തിരുവനന്തപുരം വിമാനത്താവളത്തില്‍ ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ കൊണ്ടുപോകുന്നതിനായി ബ്രിട്ടനില്‍ നിന്ന് ചരക്ക് വിമാനമെത്തി. എയര്‍ബസ് അറ്റ്‌ലസ് എന്ന വിമാനമാണ് എത്തിയത്. സംഘത്തില്‍ വ്യോമസേനയിലെ പതിനേഴ് സാങ്കേതിക വിദഗ്ധര്‍ ഉണ്ട്. സാങ്കേതിക പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ചരക്ക് വിമാനത്തില്‍ യുദ്ധവിമാനം കൊണ്ടുപോകും.
ചാക്കയിലെ എയര്‍ ഇന്ത്യ ഹാങ്ങറില്‍ വിമാനമെത്തിച്ച് തകരാര്‍ പരിഹരിക്കാനുള്ള ശ്രമം നടത്തും. ഇതിന് കഴിയാതെ വന്നാല്‍ ചിറകുകളടക്കം അഴിച്ചു മാറ്റി ചരക്ക് വിമാനത്തില്‍ തിരികെ കൊണ്ടുപോകാനാണ് തീരുമാനം.
ഇറാനെതിരെയുള്ള ഇസ്രാഈല്‍ വ്യാമാക്രമണത്തിലെ യുദ്ധ വിമാനമാണ് f35. കേരളതീരത്തു നിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനത്തിന് പ്രക്ഷുബ്ധമായ കടലും കാറ്റും കോളും നിറഞ്ഞ കാലാവസ്ഥയുമാണ് തിരിച്ചിറക്കലിന് പ്രതിസന്ധി സൃഷ്ടിച്ചത്.
ഏറെനേരം ആകാശത്ത് വട്ടമിട്ടു പറന്ന വിമാനത്തിന് ഒടുവില്‍ ഇന്ത്യന്‍ പ്രതിരോധ വകുപ്പിന്റെ അനുമതിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. വിമാനത്തിന്റെ കേടുപാടുകള്‍ പരിഹരിച്ചു തിരികെ കൊണ്ടു പോകാന്‍ ബ്രിട്ടീഷ് കപ്പലില്‍ നിന്ന് സൈനിക ഹെലികോപ്റ്ററും സാങ്കേതിക സംഘവും എത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.