• Wed. Nov 4th, 2026

24×7 Live News

Apdin News

എസ്എഫ്‌ഐ അഹന്തയ്‌ക്ക് ഹൈക്കോടതിയുടെ പ്രഹരം: സസ്‌പെൻഷനിലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ വിലക്ക്

Byadmin

Nov 4, 2026


കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ വിസി സിസ തോമസിനെ ആക്രമിക്കുകയും അവഹേളിക്കുകയും അവരുടെ പ്രതീകാത്മക ശവദാഹം നടത്തുകയും ചെയ്ത എസ്എഫ്‌ഐക്കാർ പരീക്ഷ എഴുതുന്നതിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിലക്ക്. മാപ്പ് പറഞ്ഞാൽ പരീക്ഷാ എഴുതിക്കാം എന്ന സിൻഡിക്കേറ്റിന്റെ തീരുമാനത്തെ പോലും പുച്ഛിച്ചു തള്ളി, മാപ്പു പറയാൻ ഞങ്ങൾ ആർ എസ്എസുകാരല്ല എന്ന് അധിക്ഷേപിച്ചവരുടെ അഹന്തയ്‌ക്കുള്ള കനത്ത അടിയായി ഹൈക്കോടതി വിധി.
വിസിയുടെ ‘ശവദാഹം’ നടത്തിയതിന് സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. സർവകലാശാലാ ചട്ടങ്ങൾക്ക് വിരുദ്ധമാണ് ഉത്തരവെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇന്ന് ആരംഭിക്കുന്ന പരീക്ഷകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് അനുമതി നൽകിയതിനെതിരെ സർവകലാശാലയും വൈസ് ചാൻസലറും സിൻഡിക്കേറ്റും നൽകിയ അപ്പീലിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.
പിഎച്ച്ഡി ഗവേഷണ വിദ്യാർത്ഥികൾ ഒഴികെയുള്ള ഹർജിക്കാരിൽ നിന്ന് പരീക്ഷാ ഫീസ് സ്വീകരിക്കാനും, പരീക്ഷകളിൽ പങ്കെടുക്കാൻ അനുവദിക്കാനും സർവകലാശാലയോട് നിർദേശിച്ച സിംഗിൾ ബെഞ്ചിന്റെ നടപടി തെറ്റാണ്. ഹാജർ കുറവ് നികത്താനുള്ള അപേക്ഷയോ, പരീക്ഷാ വിജ്ഞാപന പ്രകാരമുള്ള മറ്റ് അപേക്ഷകളോ സമർപ്പിക്കാതെ തന്നെ പരീക്ഷ എഴുതാൻ ഹർജിക്കാരെ അനുവദിക്കുന്നതായിരുന്നു ഇടക്കാല ഉത്തരവ്. എന്നാൽ, ഹാജർ സർട്ടിഫിക്കറ്റ്, പ്രോഗ്രസ് റിപ്പോർട്ട്, പരീക്ഷാ ഫീസ് അടച്ചതിന്റെ രേഖകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ സഹിതം വകുപ്പ് മേധാവികളോ അതത് സെന്റർ ഡയറക്ടർമാരോ വഴിയാണ് ഇത്തരം അപേക്ഷകൾ സമർപ്പിക്കേണ്ടിയിരുന്നത്.
ചട്ട വിരുദ്ധമായി പ്രവർത്തിക്കാൻ സർവകലാശാലയോട് നിർദേശിക്കാൻ ഒരു കോടതിക്കും അധികാരമില്ല. സർവകലാശാലയുടെ സ്റ്റാൻഡിംഗ് കോൺസലിന് ആവശ്യമായ നിർദേശങ്ങൾ തേടാൻ അവസരം നൽകാതെയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതെന്നും ബെഞ്ച് നിരീക്ഷിച്ചു. എതിർകക്ഷികളുടെ അവകാശങ്ങളെ കാര്യമായി ബാധിക്കുന്നതാണ് ഉത്തരവെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ച് അത് റദ്ദാക്കിയത്.
സസ്പെൻഡ് ചെയ്യപ്പെട്ട പാലക്കാട് സ്വദേശി അർച്ചന പി.എസ്. ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ, സസ്പെൻഷനെതിരെയും പരീക്ഷ എഴുതാൻ അനുമതി തേടിയും സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു. വൈസ് ചാൻസലർക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, പരീക്ഷാ രജിസ്ട്രേഷന് ആവശ്യമായ കുറഞ്ഞ ഹാജർ നിലയും ഇന്റേണൽ അസസ്‌മെന്റ് മാർക്കുകളും ഇവർക്കുണ്ടോ എന്ന് പരിശോധിക്കാതെയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതെന്നും സർവകലാശാല ബോധിപ്പിച്ചു. പരീക്ഷ എഴുതാൻ 88 ശതമാനം ഹാജർ വേണം എന്നിരിക്കെ 31 ശതമാനം മാത്രമാണ് അർച്ചനയുടെ ഹാജർ. മറ്റുള്ളവർക്കും 40 ശതമാനത്തിനു താഴെ മാത്രമാണ് ഹാജർ.

By admin