സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ താരം ഹർമൻപ്രീത് കൗറിനെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം വേദ കൃഷ്ണമൂർത്തി.
സിംബാബ്‌വെയെ ഇന്ത്യ 3-0ന് പരമ്പര തൂത്തുവാരിയപ്പോൾ ഹർമൻപ്രീത് കാഴ്ചവെച്ച പ്രകടനം വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ടീമിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് വേദ പറഞ്ഞു.
ഹർമൻപ്രീത് ഇനി ഇന്ത്യയുടെ നായികയല്ലെങ്കിലും, ബാറ്റിംഗ് നിരയിൽ അവരുടെ സാന്നിധ്യവും അനുഭവസമ്പത്തും ടീമിന് നിർണായകമാണെന്ന് അവർ വ്യക്തമാക്കി.
ടീമിലെ പ്രാധാന്യവും ഫോമിലേക്കുള്ള തിരിച്ചുവരവും
“അവരില്‍ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്നതും അതുതന്നെയാണ്. ഇപ്പോള്‍ ക്യാപ്റ്റനല്ലെങ്കിലും, ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി സീസണില്‍ ഇന്ത്യക്ക് ഒഴിച്ചുകൂടാനാവാത്ത പ്രധാന ബാറ്റ്‌സ്മാൻമാരിൽ ഒരാളാണ് ഹർമൻ.
ഹര്‍മാനെപ്പോലുള്ള ഒരാളുടെ അനുഭവം ടീമിനൊപ്പം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്, പ്രത്യേകിച്ച് അവർ റണ്‍സ് കണ്ടെത്തുമ്പോൾ. അതിനാൽ തന്നെ താരം വീണ്ടും ഫോമിലേക്ക് തിരിച്ചെത്തുന്നത് കാണാൻ കഴിഞ്ഞത് വലിയൊരു ആശ്വാസമാണ്,” വേദ ജിയോസ്റ്റാറിനോട് വ്യക്തമാക്കി.
വികാരങ്ങളും അഭിനിവേശവും പ്രകടിപ്പിക്കുന്ന താരം
ബാറ്റിംഗ് പ്രകടനത്തിനൊപ്പം ഹർമൻപ്രീതിന്റെ വൈകാരിക പ്രതികരണങ്ങളും കളിയോടുള്ള അവരുടെ ആത്മാർത്ഥതയുമാണ് വേദയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചില കളിക്കാർ വികാരങ്ങൾ പുറത്തുകാണിക്കാതിരിക്കാറുണ്ടെങ്കിലും, ഹർമൻപ്രീത് അങ്ങനെയല്ലെന്ന് വേദ ഓർമ്മിപ്പിച്ചു.
“ക്രിക്കറ്റ് കളിക്കുമ്പോൾ കളിക്കാർക്ക് കടുത്ത അഭിനിവേശം ഉണ്ടാകും, ആ അഭിനിവേശം പലപ്പോഴും വികാരങ്ങളായി പുറത്തുവരും.
മുൻകാലങ്ങളിലും ഹർമൻ തന്റെ വികാരങ്ങൾ മറച്ചുവെക്കാതെ പ്രകടിപ്പിച്ചിട്ടുണ്ട്. അവൾ ഹൃദയം തുറന്ന് പെരുമാറുന്ന ഒരാളാണ്.
ചിലപ്പോൾ നിങ്ങൾക്ക് എല്ലാം ഉള്ളിൽ ഒതുക്കി നിർത്താൻ കഴിയില്ല. നിങ്ങൾ മനസ്സ് തുറന്ന് സ്വയം പ്രകടിപ്പിക്കുമ്പോൾ നിങ്ങൾക്ക് വലിയ ആശ്വാസം തോന്നും.
അതിനുശേഷമാണ് അവളെ മൈതാനത്ത് വീണ്ടും പുഞ്ചിരിച്ചും സന്തോഷത്തോടെയും നമ്മൾ കണ്ടത്. ഹർമൻ എപ്പോഴും അങ്ങനെയാണ്,” വേദ കൃഷ്ണമൂർത്തി കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന പ്രധാന ടൂർണമെന്റുകളിൽ ഈ ആത്മവിശ്വാസവും മികച്ച ഫോമും നിലനിർത്തി ടീമിനായി വലിയ സംഭാവനകൾ നൽകാൻ ഹർമൻപ്രീത് കൗറിന് കഴിയുമെന്നാണ് ആരാധകരുടെയും സഹതാരങ്ങളുടെയും പ്രതീക്ഷ.