പത്തനംതിട്ട: എരുമേലിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ക്ഷേത്ര നിർമ്മാണം തടഞ്ഞ് ഹൈക്കോടതിയുടെ ഉത്തരവ്. വാപുര സ്വാമി ക്ഷേത്രത്തിൻ്റെ നിർമാണമാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് തടഞ്ഞത്. ഹൈക്കോടതി ദേവസ്വം ബെഞ്ചിൻ്റേതാണ് ഇടക്കാല ഉത്തരവ്. എരുമേലി ഗ്രാമ പഞ്ചായത്തിന് നിർദ്ദേശത്തെ തുടർന്നാണ് നിർമാണം തടഞ്ഞത്.
നിർമ്മാണം തടയാനും നടപടിയെടുക്കാനും എരുമേലി ഗ്രാമ പഞ്ചായത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമായ സുരക്ഷ നൽകാൻ എരുമേലി പൊലിസിനും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കെട്ടിട നിർമ്മാണ അനുമതി തേടാതെയാണ് ക്ഷേത്ര നിർമ്മാണം ആരംഭിച്ചതെന്ന് എരുമേലി ഗ്രാമ പഞ്ചായത്ത് കോടതിയിൽ പറഞ്ഞു. ക്ഷേത്ര നിർമ്മാണവുമായി ബന്ധമില്ലെന്ന് വിശ്വ ഹിന്ദു പരിഷത്തും ഹൈക്കോടതിയിൽ വ്യക്തമാക്കി. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ എരുമേലി SHO ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകണം.
തിങ്കളാഴ്ച പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഈ നടപടി. തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശി പി ജോഷി എന്നയാളുടെ സ്ഥലത്തായിരുന്നു ക്ഷേത്ര നിര്‍മാണം. കേരള പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് മതിയായ അനുമതി വാങ്ങിയിട്ടില്ല എന്ന് എരുമേലി ഗ്രാമ പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്.