• Sun. Aug 9th, 2026

24×7 Live News

Apdin News

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Byadmin

Aug 9, 2026


തിരുവനന്തപുരം: എറണാകുളത്ത് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് കേരള സര്‍ക്കാര്‍ ഔദ്യോഗിക അനുമതി നല്‍കി. നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം ആലുവ താലൂക്കിലെ ചെങ്ങമനാട് വില്ലേജില്‍ 10.1312 ഹെക്ടര്‍ ഭൂമി തരംമാറ്റാനാണ് കൃഷി വകുപ്പ് ഇന്നലെ ഉത്തരവിറക്കിയത് (G.O NO. 61/2026/AGRI). 2008ലെ കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് 10(2) പ്രകാരമാണ് ഈ നടപടി. കേരള സ്‌പോര്‍ട്‌സ് നയം 2023, കേരള സ്‌പോര്‍ട്‌സ് ആക്ട് 2025, കേരള സ്‌പോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് സ്‌കീം 2025 എന്നിവയുടെ അടിസ്ഥാനത്തില്‍ പദ്ധതിയെ ‘പൊതു ആവശ്യം’ ആയി പരിഗണിച്ചാണ് അനുമതി നല്‍കിയിട്ടുള്ളത്. പരിസ്ഥിതി സംരക്ഷണവും ജലസംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള നിര്‍ബന്ധ വ്യവസ്ഥകളും സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് സമര്‍പ്പിച്ച അപേക്ഷ സംസ്ഥാനതല സമിതി വിശദമായി പരിശോധിച്ച് തരംമാറ്റത്തിന് ശുപാര്‍ശ ചെയ്തിരുന്നു. എങ്കിലും നിയമപരമായ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം അപേക്ഷ അംഗീകരിക്കപ്പെട്ടിരുന്നില്ല. തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്ത്രി കെ. രാജന്‍, സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍, കൃഷി മന്ത്രി പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ പദ്ധതിക്കായി നിയമഭേദഗതി കൊണ്ടുവരികയും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവസാന ക്യാബിനറ്റില്‍ പദ്ധതിയെ ‘പൊതു ആവശ്യം’ ആയി പ്രഖ്യാപിക്കുകയുമായിരുന്നു. അതോടൊപ്പം കെ.സി.എയ്‌ക്ക് ഭൂപരിഷ്‌കരണ നിയമത്തിലും ഇളവ് അനുവദിക്കുകയും ചെയ്തു.

തുടര്‍ന്ന് പദ്ധതി എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ നേരിട്ട് ഇടപെടുകയും കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, കായിക വകുപ്പ് മന്ത്രി ഒ.കെ. ജനീഷ് എന്നിവര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് കെ.സി.എ സമര്‍പ്പിച്ച അപേക്ഷ സംസ്ഥാനതല സമിതി വീണ്ടും പരിശോധിച്ച് അന്താരാഷ്‌ട്ര പദ്ധതിക്കായി തരംമാറ്റത്തിന് ശുപാര്‍ശ നല്‍കുകയും ചെയ്തു. ആ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായി അംഗീകരിക്കുകയായിരുന്നു.

കേരളത്തിലെ കായിക അടിസ്ഥാന സൗകര്യ വികസനത്തില്‍ നാഴികക്കല്ലായ തീരുമാനമാണിതെന്ന് കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായര്‍ പറഞ്ഞു. നിര്‍ദ്ദിഷ്ട അന്താരാഷ്‌ട്ര സ്റ്റേഡിയം ക്രിക്കറ്റ് താരങ്ങള്‍ക്കും ആരാധകര്‍ക്കും ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കും. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങള്‍ക്ക് വേദിയാകുന്നതോടെ കായിക ടൂറിസവും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയും കുതിച്ചുയരും. പദ്ധതിക്കായി ബി.സി.സി.ഐയുടെ അനുമതി നേടുന്നതിനും സര്‍ക്കാരുകളുമായി ഫലപ്രദമായി ഏകോപനം നടത്താനും മുന്‍ കെ.സി.എ പ്രസിഡന്റും നിലവിലെ ഡബ്ല്യു.പി.എല്‍ ചെയര്‍മാനുമായ ജയേഷ് ജോര്‍ജ് നടത്തിയ ശ്രമങ്ങളെ കെ.സി.എ പ്രത്യേകം ഓര്‍ത്തു.

ബി.സി.സി.ഐ ഭാരവാഹികളും ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റിയും പദ്ധതി പ്രദേശം ഉടന്‍ സന്ദര്‍ശിക്കുമെന്ന് ബി.സി.സി.ഐ ഡബ്ല്യു.പി.എല്‍ ചെയര്‍മാനും കെസിഎ മുന്‍ പ്രസിഡന്റുമായ ജയേഷ് ജോര്‍ജ് വ്യക്തമാക്കി. മുന്‍പ് കേരളത്തില്‍ നടന്ന ഐ.പി.എല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഐ.സി.സി ചെയര്‍മാന്‍ ജയ് ഷാ പദ്ധതി പ്രദേശം നേരിട്ട് സന്ദര്‍ശിക്കുകയും തുടര്‍നടപടികള്‍ക്കായി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

എല്ലാ പാരിസ്ഥിതിക മാനദണ്ഡങ്ങളും പൂര്‍ണ്ണമായി പാലിച്ച് സുസ്ഥിരവും ലോകോത്തരവുമായ സ്റ്റേഡിയം കേരളത്തിന് സമ്മാനിക്കുമെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാര്‍ വ്യക്തമാക്കി. പദ്ധതിയില്‍ ക്രിക്കറ്റിന് പുറമെ മറ്റ് കായിക ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഉള്‍പ്പെടുത്തുമെന്ന് അറിയിച്ച അദ്ദേഹം സ്റ്റേഡിയം നിര്‍മ്മാണം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചു.



By admin