരീടങ്ങള്‍ നേടിയിട്ടുണ്ട്.
2008ല്‍ കരിയര്‍ ആരംഭിച്ച മാര്‍ക്വേസ്, റെപ്‌സോള്‍ ഹോണ്ട, ഗ്രെസിനി എന്നീ ടീമുകള്‍ക്ക് ശേഷമാണ് ഡ്യുക്കാട്ടിയില്‍ എത്തിയത്. വലന്‍സിയയിലെ ആദ്യ ഫ്രീ പ്രാക്ടീസില്‍ ഏപ്രിലിയയുടെ മാര്‍ക്കോ ബെസെച്ചി ഒന്നാമതെത്തിയപ്പോള്‍ മാര്‍ക്കസ് രണ്ടാം സ്ഥാനത്തെത്തി.