കൊച്ചി: ഫലപ്രദചികിത്സ കുറവാണെങ്കിലും നിപാ വൈറസ് വ്യാപന ഭീഷണി പരിമിതമായത് ആശങ്കയൊഴിവാക്കുന്നുണ്ടെന്ന് വിദഗ്ധര്‍. എല്ലാ വര്‍ഷവും ഒരേ കാലയളവില്‍ വൈറസ്ബാധ പ്രതീക്ഷിക്കാമെന്നും വിലയിരുത്തല്‍. 2018-ലാണ് നിപ കേരളത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അന്ന് 18 പേര്‍ മരിച്ചു. പിന്നീട് എല്ലാ വര്‍ഷങ്ങളിലും കൃത്യമായ ഇടവേളകളില്‍ രോഗം പ്രത്യക്ഷപ്പെട്ടെങ്കിലും മരണസംഖ്യ കുറഞ്ഞു.
കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ 25 ല്‍ പരം പേരാണ് നിപ ബാധിതരായി മരിച്ചത്. മേയ്-സെപ്റ്റംബര്‍ കാലയളവിലാണ് കഴിഞ്ഞ ഏഴുവര്‍ഷമായി സംസ്ഥാനത്ത് നിപ ബാധ കണ്ടുവരുന്നത്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഇക്കുറി രോഗബാധ പ്രത്യക്ഷപ്പെട്ടത്. ഈ വര്‍ഷം ഒരാള്‍ മരണത്തിനു കീഴടങ്ങി. മറ്റൊരാള്‍ ചികിത്സയിലാണ്.
കോവിഡിന്റേതിനു സമാനമായി നിപ വൈറസിന് ജനിതകമാറ്റം സംഭവിക്കുന്നുണ്ട്. മനുഷ്യരിലേക്കെത്തുന്ന വൈറസിനുണ്ടാകുന്ന ജനിതകമാറ്റം രോഗപ്പകര്‍ച്ചയ്ക്ക് ഇടവരുത്തുംവിധമാണെങ്കില്‍ ആശങ്കാജനകമാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. നിലവില്‍ മനുഷ്യനില്‍ നിന്നുള്ള വൈറസ് വ്യാപനത്തില്‍ പകര്‍ച്ചവീര്യം കുറയുന്നതായാണ് കണ്ടുവരുന്നത്. പനിയും മസ്തിഷ്‌കജ്വരവുമാണ് ലക്ഷണങ്ങള്‍. നിപ മൂര്‍ധന്യാവസ്ഥയില്‍ എത്തുമ്പോള്‍ രോഗികളില്‍ വൈറസുകളുടെ സംഖ്യ വര്‍ധിക്കും. ഈ അവസരത്തില്‍ മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യത ഏറെയാണ്.
2018 ല്‍ കോഴിക്കോട് ആശുപത്രിയില്‍ രോഗിയോടൊപ്പം സഹവസിച്ചവരിലാണ് നിപ കൂടുതല്‍ പകര്‍ന്നത്. പഴം തീനി വവ്വാലുകളാണ് നിപയുടെ ഉറവിടം. വൈറസ് ബാധിച്ച ആദ്യരോഗിയെ കണ്ടെത്തി കൃത്യമായ ചികിത്സ നല്‍കിയാല്‍ രോഗപ്പകര്‍ച്ച ഒഴിവാക്കാമെന്നാണു വിദഗ്ധരുടെ പക്ഷം.
വവ്വാലുകള്‍ ധാരാളമുള്ള കേരളത്തില്‍ അവയെ ഒഴിവാക്കുക അസാധ്യമാണ്. അതിനാല്‍ നിപാഭീതി ഭാവിയിലും പ്രതീക്ഷിക്കാം.
എന്നാല്‍, എല്ലാ വവ്വാലുകളിലും വൈറസ് ഇല്ലെന്നത് ആശ്വാസകരമാണ്. വവ്വാലുകളെ ആക്രമിച്ചാല്‍ സമ്മര്‍ദഫലമായി അവ കൂടുതല്‍ വൈറസിനെ പുറന്തള്ളുമെന്നും അതിനാല്‍ അവയെ തുരത്താനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.